1470-490

മങ്ങാട് സഹോദരൻമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണം

കഴിഞ്ഞ 29 വർഷത്തിലധികമായി ഒരു ഗൾഫ് രാജ്യത്ത് ജോലി നോക്കുന്ന ഒരാളാണ് ഞാൻ എന്നത് ഇത് വായിക്കുന്നവരിൽ കുറേപ്പേർക്കെങ്കിലും അറിയാമെന്ന് വിചാരിക്കുന്നു. ജോലി ചെയ്ത് തുടങ്ങിയ കാലം മുതൽ ഈ നിമിഷം വരെയും എനിക്ക് തൊഴിൽ നൽകിയ സ്ഥാപനത്തിൻ്റെയും അതിലൂടെ എൻ്റെയും വളർച്ചയ്ക്ക് വേണ്ടിയുള്ള ആത്മാർത്ഥമായ പരിശ്രമത്തിലാണ്. അത് എൻ്റെ ഉത്തരവാദിത്തമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. തൊഴിൽപരമായ വളർച്ചയുടെ ഓരോ ഘട്ടത്തിലും, മേലുദ്യോഗസ്ഥരുടെ അഭിനന്ദനം ലഭിക്കുമ്പോഴും ഒക്കെ ഒരു മലയാളിയെന്ന, പാലക്കാട്ടുകാരനെന്ന അഭിമാനം എന്നിൽ നിറയാറുണ്ട്. അതു കൊണ്ട് തന്നെയാണ് സാദ്ധ്യമായ അവസരങ്ങളിലൊക്കെ നാട്ടിൽ വന്ന് പോകുന്നതും ഇവിടുത്തെ പല കാര്യങ്ങളിലും പരിമിതമായ ഇടപെടലുകൾ നടത്തുന്നതും. ഒരു പാട് വിജയകഥകളിലെ നായകൻമാരുൾപ്പടെ ഗൾഫിലെ ഏതൊരു മലയാളിയുടെയും ചിന്തകൾ ഈ വിധം തന്നെയാകുമെന്നാണ് എൻ്റെ വിശ്വാസം.

പലപ്പോഴും ഉള്ളിൽത്തട്ടുന്ന അഭിനന്ദനങ്ങളും ആദരവും എളിയ അംഗീകാരങ്ങളും നാട്ടിൽ നിന്ന് ലഭിച്ചിട്ടുണ്ട്; അതെല്ലാം ഹൃദയപൂർവ്വം സ്വീകരിച്ചിട്ടുമുണ്ട്.

ഇപ്പോൾ ഇതെഴുതുന്നത് അടുത്ത കാലത്ത് നമ്മുടെ നാട്ടിൽ നടക്കുന്ന ചില മോശം ചർച്ചകൾ കേട്ട് മനംനൊന്തിട്ടാണ്.

ഈയ്യിടെ ഗൾഫിൽ സാമ്പത്തിക തകർച്ച നേരിട്ട് പ്രവർത്തനം നിന്ന് പോയ, ശ്രീ.ബി.ആർ. ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ തലപ്പത്ത് നമ്മുടെ നാട്ടിൻ്റെ അഭിമാനമായി രണ്ട് പേർ ഉണ്ടായിരുന്നു. ശ്രീ. പ്രശാന്ത് മങ്ങാടും സഹോദരൻ ശ്രീ. പ്രമോദ് മങ്ങാടും . എൻ.എം.സി.ഗ്രൂപ്പിൻ്റെയും യു.എ.ഇ. എക്സേച്ചിൻ്റെയും അഭൂതപൂർവ്വമായ വളർച്ചയുടെ കാലത്ത് നമ്മിൽ ഏറെപ്പേരും ഇവരെക്കുറിച്ചറിഞ്ഞില്ലകേരളത്തിലെ മുക്കിലും മൂലയിലും വരെ ഈ ഗ്രൂപ്പിൻ്റെ സ്ഥാപനങ്ങൾ വന്നപ്പോൾ, ആയിരക്കണക്കിന് മലയാളികൾക്ക് ഗൾഫിലും നാട്ടിലും ഈ കമ്പനിയുടെ സ്ഥാപനങ്ങൾ ജോലി കൊടുത്തപ്പോൾ എല്ലാ നന്ദിയും കടപ്പാടും നാം പ്രകടിപ്പിച്ചത് ബി.ആർ. ഷെട്ടിയോടായിരുന്നു. ഇങ്ങനെ ചിലരുടെ മിടുക്കും വൈദഗ്ദ്ധ്യവും ആത്മാർപ്പണവും ആ വളർച്ചയ്ക്ക് പിന്നിലുണ്ടെന്നത് നാം അറിഞ്ഞതേയില്ല അഥവാ പറഞ്ഞതേയില്ല.

