1470-490

എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ; ഒരുക്കങ്ങൾ പൂർത്തിയായി

മെയ് 26ന് തുടങ്ങുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള ക്രമീകരണങ്ങൾ ജില്ലയിൽ പൂർത്തിയായി. പൊതു വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിലാണ് പരീക്ഷ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയത്.
ജില്ലയിൽ 100090 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. വിദ്യാലയങ്ങളിലെ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ ഫോണിൽ വിളിച്ച് പരീക്ഷയ്ക്ക് എത്തുന്നത് ഉറപ്പാക്കിയിട്ടുണ്ട്.
മറ്റു ജില്ലകളിൽ നിന്ന് തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി പ്രത്യേക ക്രമീകരണങ്ങൾ അതാത് ജില്ലകളിൽ നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഉപവിദ്യാഭ്യാസ ജില്ലകളായ ചാവക്കാട് 429, തൃശൂർ 102, ഇരിങ്ങാലക്കുട 83 കുട്ടികൾക്കും ഈ സേവനം ലഭ്യമാക്കി.
ജില്ലയിൽ പട്ടികവർഗ മേഖലയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ വേണ്ട സഹായങ്ങൾ ചെയ്യുന്നതിന് ജില്ലാ ട്രൈബൽ ഓഫീസറെ ചുമതലപ്പെടുത്തി.
പരീക്ഷ എഴുതുന്ന കുട്ടികളുടെ താപനില പരിശോധിക്കാൻ തെർമൽ സ്‌കാനർ സ്‌കൂളിൽ എത്തിക്കാനുള്ള നടപടികൾ ജില്ലാ പഞ്ചായത്ത് പൂർത്തിയാക്കും.
ജില്ലാ പഞ്ചായത്തിന്റെയും സമഗ്ര ശിക്ഷ കേരളയുടെയും നേതൃത്വത്തിൽ ജില്ലയിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്കായി 5,40,000 മാസ്‌കുകളും പൊതുവിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ അടങ്ങിയ ലഘുലേഖകളും വീടുകളിൽ എത്തിച്ചു.
സ്‌കൂളുകൾ കഴിഞ്ഞ രണ്ടു മാസമായി അടച്ചിട്ടിരുന്നതിനാൽ മെയ് 25ന് മുമ്പ് പരീക്ഷ ഹാളുകൾ, ഫർണിച്ചറുകൾ, സ്‌കൂൾ പരിസരം എന്നിവ പരീക്ഷ നടത്താനായി ശുചിയാക്കണം. ആരോഗ്യവകുപ്പ്, പിടിഎ, സന്നദ്ധസംഘടനകൾ, ഫയർഫോഴ്സ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായം ഇതിനായി പ്രയോജനപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികളെ തെർമൽ സ്‌കാനറിലൂടെ പരിശോധിച്ച് സാനിറ്റൈസ് ചെയ്ത് നേരെ പരീക്ഷ ഹാളിലേക്ക് എത്തിക്കണം. പരീക്ഷയ്ക്ക് മുൻപും ശേഷവും വിദ്യാർഥികളെ കൂട്ടംചേരാൻ അനുവദിക്കരുത്. വിദ്യാർഥികൾക്ക് മാസ്‌ക് ലഭ്യമാക്കി ശരിയായി ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തണം. ജില്ലയിൽ പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും പരീക്ഷ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നതിന് യാത്രാ സൗകര്യം പ്രധാന അധ്യാപകർ ഉറപ്പുവരുത്തിയിട്ടുണ്ട്.
തീരദേശത്ത് വിദ്യാലയങ്ങളിൽ ഫയർഫോഴ്‌സ്
അണുനശീകരണം നടത്തി
എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ മെയ് 26ന് പുനരാരംഭിക്കുന്നതിന്റെ ഒരുക്കങ്ങൾ തീരദേശത്ത് പൂർത്തിയായി. കയ്പമംഗലം നിയോജക മണ്ഡലത്തിൽ 13 സ്‌കൂളുകളിലായി 6448 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറാകുന്നത്.
വിദ്യാലയങ്ങൾ ഫയർഫോഴ്‌സിന്റെ സഹായത്തോടെ അണുനശീകരണം നടത്തിയിട്ടുണ്ട്, ഒരു ക്ലാസിൽ 20 കുട്ടികളെ മാത്രമാണ് പരീക്ഷക്ക് ഇരുത്തുന്നത്. ക്വാറന്റൈനിൽ ഇരിക്കുന്ന കുട്ടികളേയും പനി, ജലദോഷം എന്നിവയുള്ള കുട്ടികളെയും പ്രത്യേകമായി സജ്ജമാക്കിയ ക്ലാസ് മുറിയിൽ പരീക്ഷ എഴുതിക്കും. എല്ലാ കുട്ടികൾക്കും മാസ്‌കിന്റെയും സാനിറ്റൈസറിന്റെയും ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പരീക്ഷക്ക് എത്താൻ സ്വകാര്യ വാഹനങ്ങൾ കൂടാതെ കെ എസ് ആർ ടി സി ബസിന്റെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ വിദ്യാലങ്ങളിലും അതാത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടേയും പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിൽ യോഗം വിളിച്ച് ചേർത്ത് നിലവിലെ പ്രവർത്തനങ്ങൾ വിലയിരുത്തി പോരായ്മകൾ പരിഹരിക്കും. ഇ ടി ടൈസൺ മാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ മതിലകം ബ്ലോക്ക് പഞ്ചായത്തിൽ യോഗം വിളിച്ചു ചേർത്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി, മതിലകം ബി പി ഒ ടി എസ് സജീവൻ, ഡോ സാനു എം പരമേശരൻ, മതിലകം എസ് എച്ച് ഒ സി പ്രേമാനന്ദകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻുറമാർ തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.