1470-490

തൂലികത്തുമ്പിൽ അതിജീവനത്തിന്റെ സന്ദേശവുമായി സായിപ്രസാദ്

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: ദുരന്തകാലത്തിന്റെ ഇരുണ്ട ഭൂമികയിലിരുന്ന് ആത്മനൊമ്പരങ്ങളുടെ കറുത്ത ചായ സ്പർശമേൽക്കാതെ പ്രത്യാശയുടെയും അതിജീവനത്തിന്റെയും ചെറു ചെറു മിന്നാരങ്ങൾ തീർക്കുകയാണ് സായിപ്രസാദ് ചിത്രകൂടം എന്ന ചിത്രകാരൻ. മഹാമാരിയിൽ നടുങ്ങിയിരിക്കുന്ന നാടിന്റെ നന്മ മനസ്സുകളെ എത്രത്തോളം കൊട്ടിയടക്കപ്പെട്ടാലും കലാകാരന്മാർക്ക് ലോകത്തിന് മുന്നിൽ പൂർണ്ണമായും കൊട്ടിയടച്ചിരിക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യമാണ് ഇദ്ദേഹത്തിന്റെ ലോക് ഡൗൺ കാല ചിത്രരചനകളിൽ മിക്കവയിലും തെളിയുന്ന സന്ദേശം.”ദ മൂവിംഗ് ഏജ് ” എന്ന ടൈറ്റിലിൽ തീർത്ത സായിപ്രസാദിന്റെ സവിശേഷമായ പെയിന്റിംഗ് ഏറെ ശ്രദ്ധയാകർഷിക്കുന്നു. ഈ ദുരന്തകാലവും കടന്ന് മനുഷ്യൻ മുന്നോട്ടു തന്നെ പോകുമെന്നും കാലവും ചിന്തയും കാഴ്ചയും മാറി മറിഞ്ഞാലും ആപത്ഘട്ടങ്ങളെ അതിജീവിച്ച് പ്രത്യാശയുടെ തുരുത്തിലേക്ക് തന്നെ മനുഷ്യകുലം അതിവേഗം മുന്നേറുമെന്നും ഈ വർണ്ണചിത്രം സഹൃദയരോട് വിളിച്ചു പറയുന്നു. വിഖ്യാത ചിത്രകാരനായ പിക്കാസ്സോയുടെ ദുരന്ത സൂചകമായ “ഗോർണിക്ക ” യിൽ നിന്നും വ്യത്യസ്ഥമായി, ദുരന്തമുഖത്തേക്ക് കാലെടുത്ത് വെക്കുമ്പോഴും പ്രതീക്ഷ കെട്ടടങ്ങാത്ത പിന്നാമ്പുറങ്ങളിലെ സ്വപ്നതുല്യമായ ജീവിതത്തിലേക്ക് മനുഷ്യന്റെ ആർത്തിയോടെയുള്ള ഒരു ഒളിഞ്ഞുനോട്ടമായും “ദ മൂവിംഗ് ഏജ് ” മാറുന്നു. മിന്നാമിന്നികളുടെ പ്രകാശത്താൽ മനുഷ്യൻ മുന്നേറുന്നതോ അതൊ മനുഷ്യന്റെ ഉൾവെളിച്ചത്തിൽ മിന്നാമിനുങ്ങുകൾ പറന്നകലുന്നതോ എന്ന പാരസ്പര്യ ചിന്തയുടെ നിഗൂഢതയോടും ഈ സൃഷ്ടി സംവദിക്കുന്നു. ഒരർത്ഥത്തിൽ കാഴ്ചക്കാരന്റെ കണ്ണുകൾക്ക് ഇമേജുകളുടെ ശൃംഖല തീർക്കുകയാണ് അക്രിലിക് മാധ്യമത്തിൽ വലിയ കാൻവാസിൽ തീർത്ത പ്രസാദിന്റെ ഈ വർണ്ണചിത്രം. ഇരുപതാം നൂറ്റാണ്ടിലെ അതിഭാവുകത്വത്തിലധിഷ്ഠിതമായ “ഫ്യൂച്ചറിസ്റ്റ് ” രചനാസങ്കേതത്തിന്റെ അത്യന്താധുനികമായ ആശയ വിനിമയമാണ് “മൂവിംഗ് ഏജി “ലുടെ ഈ ചിത്രകാരൻ സാധ്യമാക്കുന്നത്. “റിയലിസത്തിനും ഇംപ്രഷണലിസത്തിനും ഇടയിലുള്ള ഒരു നേർത്ത അതിരിൽ…… ” എന്ന് ചിത്രകാരനും ശിൽപ്പിയുമായ എം.വി.ദേവൻ ഇദ്ദേഹത്തിന്റെ ചിത്രങ്ങളെ വിലയിരുത്തിയിട്ടുണ്ട്. ജി.രാജേന്ദ്രൻ, കെ.ആർ.ബാബു, സുരേഷ് കൂത്തുപറമ്പ് എന്നിവരിൽ നിന്നാണ് പ്രസാദ് ചിത്രകലാ പരിശീലനം നേടിയത്. ഗ്രെനോബൽ (ഫ്രാൻസ് ), ബുഡാ പെസ്റ്റ് (ഹംഗറി), സന (യെമൻ) എന്നിവിടങ്ങളിൽ ഈ കലാകാരന്റെ ചിത്രങ്ങൾ വിൽക്കപ്പെട്ടിട്ടുണ്ട്. 2009 ൽ ആരംഭിച്ച ചിത്രകൂടം പെയിന്റിംഗ് കമ്മ്യൂണിറ്റിയുടെ മേധാവിയും കൊയിലാണ്ടി കേന്ദ്രമായി പ്രവർത്തിക്കുന്ന “ക്യൂ ബ്രഷ് ” ഗ്രൂപ്പിന്റെ സിക്രട്ടറിയുമാണ്. പെയിന്റിംഗിൽ മോഡേൺ ആർട്ടിൽ ബിരുദവും മാഹി കലാഗ്രാമത്തിൽ നിന്ന് പഞ്ച വർഷ പെയിന്റിംഗ് ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ദേശീയ-സംസ്ഥാന തല ചിത്രകലാ ക്യാമ്പുകളിലും എക്സിബിഷനുകളിലും പ്രസാദിന്റെ രചനകൾ ചർച്ച ചെയ്യപ്പെട്ടു. കേരള ലളിതകലാ അക്കാദമി അംഗീകൃത ആർട്ടിസ്റ്റുകൂടിയായ സായിപ്രസാദ് ചിത്രകൂടം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി പന്തലായനി സ്വദേശിയാണ്.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253