1470-490

മഴക്കാല മുന്നൊരുക്കവുമായി തദ്ദേശസ്ഥാപനങ്ങൾ

തൃശൂർ മഴക്കാലമുന്നൊരുക്കവുമായി തദ്ദേശസ്ഥാപനങ്ങൾ;
അനധികൃത നിർമ്മിതികൾ നീക്കണമെന്ന് കളക്ടർ
ജില്ലയിൽ വെള്ളക്കെട്ടിന് കാരണമാവുന്ന തരത്തിൽ പാടശേഖരങ്ങളിലുള്ള അനധികൃത നിർമ്മിതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇടപെട്ട് നീക്കണമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് ആവശ്യപ്പെട്ടു. കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി നടന്ന വിവിധ അവലോകന യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗവും തദ്ദേശസ്ഥാപനമേധാവികളുടെ വീഡിയോ കോൺഫറൻസ് മുഖേനയുളള യോഗവും മഴക്കാലമുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് രൂപം നൽകി. കഴിഞ്ഞ വർഷം വെള്ളക്കെട്ടിന് കാരണമായ പാടശേഖരം കെട്ടിയടച്ചുള്ള മീൻവളർത്തൽ അനുവദനീയമല്ല. വല കെട്ടി മീൻവളർത്തുന്നതിന് പകരം കെട്ടിയടച്ചാൽ അവ പൊളിച്ചുകളയണം. ജില്ലയിലെ ചെറുകിട ഡാമുകളുടെ ഷട്ടറുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. ഷട്ടറുകൾ പ്രവർത്തിക്കുന്നു എന്ന് പരിശോധിച്ച് സർട്ടിഫിക്കേഷൻ നൽകാൻ കളക്ടർ നിർദേശിച്ചു. വെള്ളക്കെട്ട് നീക്കാൻ അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇവ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിക്കും. ജില്ലയിൽ വെള്ളം ഒഴിഞ്ഞുപോവുന്നതിനുള്ള തടസ്സം കഴിഞ്ഞ വർഷം ഉണ്ടായിരുന്നു. ബണ്ടുകൾ തുറക്കുന്നതിലെ കാലതാമസം പരിഹരിക്കും.
ജില്ലയിലെ വലിയ ഡാമുകൾ തുറക്കുന്നത് ജില്ലാ കളക്ടറുടെ അനുമതിയോടെ മാത്രമായിരിക്കും. ഒരു കാരണവശാലും വൈകിട്ട് ആറ് മണിക്ക് ശേഷം രാവിലെ ആറ് മണി വരെ, പകൽ തുറക്കാതെ ഇരുന്ന അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്ന് പുതുതായി ജലം ഒഴുക്കരുത്. അണക്കെട്ട് തുറക്കുന്നതിന് മുമ്പ് പൊതുജനങ്ങൾക്ക് സൈറൺ മുഴക്കി മുന്നറിയിപ്പ് നൽകണം.
കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുക. സാമൂഹിക അകലം പാലിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിപ്പിക്കുന്നതും രക്ഷാപ്രവർത്തനവും ശ്രമകരമാണ്. ഇത്തവണ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ താഴേതട്ടിലെ ഏകോപനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്.
അപകടാവസ്ഥയിലുള്ള വൈദ്യുതി തൂണുകൾ, കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ എന്നിവ ബന്ധപ്പെട്ട വകുപ്പുകൾ ശ്രദ്ധിക്കണം. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളുടെ ഉടമകൾക്ക് നോട്ടീസ് നൽകണം. ഇവയുടെ താഴെ രാത്രി ആരും കിടക്കുന്നില്ലെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. അഗ്നിശമന സുരക്ഷാ മനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾ പരിശോധിക്കണം.
ജില്ലയിലെ 77 സ്ഥലങ്ങൾ ഉരുൾപൊട്ടലിന്റെ ഹോട്ട് സ്പോട്ടുകളായി സമഗ്ര പഠനം കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ താഴെയുള്ള കുടുംബങ്ങളുടെ സുരക്ഷ സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളും ജിയോളജി വകുപ്പും നടപടി എടുക്കണം. ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കണം. ക്വാറികൾ വേലി കെട്ടി മറയ്ക്കണം.
വകുപ്പുകളുടെയും തദ്ദേശ സ്വയംഭര സ്ഥാപനങ്ങളുടെയും കൈവശമുള്ള ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചുമാറ്റാൻ നിർദേശം നൽകി.
പാതയോരത്തെ കുഴികൾ നികത്തണം. റോഡിലെ പൈപ്പിടൽ സംബന്ധിച്ച് ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും കളക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേരും.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ തദ്ദേശ സ്ഥാപന പ്രതിനിധികൾ വീഡിയോ കോൺഫറൻസ് വഴിയാണ് പങ്കാളികളായത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, സബ് കളക്ടർ അഫ്സാന പർവീൻ, ഡെപ്യൂട്ടി കളക്ടർ ഡിസാസ്റ്റർ മാനേജ്മെൻറ് ഡോ.എം.സി റെജിൽ, ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689