1470-490

കടലുണ്ടിപുഴയില്‍ മണലും മലിന്യങ്ങളും നീക്കം ചെയ്തില്ല; സി.പി.എം പ്രതിഷേധം

കടലുണ്ടിപുഴയില്‍ മണലും മലിന്യങ്ങളും നീക്കം ചെയ്തില്ല;  പരപ്പനങ്ങാടി നഗരസഭ കൗണ്‍സില്‍ യോഗത്തിലേക്ക് ഇരച്ചുകയറി സി.പി.എം പ്രവര്‍ത്തകരുടെ പ്രതിഷേധം  
പരപ്പനങ്ങാടി: കടലുണ്ടിപുഴയില്‍ പാലത്തിങ്ങല്‍, കീരനല്ലൂര്‍ ന്യൂക്കട്ട് ഭാഗങ്ങളില്‍ പ്രളയത്തില്‍ അടിഞ്ഞുകൂടിയ മണലും മലിന്യങ്ങളും സമയബന്ധിതമായി നീക്കം ചെയ്യാത്തതില്‍ സി.പി.എം പ്രവര്‍ത്തകര്‍ പരപ്പനങ്ങാടി നഗരസഭ കൗണ്‍സില്‍ യോഗത്തിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ചു. ഇന്ന് രാവിലെ കൗണ്‍സില്‍ യോഗം നടക്കുന്നതിനിടെ സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഹാളിലെത്തി ഒരുമണിക്കൂറോളം കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു.  ഇതേ തുടര്‍ന്ന് യോഗനടപടികള്‍ തടസ്സപ്പെട്ടു.തുടർന്ന് പോലീസ് എത്തി പ്രതിഷേധവുമായെത്തിയ എ.പി. മുജീബ്, വി.പി മൊയ്തീന്‍, കെ. അഫ്താബ്, മമ്മിക്കാനകത്ത് ഷമീര്‍, ഫൈസല്‍, എന്‍.കെ. റഫീഖ് എന്നിവരെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. പിന്നീട് സ്റ്റേഷൻ ജ്യാമ്യത്തിൽ ഇവരെ വിട്ടയച്ചു.  
കാലവര്‍ഷത്തിന് മുന്‍പ് അടിഞ്ഞുകൂടിയ മണലടക്കമുള്ള മാലിന്യങ്ങള്‍ നഗരസഭ ഇടപെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ മറ്റൊരിടത്തേക്ക് മാറ്റണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നഗരസഭ ചെയര്‍ പേഴ്‌സണ്‍ വി.വി ജമീല ടീച്ചര്‍ക്കും, സെക്രട്ടറി ഡി. ജയകുമാര്‍ എന്നിവര്‍ക്ക് പ്രവർത്തകർ നിവേദനം നല്‍കി.  കഴിഞ്ഞ രണ്ടു പ്രളയങ്ങളിലുമായി ഈ മേഖലയില്‍ മൂപ്പത്തിയൊന്നായിരം മെട്രിക്ക് ടണ്‍ മണ്ണ് ഇവിടെ അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് കണക്ക്. ഇത് കാലവര്‍ഷത്തിന് മുന്‍പ് നീക്കം ചെയ്തില്ലെങ്കിൽ അടുത്തൊരു പ്രളയത്തിന് കൂടി പരപ്പനങ്ങാടി സാക്ഷിയാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസം നഗരസഭയിൽ ലേലം നടന്നിരുന്നെങ്കിലും മണ്ണിന് നിശ്ചയിച്ച വില വളരെയധികം കൂടുതലായത് കാരണത്താലാണ് ആരും ലേലം ഏറ്റെടുക്കാതെ പോയത്. കാലവർഷം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, മഴക്ക് മുമ്പായി ലേലനടപടികൾക്ക് കാത്തുനിൽക്കാതെ ഇവ നീക്കം ചെയ്യേണ്ടതുണ്ട്. സംഭവം വൈകുന്നതിൽ നാട്ടുകാരും പ്രതിഷേധത്തിലാണ്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689