ഡി.ആർ.ഡി.ഒ. വ്യാജ തിരിച്ചറിയൽ കാർഡുമായി തട്ടിപ്പ്

ഡി.ആർ.ഡി.ഒ. വ്യാജ തിരിച്ചറിയൽ കാർഡുമായി തട്ടിപ്പ് നടത്തിയയാളെ പിടികൂടി
നരിക്കുനി : ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ.) വിഭാഗത്തിലെ ശാസ്ത്രജ്ഞനെന്നപേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് പണംതട്ടുന്നയാളെ കൊടുവള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം തിരുവല്ല സ്വദേശി അരുൺ പി. രവീന്ദ്രനെ(40)യാണ് കൊടുവള്ളി പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാൾ ഇത്തരത്തിൽ പണം വായ്പവാങ്ങി മുങ്ങുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നരിക്കുനി പാറന്നൂരിലെ വാടകവീട്ടിൽ പരിശോധന നടത്തിയത്. ഇയാളിൽനിന്ന് വ്യാജ തിരിച്ചറിയൽ കാർഡ് പിടിച്ചെടുത്തു. അഞ്ചുവർഷമായി ഡൽഹിയിൽ താമസിച്ചുവരുന്ന ഇയാളുടെ അമ്മ തിരുവമ്പാടി സ്വദേശിയും അച്ഛൻ കോട്ടയം തിരുവല്ല സ്വദേശിയുമാണ്.
തുടരന്വേഷണത്തിനായി കൊടുവള്ളി ഇൻസ്പെക്ടർ പി. ചന്ദ്രമോഹനന് നിർദേശം നൽകിയിട്ടുണ്ടെന്ന് റൂറൽ എസ്.പി. ഡോ. എ.ശ്രീനിവാസൻ പറഞ്ഞു.
ഇയാളെ പിടികൂടിയതായി ഡി.ആർ.ഡി.ഒ. അധികൃതരെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ ബുധനാഴ്ച ഇയാളെ ചോദ്യംചെയ്തു. കൂടുതൽ അന്വേഷണത്തിനായി ഉദ്യോഗസ്ഥർ കോട്ടയത്തേക്ക് പോയി. ഡി.ആർ.ഡി.ഒ.യുമായി ഇയാൾക്ക് നേരിട്ട് ബന്ധമില്ലെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. പ്രതിരോധസേനയിലെ ഏതെങ്കിലും ഉദ്യോഗസ്ഥരുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരുന്നു. ഡി.ആർ.ഡി.ഒ. അധികൃതരുടെ രേഖാമൂലമുള്ള പരാതി വ്യാഴാഴ്ച ലഭിക്കുമെന്നറിയുന്നു.
ഇയാൾ കോട്ടയത്തുനിന്ന് വിവാഹംകഴിച്ച് യുവതിയുടെ പക്കൽനിന്ന് സ്വർണമടക്കം ആറുലക്ഷംരൂപ തട്ടിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ടുലക്ഷം രൂപ പണമായും നാലുലക്ഷംരൂപ ആഭരണങ്ങൾ പണയംവെച്ചുമാണ് തട്ടിയെടുത്തത്. കോട്ടയത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് ആഭരണം
പണയംെവച്ചത്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
തിരുവമ്പാടി സ്വദേശിയായിരുന്ന ഇയാൾ വർഷങ്ങൾക്കുമുമ്പ് കോട്ടയത്തേക്ക് മാറിത്താമസിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. വഞ്ചനക്കുറ്റത്തിനും ആൾമാറാട്ടത്തിനും കേസെടുക്കാനാണ് തീരുമാനം.
Comments are closed.