1470-490

ഇന്റര്‍നെറ്റ് വേഗതയില്‍ ലോക റെക്കോഡ്

ഇന്റര്‍നെറ്റ് വേഗതയില്‍ സെക്കന്‍ഡില്‍ 44.2 ടെറാബൈറ്റ് എന്ന ലോക റെക്കോര്‍ഡ് നേട്ടം കൈവരിച്ച് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍. അതായത് ഒരു സെക്കന്‍ഡില്‍ ആയിരം എച്ച്ഡി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാനാവും.

മൊണാഷ്, സ്വിന്‍ബണ്‍, ആര്‍എംഐടി സര്‍വകലാശാലകളിലെ സംഘം മെല്‍ബണില്‍ നിലവിലുള്ള ആശയവിനിമയ ശൃംഖലയിലേക്ക് ഡാറ്റ കൈമാറുന്നതിന് നൂറുകണക്കിന് ഇന്‍ഫ്രാറെഡ് ലേസറുകള്‍ അടങ്ങുന്ന മൈക്രോ കോംപ് ഒപ്റ്റിക്കല്‍ ചിപ്പ് ആണ് ഉപയോഗിച്ചത്.

നിലവില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് ലഭിക്കുന്നത് സിംഗപ്പൂരിലാണ്. 197.3 എംബിപിഎസ് ആണ് അവിടുത്തെ വേഗത. ഓസ്‌ട്രേലിയയില്‍ ഇപ്പോഴത്തെ ശരാശരി ഡൗണ്‍ലോഡ് വേഗത 43.4 എംബിപിഎസ് ആണ്. ഇതിനേക്കാള്‍ 10 ലക്ഷം മടങ്ങ് അധിക വേഗതയാണ് പുതിയ പരീക്ഷണത്തില്‍ ഗവേഷകര്‍ കൈവരിച്ചിരിക്കുന്നത്.

മൈക്രോ കോംപ് നിലവിലുള്ള സാങ്കേതിക വിദ്യകളില്‍ ഏറെ ഉപയോഗപ്രദമാണ് എന്നതിനാല്‍ ഈ പുതിയ സാങ്കേതിക വിദ്യ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് ആഗോള തലത്തില്‍ മത്സരമുണ്ടെന്ന് മൊണാഷ് സര്‍വകലാശാലയിലെ ഡോ. ബില്‍ കോര്‍കോറന്‍ പറഞ്ഞു.

ജിബിപിഎസ് വേഗതയിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ സാങ്കേതിക ലോകം. അതിനിടയിലാണ് ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ ടെറാബൈറ്റ് വേഗത കൈവരിക്കുന്നത്.

ലോക്ക്ഡൗണ്‍ കാലത്ത് ഇന്റര്‍നെറ്റില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സാങ്കേതികമായ വികസിതമായ രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് ശൃംഖലയ്ക്ക് പോലും ജനങ്ങളെ ഉള്‍ക്കൊള്ളാനാവുന്നില്ല. ഈ സാഹചര്യത്തിലാണ് ഇനിയും മെച്ചപ്പെട്ട ആശയവിനിമയ സാങ്കേതിക വിദ്യകളുടെ അനിവാര്യത ലോകം തിരിച്ചറിയുന്നത്.

Comments are closed.