1470-490

തീർക്കാൻ പണികളേറെ; മടങ്ങാതെ അതിഥി തൊഴിലാളികൾ

തൃശൂർ:സ്വന്തം നാട്ടിലേക്ക് ഏതു വിധേനയും എത്താൻ വെമ്പുന്ന അതിഥി തൊഴിലാളികൾക്കിടയിൽ വ്യത്യസ്തരായ കുറേ പേരുണ്ട്. നിർമ്മാണത്തിലിരിക്കുന്ന പ്രവർത്തനങ്ങൾ മുഴുമിപ്പിക്കാനാവാതെ മടങ്ങാനില്ലെന്ന് ഉറപ്പിച്ച ധാരാളം അതിഥി തൊഴിലാളികൾ കുന്നംകുളത്തുണ്ട്. കുന്നംകുളം താലൂക്കിൽ നൂറോളം അതിഥി തൊഴിലാളികൾ വിവിധ നിർമ്മാണ പ്രവർത്തനങ്ങളിൽ ഇപ്പോഴും സജീവമാണ്. ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ നിശ്ചലമായ കെട്ടിട നിർമ്മാണം, ചുമർ തേപ്പ്, ഫ്‌ളോറിങ് മുതലായവയാണ് അതിഥിതൊഴിലാളികളുടെ സഹകരണത്തോടെ ഇപ്പോഴും പ്രദേശത്ത് ഊർജ്ജസ്വലമായി നടക്കുന്നത്. മേഖലയിൽ ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലറുകൾ എന്നിവ ഉപാധികളോടെ തുറന്നപ്പോൾ ഈ മേഖലയിലുള്ള അതിഥി തൊഴിലാളികളും പ്രദേശത്ത് വീണ്ടും സജീവമായി.
കേരളത്തിൽ സ്വന്തം സംസ്ഥാനത്തേക്കാൾ സ്ഥിതി ശാന്തവും സുരക്ഷിതവുമാണെന്നതാണ് ഇവരെ ഇവിടെത്തന്നെ പിടിച്ചു നിർത്തുന്നതെന്ന് ഇവരോട് അടുപ്പമുള്ളവർ വ്യക്തമാക്കുന്നു.
ബീഹാർ, യു പി, ഒഡീഷ, രാജസ്ഥാൻ, ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറെയും അതിഥി തൊഴിലാളികളുള്ളത്. ഇതിൽ ബീഹാർ, യു പി, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ അതിഥി തൊഴിലാളികൾ കൂടുതലും മടങ്ങി. പല പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ളതിനാലാണ് അവശേഷിക്കുന്നവർ ഇനിയും മടങ്ങാത്തതെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന. ക്യാംപുകളിൽ കഴിയുന്നവർക്ക് ഒന്നിലധികം തവണ ആരോഗ്യ പരിശോധന നടത്തിയതിനാൽ എല്ലായിടത്തും അധികൃതരുടെ ശ്രദ്ധയും പതിയുന്നുണ്ട്.
നിർമ്മാണ പ്രവർത്തനങ്ങൾ കഴിയുന്ന മുറയ്ക്ക് അടുത്തു തന്നെ മടങ്ങാനിരിക്കുന്നവരും ഇവർക്കിടയിലുണ്ട്. ഏറ്റവും കൂടുതലുള്ള ബംഗാളികളാണ് ഇത്തരക്കാർ. ലോക് ഡൗൺ സമയത്ത് ക്യാംപിൽ കഴിഞ്ഞ അതിഥി തൊഴിലാളി പാതിയിലേറെ പേരും നാട്ടിലേക്ക് തിരിച്ചു പോയെങ്കിലും വിവിധ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ഇനിയും ഒട്ടേറെ അതിഥിതൊഴിലാളികളുണ്ട്. ഇവരുടെ സജീവ സാന്നിധ്യത്തിൽ പണികൾ പുനരാരംഭിച്ചത് നിർമ്മാണ മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ 30-40 ദിവസത്തോളമാണ് ഇത്തരം നിർമ്മാണ പ്രവൃത്തികൾ മുടങ്ങിയത്.
ചെറിയ പെരുന്നാളിന് മുൻപ് തീർക്കാനുള്ള പണികൾ ലോക് ഡൗൺ മൂലം പലയിടത്തും നീണ്ടുപോയിട്ടുണ്ട്. തിരിച്ചുപോയ അതിഥിതൊഴിലാളികളുടെ അസാന്നിധ്യത്തിൽ നാട്ടിലെ പണിക്കാർ തന്നെ ഇപ്പോൾ നിർമ്മാണപ്രവൃത്തികളിൽ സജീവമായിട്ടുമുണ്ട്. പലയിടത്തും ഓണത്തിന് മുൻപ് ചെയ്തു തീർക്കേണ്ട നിർമ്മാണ പ്രവൃത്തികളും അതിഥിതൊഴിലാളികളെ വെച്ച് തീർത്തുകൊണ്ടിരിക്കുകയാണിപ്പോൾ. നാട്ടുകാർക്ക് നൽകുന്ന അതേകൂലി തന്നെ അതിഥി തൊഴിലാളികൾക്കും നൽകുന്നുണ്ടെങ്കിലും അവരുടെ വൈദഗ്ധ്യം ഏറെ പ്രകടമായ പ്രധാന മേഖലയാണ് കെട്ടിട നിർമ്മാണവും ഫ്‌ളോറിങ് അനുബന്ധ പ്രവൃത്തികളും. മുടങ്ങിയ പ്രവൃത്തികൾ ചെയ്തു തീർക്കാൻ ആറു മാസമെങ്കിലുമെടുക്കുമെന്നാണ് ഇവരുടെ ഏജന്റുമാർ വ്യക്തമാക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069