1470-490

പി ആർ എസ് ലോൺ പദ്ധതി: കർഷകർക്ക് 216 കോടി

പി ആർ എസ് ലോൺ പദ്ധതി:
കർഷകർക്ക് ബാങ്കുകൾ വഴി ലഭിച്ചത് 216 കോടി

തൃശൂർ ജില്ലയിൽ പി ആർ എസ് ലോൺ പദ്ധതി വഴി സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില വിവിധ ബാങ്കുകളിൽ നിന്ന് ഭൂരിഭാഗം കർഷകർക്കും ലഭ്യമായതോടെ ലോക് ഡൗണിലും നെല്ല് സംഭരണം സുഗമം. ചൊവ്വാഴ്ച വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം 216 കോടി രൂപയാണ് പി ആർ എസ് ലോൺ വഴി കർഷകർക്ക് ലഭ്യമായത്. ജില്ല സഹകരണ ബാങ്ക്-108.02 കോടി, ഫെഡറൽ ബാങ്ക്-6.05 കോടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ-26.20 കോടി, ഗ്രാമീൺ ബാങ്ക്-11.17 കോടി, സൗത്ത് ഇന്ത്യൻ ബാങ്ക്-7.60 കോടി, പഞ്ചാബ് നാഷണൽ ബാങ്ക്-2.10 കോടി, ഇന്ത്യൻ ഓവർസീസ് ബാങ്ക്-1.01 കോടി, കനറാ ബാങ്ക്- 12.80 കോടി, വിജയ ബാങ്ക് -0.34 കോടി, ബാങ്ക് ഓഫ് ഇന്ത്യ-38.82 കോടി എന്നിങ്ങനെയാണ് ബാങ്കുകളിൽ നിന്ന് പിആർ എസ് ലോൺ പദ്ധതി വഴി ഇപ്പോൾ കർഷകർക്ക് പണം ലഭ്യമാക്കിയിരിക്കുന്നത്. ഇതുകൂടാതെ 2.02 കോടി രൂപ ഡയറക്റ്റ് ഫണ്ട് വഴിയും ലഭിച്ചു. നെല്ല് സംഭരണം അവസാനിക്കാൻ ഒരാഴ്ച്ച കൂടി ബാക്കി നിൽക്കുമ്പോൾ 250. 5 കോടി രൂപ മൂല്യം വരുന്ന 92933 ടൺ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. മെയ് 30ന് നെല്ല് സംഭരണം പൂർത്തിയാകുമ്പോൾ ഒരു ലക്ഷം ടൺ നെല്ല് സംഭരിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പാഡി രസീത് ബാങ്കിൽ നൽകുമ്പോൾ വായ്പയായി നെൽവില കർഷകർക്ക് നൽകുന്നതാണ് പി ആർഎസ് ലോൺ പദ്ധതി. വായ്പാ കാലാവധി പൂർത്തിയാകുന്നതോടെ പലിശയടക്കം മുഴുവൻ തുകയും സപ്ലൈകോ അതത് ബാങ്കുകളിൽ തിരിച്ചടയ്ക്കുന്ന തരത്തിലാണ് പി ആർ എസ് ലോൺ പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതമുപയോഗിച്ചാണ് സപ്ലൈകോ പണം ബാങ്കുകൾക്ക് തിരിച്ചുനൽകുന്നത്. ബാങ്കുകളിൽ രസീതി സമർപ്പിച്ച് ദിവസങ്ങൾക്കകം കർഷകരുടെ അക്കൗണ്ടിൽ മുഴുവൻ തുകയും വന്നു ചേർന്നതോടെ സംഭരണം കൂടുതൽ സുതാര്യമായി.
ജനുവരി ആദ്യവാരം മുതലാണ് സപ്ലൈകോ രണ്ടാം കൃഷി നെല്ലുസംഭരണം ആരംഭിച്ചത്. ജില്ലയിൽ 36 മില്ലുകളാണ് നെല്ല് സംഭരിക്കാൻ സപ്ലൈകോയുമായി കരാർ ഏറ്റെടുത്തിരിക്കുന്നത്. കര്ഷകർക്ക് സ്വകാര്യ മില്ലുകൾ നൽകുന്നതിനേക്കാൾ അധിക തുകയാണ് സംഭരണ വിലയായി സപ്ലൈകോ നൽകുന്നത്. കിലോഗ്രാമിന് 26.95 രൂപയാണ് സംഭരണവിലയായി സപ്ലൈകോ നൽകുന്നത്. കേന്ദ്ര സർക്കാർ നൽകുന്ന 18.15 രൂപക്ക് പുറമെ സംസ്ഥാന സർക്കാർ നൽകുന്ന 8.80 രൂപ കൂടി ഉള്ളതു കൊണ്ടാണ് ഈ വില ലഭിക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069