1470-490

കാരുണ്യഹസ്തം നീട്ടി സേവാഭാരതി

കെ.പത്മകുമാർ കൊയിലാണ്ടി

കാരുണ്യഹസ്തം നീട്ടി സേവാഭാരതി ; രാധയ്ക്ക് തല ചായ്ക്കാം ഇനി മഴ നനയാതെ

കൊയിലാണ്ടി: ഇത്തവണ കാലവർഷം തിമർത്താലും കണ്ണീർ പൊഴിക്കാതെ രാധയ്ക്കും കുടുംബത്തിനും സ്വസ്ഥമായി തല ചായ്ക്കാം. കൊയിലാണ്ടി കൊല്ലം എസ്സ്.എൻ.ഡി.പി.കോളജിന് സമീപം കുന്നിയോറ മലയിൽ രാധയ്ക്ക് കാരുണ്യത്തിന്റെ കൈത്താങ്ങായി ഒടുവിൽ സേവാഭാരതി പ്രവർത്തകർ എത്തി. തകർന്ന മേൽക്കൂരയ്ക്ക് കീഴിൽ വർഷങ്ങളായി മഴയും വെയിലുമേറ്റ് നരകതുല്യമായ ജീവിതം നയിക്കേണ്ടി വന്ന രാധക്കും കുടുംബത്തിനും ഈ മഴക്കാലമെങ്കിലും നെഞ്ച് പിടക്കാതെ അന്തിയുറങ്ങാം. മഴയേറ്റ് ജീർണ്ണിച്ച ചുമരിന് മേൽ നിലം പൊത്താറായ നിലയിൽ തൂങ്ങി നിന്നിരുന്ന ഫ്ലക്സുകളും പ്ലാസ്റ്റിക്ക് ഷീറ്റുകളും നീക്കി പുതിയ ടാർപോളിൻ വിരിച്ച് സന്നദ്ധ സേവകർ രാധയുടെ വീടിന് താല്കാലിക മേൽക്കൂരയൊരുക്കി. അതോടെ നിരാലംബയായ ആ അറുപത്തഞ്ചുകാരി വീട്ടമ്മയുടെ നെഞ്ചിൽ ആശ്വാസത്തിന്റെ കുളിർ പടർന്നു.ചെങ്ങോട്ടുകാവ് നന്തി ബൈപ്പാസ് കടന്നു പോകുന്ന കുന്നിയോറ മലയിലെ നാല് സെന്റ് ഭൂമിയിലെ നാല് ചുവരുകൾക്കുള്ളിലിരുന്നാണ് ഓരോ കാലവർഷവും രാധയും മകളും പേരമകനും രാപ്പകൽ തളളി നീക്കിയിരുന്നത്. മഴ ഒന്ന് കനത്ത് പെയ്താൽ തൊട്ടടുത്തുള്ള വായനശാലയിൽ അഭയം തേടും. മഴ തോരാത്ത ദിവസങ്ങളിൽ സ്വയം ശപിച്ച് കണ്ണീർ പൊഴിക്കും. തുഛമായ ക്ഷേമ പെൻഷൻ കരുതി വെച്ച് പട്ടിണിയില്ലാതെ ജീവിതം മുന്നോട്ട് നീക്കുന്നതിനിടെ അടുത്ത കാലവർഷമെത്തും. പിന്നെ ആ അമ്മയുടെ ഇടനെഞ്ചിൽ കാറ്റും കോളുമാവും. മഴ നനയാതെ തല ചായ്ക്കാൻ ഒരിടം എന്ന ചിന്ത ചോദ്യ ചിഹ്നമായി അവരെ പിന്തുടരും. ദേശീയപാത ബൈപ്പാസിന് വേണ്ടി അക്വയർ ചെയ്ത സ്ഥലമായതിനാൽ വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താനാവാത്തതാണ് ഈ കുടുംബത്തിന് തീരാവിനയായി മാറിയത്. രാധയുടെയും മകളുടെയും ദുരിത ജീവിതം പ്രദേശിക ചാനലുകളിൽ വാർത്തയായതോടെ കൊയിലാണ്ടി സേവഭാരതി ഇടപെടുകയായിരുന്നു. തുടർന്ന് ആവശ്യമുള്ള സാമഗ്രികൾ എത്തിച്ച് പ്രവർത്തകർ വീടിന്റെ മേൽക്കൂര സജ്ജമാക്കി. സ്ഥിരമായി വീട് വെച്ച് നൽകാൻ സാങ്കേതികമായ തടസ്സങ്ങളുള്ളതിനാലാണ് താല്കാലികമായി കെട്ടുറപ്പുള്ള മേൽക്കുര ഒരുക്കിയത്. മഴ നനയാതെ ‘അന്തിയുറങ്ങണമെന്ന ഈ അമ്മയുടെ ആവശ്യം നിറവേറ്റി കഴിഞ്ഞ ദിവസം സേവാഭാരതി പ്രവർത്തകർ മടങ്ങുകയായിരുന്നു. സേവാ ഭാരതി ജില്ലാ സിക്രട്ടറി വി.എം.മോഹനൻ, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സേവാ പ്രമുഖ് കെ.എം.രജി, മോഹനൻ കല്ലേരി, സജിത്ത് .എം.വി, കെ.കെ.മുരളി എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253