1470-490

മാധ്യമപ്രവര്‍ത്തകനെ തടഞ്ഞ സംഭവം;
പോലീസിന്റെ പണി സിപിഎം ഏറ്റെടുക്കരുത്

ഒപ്പം മലയാളികളുടെ അഭിമാനം കാക്കാനെങ്കിലും കോവിഡ് ആര്‍ആര്‍ടി ചെയര്‍മാന്‍ സ്ഥാനത്ത് വകതിരിവുള്ളയാളുകളെ വയ്ക്കണം. അല്ലെങ്കില്‍ പോലീസ് പണിയേറ്റെടുത്ത സിപിഎം പ്രവര്‍ത്തകരെ നാട്ടുകാര്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരും. ഈ മഹാമാരിയുടെ കാലത്ത് അത്തരത്തിലൊരു സാഹചര്യത്തിലേയ്ക്ക് പൊതുജനത്തെ തള്ളിവിടാതിരിക്കാന്‍ ശ്രദ്ധിക്കണം പാര്‍ട്ടിയും ഭരിയ്ക്കുന്ന സര്‍ക്കാരും.

ടി.പി. ഷൈജു തിരൂര്‍

കോഴിക്കോട് ജില്ലയിലെ നരിക്കുനിയില്‍ നിന്ന് ഇന്ന് കേരളം കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു വാര്‍ത്ത കേട്ടിരിക്കുന്നു. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോയ ഒരു പത്രപ്രവര്‍ത്തകനെ രാത്രിയില്‍ അകാരണമായി തടഞ്ഞു വച്ച് അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് കേസ്. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. എന്നാല്‍ ഇത്തരത്തിലൊരു ഗൂണ്ടായിസം നടത്താന്‍ ഒരു ജനക്കൂട്ടത്തിന് നേതൃത്വം കൊടുത്ത സിപിഎം പ്രാദേശിക നേതാവിനെ സംരക്ഷിക്കാന്‍ പാര്‍ട്ടി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത് അത്യന്തം അപലപനീയമെന്നേ പറയാനാകൂ.
കഴിഞ്ഞ ദിവസമാണ് സംഭവം. മാധ്യമം പത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ സി.പി. ബിനീഷിനെയാണ് ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു വച്ച് അപമാനിച്ചത്. പ്രദേശത്ത് മോഷണം നടക്കുന്നതിന്റെ മറവിലാണ് പോലീസിന്റെ ജോലി സിപിഎം പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. രാത്രി ഏഴു മണിയ്ക്ക് ശേഷം ആരായാലും ശരി പുറത്തിറങ്ങി നടക്കരുതെന്നാണത്രെ പഞ്ചായത്ത് അംഗവും കോവിഡ് റാപിഡ് റെസ്‌പോണ്‍സ് ടീമിന്റെ ചെയര്‍മാനുമായ കാരുകുളങ്ങര വേണുഗോപാലിന്റെ തിട്ടൂരം. തടഞ്ഞു വച്ച സമയത്ത് പ്രസ് ക്ലബ് പ്രസിഡന്റ് വിളിച്ചിടപെട്ടിട്ടും വേണുഗോപാല്‍ ബിനീഷിനെ വിടാന്‍ കൂട്ടാക്കിയില്ലെന്ന് പോലീസിനു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിയമവും ലോ ആന്‍ഡ് ഓര്‍ഡറും കയ്യിലെടുക്കാന്‍ സിപിഎം പ്രാദേശിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആര് അധികാരം കൊടുത്തുവെന്നു പറയേണ്ടത് ലോ ആന്‍ഡ് ഓര്‍ഡര്‍ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്.
