നടുവിലെ സീറ്റ് ഒഴിച്ചിടണം

വിദേശ മലയാളികളെ മടക്കി കൊണ്ടുവരുന്ന വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി. കൊവിഡ് വ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കേണ്ടത് അനിവാര്യമാണെന്നും അതിനാൽ നടുവിലെ സീറ്റ് ഒഴിച്ചിടേണ്ടത് സാമാന്യബോധമാണെന്നും കോടതി പറഞ്ഞു. വന്ദേഭാരത് മിഷന്റെ ഭാഗമായി വിദേശ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു വരുമ്പോൾ നടുവിലത്തെ സീറ്റിലും യാത്രക്കാരെ ഇരുത്താനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തെയാണ് സുപ്രിംകോടതി ചോദ്യം ചെയ്തത്. സീറ്റ് വ്യത്യാസമില്ലാതെ വരുന്ന എല്ലാ യാത്രക്കാരെയും കൊവിഡ് ടെസ്റ്റിന് വിധേയമാക്കണമെന്നും വിദഗ്ധരുമായി ചേർന്ന യോഗത്തിനുശേഷമാണ് ഇടയ്ക്കുള്ള സീറ്റിൽ യാത്രക്കാരെ ഉൾക്കൊളിക്കാനുള്ള തീരുമാനം എയർ ഇന്ത്യ കൈക്കൊണ്ടതെന്നുമായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രിംകോടതിയെ അറിയിച്ചത്.
ജൂൺ 16 വരെയുള്ള ടിക്കറ്റ് ബുക്കിംഗ് പൂർത്തിയായെന്നും സോളിസിറ്റർ ജനറൽ അറിയിച്ചു. എന്നാൽ അടുത്ത പത്തു ദിവസത്തേക്ക് കൂടി മാത്രമെ നടുവിലെ സീറ്റിൽ ആളെയിരുത്തിയുള്ള യാത്ര അനുവദിക്കൂവെന്നാണ് സുപ്രിം കോടതി അറിയിച്ചത്. നിലവിൽ ചാർട്ട് ചെയ്ത സർവീസുകൾ കഴിഞ്ഞാൽ നടുവിലത്തെ സീറ്റ് ഒഴിച്ചിട്ട് മാത്രമെ യാത്ര നടത്താവൂ എന്നും കോടതി നിർദേശിച്ചു. സാമൂഹിക അകലം പാലിക്കണം എന്നത് സാമാന്യബോധമാണ്. പുറത്ത് ആറടി അകലമെങ്കിലും പാലിക്കണം, വിമാനത്തിനുള്ളിൽ എങ്ങനെയാണെന്നും നിരീക്ഷണങ്ങൾക്കിടയിൽ ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡേ എയർ ഇന്ത്യയോടു ചോദിച്ചു. സീറ്റിൽ ആളെ നിറച്ചു കൊണ്ടു പോകുന്നത് വൈറസ് ബാധയ്ക്ക് ഇടയാക്കില്ലെന്നു എങ്ങനെ പറയാൻ സാധിക്കുമെന്നും വിമാനത്തിനുള്ളിലാണെന്നും ആരെയും ബാധിക്കരുതെന്നും വൈറസിന് അറിയാമോയെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു. അടുത്തിരുന്നാൽ വൈറസ് വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നും എ എസ് ബോബ്ഡേ പറഞ്ഞു.
നടുവിലെ സീറ്റ് ഒഴിച്ചിടണമെന്ന ഡിജിസിഎ മാർഗനിർദേശം വന്ദേഭാരത് ദൗത്യത്തിലേർപ്പെട്ട എയർഇന്ത്യ വിമാനങ്ങൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എയർ ഇന്ത്യ പൈലറ്റ് ആയ ദേവേൻ യോഗേഷ് കനാനിയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ഈ മാർഗനിർദേശം അസാധുവാണെന്ന് എയർ ഇന്ത്യ കോടതിയെ അറിയിച്ചു. എന്നാൽ സീറ്റ് നൽകുന്നത് നിർത്തലാക്കണമെന്ന് ബോബെ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഇതേ തുടർന്നാണ് എയർ ഇന്ത്യയും കേന്ദ്രസർക്കാരും സുപ്രിംകോടതിയെ സമീപിച്ചത്.
Comments are closed.