1470-490

ദേവദാസിന്റെ വളർത്തു പക്ഷികൾ ഇനി കേരളത്തിന്റെ അതിജീവനത്തിനായി ചിറകടിക്കും


വളാഞ്ചേരി: ദേവദാസിന്റെ അലങ്കാരവളർത്തു പക്ഷികൾ ഇനി കേരളത്തിന്റെ അതിജീവനത്തിനായി ചിറകടിക്കും. വളാഞ്ചേരി കൊടുമുടി സ്വദേശിയായ ദേവദാസ് തന്റെ വളർത്തു പക്ഷികളെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയാണ് വ്യത്യസ്തനായത്.
കിളികൾക്കായി കൂടൊരുക്കി കൂട്ടിരിക്കുന്ന ദേവദാസ് കേരളത്തിന്റെ അതിജീവനത്തിലും കൂട്ടു കൂടുകയാണ്. കൊറോണ കാലത്തെ അതിജയിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ പ്രവഹിക്കുന്നതിനിടെയാണ് ദേവദാസ് തീർത്തും വ്യത്യസ്തമായ വഴിയിലൂടെ കേരളത്തിന്റെ അതിജീവന സമരത്തിൽ പങ്കാളിയാവുന്നത്. തന്റെ അലങ്കാര വളർത്തു പക്ഷികളിൽ നാലെണ്ണത്തിനെയാണ് ദേവദാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി നൽകിയത്. കോക്ക്ടൈൽ, ആഫ്രിക്കൻ ലൗ ബേർഡ് വിഭാഗത്തിൽ പെട്ട ഈ കിളികൾക്ക് ഏകദേശം എട്ടായിരം രൂപയാണ് വില വരുന്നത്. ദേവദാസും ബാലസംഘം ഏരിയ വൈസ് പ്രസിഡന്റായ മകൾ വൈഗാദാസും ചേർന്ന് സി പി എം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി പി സക്കറിയക്ക് കിളികളെ കൈമാറി.
കേരളം മുഴുവനും ഒറ്റകെട്ടായി മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തു സഹായം നൽകാൻ രംഗത്ത് വരുന്ന സാഹചര്യത്തിലാണ് ദേവദാസും മകൾ വൈഗാദാസും വേറിട്ട മാതൃക സ്വീകരിച്ചതെന്നും കിളികളെ വിറ്റു കിട്ടുന്ന സംഖ്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും അദ്ദേഹം വി പി സക്കറിയ പറഞ്ഞു.
മഹാമാരിയുടെ കാലത്ത് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചു എല്ലാവരും സഹായം ചെയ്യുന്നത് കാണുമ്പോൾ തനിക്കും എന്തെങ്കിലും ചെയ്യണമെന്നത് കൊണ്ടാണ് കിളികളെ നൽകാൻ തീരുമാനിച്ചതെന്നും മകൾ വൈഗാദാസാണ് ഇതിനു പ്രേരണ നൽകിയതെന്നും ദേവദാസ് പറഞ്ഞു.
വളാഞ്ചേരി ഗേൾസ് ഹൈസ്കൂൾ ജീവനക്കാരനായ ദേവദാസ് തന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ നൽകിയിരുന്നു. രണ്ടു പ്രളയസമയങ്ങളിലും ഇതു പോലെ ഒരു മാസത്തെ ശമ്പളം നൽകിയിരുന്നു. കിളികളുടെ കൂട്ടുകാരനായ ദേവദാസിന്റെ മട്ടുപ്പാവിൽ വ്യത്യസ്തമായ നിരവധി കിളികളെയാണ് വളർത്തുന്നത്. അധ്യാപികയായ ഭാര്യ ശ്രീജയും ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ വൈഗാദാസുമാണ് ദേവദാസിന്റെ പക്ഷിപ്രേമത്തിന് കൂട്ടായി കൂടെയുള്ളത്. സി പി എം വളാഞ്ചേരി ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ ഏരിയാ സെക്രട്ടറി കെ പി ശങ്കരൻ മാസ്റ്റർ, ലോക്കൽ സെക്രട്ടറി എൻ വേണുഗോപാൽ, കെ എം ഫിറോസ് ബാബു, യാസർ അറഫാത്ത് എന്നിവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206