സംഭവത്തില്‍ ആള്‍ക്കൂട്ടത്തെ ഇത്തരമൊരു ഗൂണ്ടായിസം നടത്താന്‍ നയിച്ച സിപിഎം നേതാവിനെതിരെ പോലീസ് കേസെടുത്തിട്ടില്ല. ഇവിടെ ഗൂണ്ടായിസം നടത്തുന്നത് സിപിഎം നേതാവാണെങ്കില്‍ കേസെടുക്കില്ലെന്ന വ്യവസ്ഥ വന്നിട്ടുണ്ടോയെന്നതും കേരളത്തിന് ചര്‍ച്ച ചെയ്‌തേ മതിയാവൂ. ഈ നാട്ടില്‍ രാത്രിയില്‍ ഇറങ്ങി നടക്കുന്നത് തടയാന്‍ സിപിഎമ്മിനെയും പാര്‍ട്ടി സംവിധാനത്തെയും സര്‍ക്കാര്‍ അധികാരപ്പെടുത്തിയിട്ടുണ്ടോയെന്നതും പൊതുജനങ്ങള്‍ക്കറിയേണ്ടതുണ്ട്.
ലോക്ക് ഡൗണ്‍ കാലമായതു കൊണ്ട് രാത്രി ഇറങ്ങി നടക്കാന്‍ നിലവില്‍ വിലക്കുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള എമര്‍ജന്‍സി സര്‍വീസുകള്‍ക്ക് ഇളവുണ്ടെന്നതു മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയതുമാണ്. എന്നാല്‍ നരിക്കുനിയില്‍ സംഭവിച്ചത് മറ്റൊന്നാണ്. പുറത്തിറങ്ങാന്‍ വിലക്കുള്ളവര്‍ പുറത്തിറങ്ങാന്‍ അനുമതിയുള്ളയാളെ തടഞ്ഞു വയ്ക്കുന്നു, ഭീഷണിപ്പെടുത്തുന്നു, പെരുമാറ്റ മര്യാദ പഠിപ്പിക്കുന്നു.
കോവിഡ് കാലത്തെ അമിത ഡ്യൂട്ടിയും വരാന്‍ പോകുന്ന പ്രളയ സാധ്യതാ സാഹചര്യങ്ങളുമെല്ലാം മുന്നില്‍ കണ്ട് നമ്മുടെ 50 ശതമാനം വരുന്ന പോലീസുകാരെ വീട്ടിലിരുത്തിയത് നല്ല കാര്യമായേ പൊതുജനം കരുതിയിട്ടുള്ളൂ. പക്ഷേ അത് സിപിഎമ്മുകാരെ ക്രമസമാധാന പാലനത്തിറക്കാനാണോ എന്ന സംശയമുയരുന്നുണ്ട്. ഒരു പത്രപ്രവര്‍ത്തകന്റെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ അന്നാട്ടിലെ സാധാരണക്കാരുടെ അവസ്ഥ എന്തെന്ന് ഊഹിക്കാമല്ലോ. സംഭവത്തില്‍ പരാതി നല്‍കിയ ബിനീഷിന്റെ വാഹനത്തില്‍ കോറിയിടുകയും ചെയ്തുവത്രെ. മാത്രമല്ല പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൈകാര്യം ചെയ്യുമെന്ന ഭീഷണിയും ബിനീഷിന് പ്രാദേശിക പാര്‍ട്ടി നേതൃത്വത്തില്‍ നിന്നു വന്നു കഴിഞ്ഞു. കേസൊതുക്കാന്‍ പാര്‍ട്ടി നേതൃത്വം കിണഞ്ഞു ശ്രമിക്കുന്നുമുണ്ട്. ഈ രീതി സിപിഎം പോലുള്ള ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയ്ക്ക് ഭൂഷണമാണോയെന്ന് പ്രാദേശിക നേതൃത്വത്തിനറിയില്ലെങ്കില്‍ ജില്ലാ നേതൃത്വമെങ്കിലും ഇടപെട്ട് ബോധ്യപ്പെടുത്തിക്കൊടുക്കണം. ബിനീഷിനെ തടയാനും അപമാനിക്കാനും കൂട്ടു നിന്നവരെ നയിച്ച കാരുകുളങ്ങര വേണുഗോപാല്‍ എന്ന സിപിഎം പ്രാദേശിക നേതാവിനെതിരെ കേസെടുക്കണം. ഒപ്പം മലയാളികളുടെ അഭിമാനം കാക്കാനെങ്കിലും കോവിഡ് ആര്‍ആര്‍ടി ചെയര്‍മാന്‍ സ്ഥാനത്ത് വകതിരിവുള്ളയാളുകളെ വയ്ക്കണം. അല്ലെങ്കില്‍ പോലീസ് പണിയേറ്റെടുത്ത സിപിഎം പ്രവര്‍ത്തകരെ നാട്ടുകാര്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരും. ഈ മഹാമാരിയുടെ കാലത്ത് അത്തരത്തിലൊരു സാഹചര്യത്തിലേയ്ക്ക് പൊതുജനത്തെ തള്ളിവിടാതിരിക്കാന്‍ ശ്രദ്ധിക്കണം പാര്‍ട്ടിയും ഭരിയ്ക്കുന്ന സര്‍ക്കാരും.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689