ഇപ്പോൾ, കാരണമെന്തായാലും ഏതു മഹാസംരംഭങ്ങൾക്കും സംഭവിച്ചേക്കാവുന്ന ഒരു പ്രതിസന്ധി ഈ സ്ഥാപനങ്ങൾക്ക് വന്നിരിക്കുന്നു. ആയിരക്കണക്കിന് മലയാളികളുൾപ്പടെയുള്ളവർക്ക് തൊഴിൽ നഷ്ടമായിരിക്കുന്നു

കമ്പനിയുടെ തകർച്ചയുടെ കാരണം ശ്രീ.ഷെട്ടിയുടെ ചില, വഴിവിട്ട ഇടപാടുകളാണെന്നും , അതി മോഹമാണെന്നും , ബാങ്കിങ് സൗകര്യങ്ങളെ ദുരുപയോഗം ചെയ്ത കാരണങ്ങൾ കൊണ്ടുള്ള പതനമാണെന്നും ഒക്കെ ആരോപണമുണ്ട്. ഇതിനിടയിലാണ് കമ്പനിയിലെ ചില ജീവനക്കാരാണ് ഈ തകർച്ചയ്ക്ക് പിന്നിലെന്ന വിചിത്രമായ ചില ആരോപണങ്ങൾ അഥവാ ഒഴിവു കഴിവുകൾ ചില കേന്ദ്രങ്ങളിൽ നിന്ന് പുറത്ത് വരുന്നത്.

അതോടെ നമ്മിൽ പലരുടെയും ദാഹിച്ച നോട്ടം അതിലേക്കായി. അങ്ങനെയാണ് നേരത്തേ പറഞ്ഞ നമ്മുടെ നാട്ടിലെ പ്രഗൽഭമതികളായ സഹോദൻമാരെക്കുറിച്ച് പലരും അറിയുന്നത്.

ഒരു കാര്യം ആദ്യമേ മനസ്സിലാക്കുക. സ്ഥിരമായ ശമ്പളവും പദവിയും അംഗീകാരവും സൗകര്യങ്ങളും പലപ്പോഴും ആവശ്യത്തിലധികം തന്നു കൊണ്ടിരിക്കുന്ന ഒരു കമ്പനിയുടെയും തകർച്ച പ്രവാസി മലയാളി ആഗ്രഹിക്കുന്നില്ല; ഇനി ഉടമസ്ഥൻ പാകിസ്ഥാനി ആയാൽ പോലും !

പറഞ്ഞ് വരുന്നത് ബി.ആർ. ഷെട്ടിയുടെ കമ്പനി തകർന്നതിനു പിന്നിൽ പ്രശാന്തും പ്രമോദുമാണെന്ന തരത്തിലുള്ള പ്രചരണം ലളിതമായ മലയാളത്തിൽ അസംബന്ധമാണ്, ഒരർത്ഥത്തിൽ നന്ദികേടു മാണ്.

