തൃശൂരിൽ 92 കെ.എസ്.ആർ.ടി.സി ബസുകൾ ഓടി തുടങ്ങി

ജില്ലയിൽ 92 കെ.എസ്.ആർ.ടി.സി ബസുകൾ ഓടി തുടങ്ങി
ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് തൃശൂർ ജില്ലയിൽ പൊതുജനങ്ങൾക്കായി കെ.എസ്.ആർ.ടി.സി ബസുകൾ ഓടിത്തുടങ്ങി. 92 കെ എസ് ആർ ടി സി ബസുകളാണ് ബുധനാഴ്ച (മെയ് 20) സർവ്വീസ് നടത്തിയത്. രാവിലെ ഏഴ് മണിമുതൽ രാത്രി ഏഴ് മണിവരെ രണ്ട് ഘട്ടമായാണ് സർവ്വീസ് നടത്തിയത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 30 പേരിൽ കൂടുതൽ പേരെ ബസുകളിൽ അനുവദിച്ചില്ല. രാവിലെ 7 മണിമുതൽ 11 മണി വരെയാണ് ആദ്യഘട്ട സർവ്വീസ്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുനരാരംഭിച്ച സർവ്വീസ് രാത്രി ഏഴ് മണി വരെ സർവ്വീസ് നടത്തി. ഇതിനിടയിലെ സമയങ്ങളിൽ യാത്രക്കാർ ഉണ്ടാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ രണ്ട് ഘട്ടമായി സമയക്രമം തീരുമാനിച്ചത്. ഓരോ യാത്രയ്ക്കും ശേഷം അതാത് ഡിപ്പോകളിൽ ബസ് അണുവിമുക്തമാക്കി. മാസ്‌ക്കും ഗ്ലൗസും അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ബസിലെ ജീവനകാർക്ക് നൽകിയിട്ടുണ്ട്.
ജില്ലയിൽ നേരത്തെ കെ എസ് ആർ ടി സി ഓടികൊണ്ടിരുന്ന റൂട്ടുകളിൽ എല്ലാം തന്നെ സർവ്വീസ് നടത്തി. ആവശ്യാനുസരണം പിന്നീട് ബസുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് തീരുമാനം. രാവിലെ 6:30 മുതൽ സർക്കാർ ജീവനക്കാർക്ക് വേണ്ടിയുള്ള സർവ്വീസ് ജില്ലയിൽ മാറ്റമില്ലാതെ തുടരുമെന്നും അതികൃതർ അറിയിച്ചു.
Comments are closed.