1470-490

കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട

ഒന്നരക്കോടി വിലമതിക്കുന്ന കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കൊടുങ്ങല്ലൂരിൽ ഒന്നരക്കോടി വിലമതിക്കുന്ന 80 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ലോക് ഡൗണിന്റെ മറവിൽ പഴം പച്ചക്കറി ലോറികളിൽ വ്യാപകമായി കഞ്ചാവ് കടത്തൽ നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തിയ വ്യാപക പരിശോധനയിലാണ് പുല്ലൂറ്റ് നിന്ന് കഞ്ചാവ് പിടികൂടിയത്. പടിയൂർ തൊഴുതിങ്ങപുറത്ത് സജീവൻ മകൻ വാസു, എറണാകുളം വടക്കൻ പറവൂർ കാക്കനാട് വീട്ടിൽ നടേശൻ മകൻ സന്തോഷ് എന്നിവരാണ് പിടിയിലായത്.

പച്ചക്കറി വണ്ടികളിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയ ഇരിങ്ങാലക്കുട പോലീസിന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് ലോറിയിൽ നിന്നും ആദ്യം രണ്ട് കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ലോറി ഡ്രൈവർ മൂത്തകുന്നം വിടെപ്പറമ്പിൽ യദു, സഹായി ഗോതുരുത്ത് കല്ലറയ്ക്കൽ വീട്ടിൽ ബിജു എന്നിവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റു വിവരങ്ങൾ ലഭ്യമായത്. ലോറിയിൽ കൊണ്ടുവന്ന കഞ്ചാവ് മറ്റൊരു വണ്ടിയിൽ കയറ്റിവിട്ടതായി മനസ്സിലായി. തുടർന്ന് ആ വണ്ടിയെ പിന്തുടർന്ന് കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിലെ പുല്ലൂറ്റ് നിന്നും 78 കിലോഗ്രാം കഞ്ചാവ് സഹിതം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തമിഴ്നാട്ടിലെ പല സ്ഥലങ്ങളിൽ നിന്നായി വാങ്ങിക്കുന്ന കഞ്ചാവ് കേരളത്തിൽ തൃശൂരിൽ എത്തിച്ച് ആവശ്യക്കാർക്ക് നേരിട്ട് വിപണനം ചെയ്യുന്നതാണ് ഇവരുടെ രീതി. ഇപ്പോൾ പോലീസ് പരിശോധന കർശനമായി നടക്കുന്നതിനാലും കഞ്ചാവിന്റെ ലഭ്യത വളരെ കുറവായതിനാലും വൻ വില കിട്ടുന്നു എന്നതിനാലും കഞ്ചാവ് മാഫിയ പുതിയ മാർഗങ്ങളാണ് തേടുന്നത്. കേരളത്തിലേക്കും തിരിച്ചും ഭക്ഷ്യവസ്തുക്കളും, പച്ചക്കറികളും കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്യുന്ന വാഹനങ്ങളാണ് ഇക്കൂട്ടർ ഉന്നംവെയ്ക്കുന്നത്. ആന്ധ്രയിൽ നിന്നും ഇത്തരത്തിൽ റോഡ് മാർഗം തമിഴ്നാട്ടിൽ എത്തിക്കുന്ന കഞ്ചാവ്, ലോറി ഡ്രൈവർമാർക്ക് ഉയർന്ന തുക വാഗ്ദാനം ചെയ്താണ് കേരളത്തിലേക്ക് കടത്തുന്നത്.
ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എ എസ് ഐ ജയകൃഷ്ണൻ പി പി, ജോബ് സി ഷൈൻ, എസ് സി പി ഒമാരായ സൂരജ്.വി ദേവ്, ലിജു ഇയ്യാനി, മാനുവൽ എം വി, ഉമേഷ് കെ എസ്, മിഥുൻ കൃഷ്ണ, ഷറഫുദ്ദീൻ, സൈബർ സെൽ അംഗങ്ങൾ, ചാലക്കുടി സ്‌ക്വാഡംഗങ്ങൾ, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ എ എസ് ഐമാരും പോലീസുകാരും അടങ്ങിയ സംഘമാണ് കഞ്ചാവ് സഹിതം പ്രതികളെ അറസ്റ്റ് ചെയ്തത്.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069