ഇത്ര വലിയൊരു വ്യവസായ ശൃംഖലയുടെ ഉത്തരവാദിത്തപ്പെട്ട ഉദ്യോസ്ഥർക്കെതിരെ അന്വേഷണം ഉണ്ടായേക്കാം. അത് സ്വാഭാവികം. എന്നാൽ യഥാർത്ഥ കാരണങ്ങളിൽ യാതൊരു വ്യക്തതയുമില്ലാത്ത ഈ ഘട്ടത്തിൽ നാം ഈ മനുഷ്യരെ ശിക്ഷിക്കുകയാണോ വേണ്ടത്? അവർ നമ്മുടെ നാടിന് നൽകിയ സംഭാവനകൾ ചെറുതല്ല, അവർ നമുക്കായി സമർപ്പിച്ച ആശുപ്രത്രിയുൾപ്പടെ ഉള്ള പഴയ കാര്യങ്ങൾ നാം പാലക്കാട്ടുകാരെങ്കിലും ഓർത്തിരിക്കേണ്ടതല്ലേ? വ്യക്തിഹത്യയും അപകീർത്തിപ്പെടുത്തലും ലഹരിയായി മാറിയിട്ടുള്ള ചില അഭിനവ പെട്ടിക്കട മാദ്ധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഇതു പോലെ ഒരു ‘ത്രെഡ് ‘ ധാരാളമാണ്. എന്നാൽ അതിൻ്റെ കീഴിൽപ്പോയി യോജിപ്പ് പ്രകടിപ്പിക്കുന്ന നാം ഇല്ലായ്മ ചെയ്യുന്നത് കഠിനാദ്ധ്വാനികളായ പ്രിയപ്പെട്ട രണ്ട് മലയാളികളെയാണ്. നമ്മളിൽ അഭിമാനം കൊള്ളുന്ന രണ്ട് പാലക്കാട്ടുകാരെയാണ്.

അതിനാൽ യാതൊരു തിരിച്ചു ചോദ്യങ്ങൾക്കും പ്രസക്തിയില്ലെന്ന് വിശ്വസിച്ചു കൊണ്ട് ഞാൻ അഭ്യർത്ഥിക്കുന്നു,

പ്രശാന്തിനും പ്രമോദിനും നമ്മുടെ പിന്തുണയുണ്ടാകണം. മനസ്സുകൊണ്ടെങ്കിലും എഴുത്തുകൊണ്ടെങ്കിലും സംരക്ഷണമുണ്ടാകണം. അതിന് നമ്മുടെ പാലക്കാട് പ്രവാസി സെന്ററും , പാലക്കാട് NRI ട്രസ്റ്റ് , പാലക്കാട് അസോസിയേഷനിലെ പഴയ അംഗങ്ങൾ , ബഹ്‌റൈൻ PACT , PALPAK കുവൈറ്റ് , ഖത്തർ നാട്ടരങ് എന്ന സംഘടനകളിലെ നല്ലവരായ പാലക്കാട്ടുകാർ മുൻപോട്ടു വരണം .

ബാങ്കുകൾ നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങളിൽ കൂടി അറിയാൻ കഴിഞ്ഞത് , നിയമ പരമായ നടപടികൾ നടക്കട്ടെ, സത്യം പുറത്തു വരട്ടെ, അത് വരെ അവരെയും , കുടുബാംഗങ്ങളെയും , ദയവായി ക്രൂശിക്കാതിരിക്കുക .

ഏതു കുറ്റാരോപിതരും അവർ ചെയ്തു എന്ന് പറയപ്പെടുന്ന തെറ്റ് തെളിയിക്കപ്പെടും വരെ നിരപരാധികളാണെന്ന് എല്ലാ നിയമ സംഹിതകളും അടിവരയിടുന്നു. നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നൽകുക എന്നത് പ്രധാനപ്പെട്ട ഒരു മനുഷ്യവകാശവും
ഈ തത്വം ക്രിമിനൽ കർമ്മശാസ്ത്രത്തിന്റെ അടിസ്ഥാനവുമാണ്. ഈ ബോധ്യമാണ് എന്നെക്കൊണ്ടിങ്ങനെ എഴുതിക്കുന്നത്‌, അല്ലാതെ അടുത്ത കുറച്ചു മണിക്കൂറുകളിൽ നടന്നേക്കാവുന്ന ഒരു ചർച്ച മനസ്സിൽ കണ്ടിട്ടല്ല.

ശുഭ പ്രതീക്ഷയോടെ,

രവിശങ്കർ
പരുത്തിപ്പുള്ളി, പാലക്കാട് .
people’s Roar എന്ന കോളം വിവിധ വിഷയങ്ങളിൽ പൊതു ജനങ്ങൾക്ക് പ്രതികരിക്കാനുള്ള താണ്’ ഈ അഭിപ്രായ പ്രകടനങ്ങൾ Meddling Media യുടേതല്ല. വ്യക്തികളുടെ കാഴ്ചപ്പാടുകൾ മാത്രമാണ്

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253