1470-490

ഗവ. മെഡിക്കൽ കോളേജിൽ അഫറസിസ് യൂണിറ്റ് ആരംഭിച്ചു

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ച അഫറസിസ് യൂണിറ്റ്

തൃശൂർ: ബ്ലഡ് ബാങ്കിങ്ങ് രംഗത്തെ നൂതനസംരംഭമായ അഫറസിസ് യൂണിറ്റ് തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവർത്തനമാരംഭിച്ചു. രക്തത്തിലെ പ്ലാസ്മ, പ്ലേറ്റ്ലറ്റ്, ശ്വേതരക്താണുക്കൾ എന്നീ ഘടകങ്ങളിൽ ഏതെങ്കിലും ഒന്ന് താരതമ്യേന കൂടുതൽ അളവ് വേർതിരിച്ച് ശേഖരിക്കുകയും മറ്റ് ഘടകങ്ങൾ ദാതാവിന്റെ ശരീരത്തിലേക്ക് തന്നെ തിരിച്ചു കയറ്റുകയും ചെയ്യുന്ന യന്ത്രസംവിധാനമാണിത്. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ലൈസൻസും അനുമതിയും ഇക്കഴിഞ്ഞ ദിവസമാണ് ബ്ലഡ് ബാങ്കിന് ലഭിച്ചത്.
കോവിഡ് ചികിത്സയ്ക്ക് നിർദ്ദേശിക്കപ്പെട്ട പ്ലാസ്മാ തെറാപ്പിയ്ക്ക് ആവശ്യമായ പ്ലാസ്മ ഈ സംവിധാനത്തിലൂടെ ശേഖരിക്കാനാവും. പ്ലാസ്മാ തെറാപ്പിയ്ക്ക് ഐ സി എം ആർ, ഡ്രഗ് കൺട്രോളർ എന്നിവരുടെ പ്രത്യേക അനുമതിയും ലൈസൻസും ലഭിക്കേണ്ടതുണ്ട്.
കോവിഡ് പ്രതിരോധ പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ അഫറസിസ് യൂണിറ്റിന്റെ പ്രവർത്തനാരംഭം ഔപചാരിക ചടങ്ങുകൾ ഒഴിവാക്കിയാണ് നടത്തിയത്. ബ്ലഡ് ബാങ്കിലെ തന്നെ ജീവനക്കാരനായ സി.ഡി.സുനിൽകുമാറാണ് ആദ്യ ദാതാവായി എത്തിയത്. 300 മി.ലി. പ്ലേറ്റ്ലറ്റ് ഘടകമാണ് അദ്ദേഹത്തിൽ നിന്നെടുത്തത്. ഇത് ആറ് യൂണിറ്റ് പ്ലേറ്റ്ലറ്റ് കോൺസൺട്രേറ്റിന് തുല്യമാണ്. ഇത് പിന്നീട് ക്വാളിറ്റി കൺട്രോൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഉന്നത ഗുണമേന്മയുള്ളതായി കണ്ടെത്തി. യന്ത്രസഹായത്താൽ പ്ലേറ്റ്ലറ്റ് ഘടകം വേർതിരിച്ച് ശേഖരിക്കുന്ന പ്രക്രിയ ഒരു മണിക്കൂർ നീണ്ടുനിന്നു.
ബ്ലഡ് ബാങ്ക് മേധാവി ഡോ.ഡി.സുഷമ, ഡോ.വി.സജിത്ത്, ഡോ.പി.കെ. ഇന്ദു, ഡോ.പി.എസ്.അഞ്ജലി, സയന്റിഫിക് അസിസ്റ്റന്റുമാരായ സാജു എൻ ഇട്ടീര, ടി.സത്യനാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253