1470-490

കുന്നംകുളം മേഖലയിൽ സ്വകാര്യ ബസുകൾ ഓടിത്തുടങ്ങി

കുന്നംകുളം മേഖലയിൽ സ്വകാര്യ ബസുകൾ ഓടിത്തുടങ്ങി;
ഇന്ന് കൂടുതൽ സർവ്വീസുകൾ ഉണ്ടായേക്കും
ലോക് ഡൗൺ ആരംഭിച്ചപ്പോൾ നിർത്തിവച്ച സ്വകാര്യബസ് സർവ്വീസ് കുന്നംകുളത്ത് ഇന്നലെ (മെയ് 20) ഭാഗികമായി ആരംഭിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പുതിയ നിർദ്ദേശ പ്രകാരമായിരുന്നു സർവ്വീസ് പുനരാരംഭിച്ചത്. മേഖലയിലെ പ്രൈവറ്റ് ബസ് ഗ്രൂപ്പുകളായ ആര്യ, പുഷ്പക്, ഗുരുവായൂർ-പട്ടാമ്പി റൂട്ടിലെ ഒരു ബസ്, തൃശൂർ റൂട്ടിലോടുന്ന ഒരു ബസ് എന്നിങ്ങനെയാണ് സർവ്വീസ് നടത്തിയത്. ആര്യ ഏഴ് ബസും പുഷ്പക് രണ്ട് ബസുമാണ് ഇന്നലെ സർവ്വീസ് നടത്തിയത്. ഇന്ന് (വ്യാഴം) കൂടുതൽ ബസുകൾ സർവീസ് നടത്തുമെന്നാണ് കരുതുന്നത്.
രാവിലെ ബസുകൾ സ്റ്റാൻഡിലെത്തിയപ്പോൾ ആളുകൾ ആദ്യമൊന്ന് അമ്പരന്നു. പിന്നീട് സർവ്വീസ് നടത്തുന്നു എന്നറിഞ്ഞപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വാർത്ത പരക്കുകയും ചെയ്തു. തുടർന്ന് യാത്രക്കാർ ബസിൽ കയറി തുടങ്ങി.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ എല്ലാ മാനദണ്ഡങ്ങളും നിയമങ്ങളും പാലിച്ചാണ് സർവ്വീസ് ആരംഭിച്ചിരിക്കുന്നതെന്ന് പുഷ്പക് ബസ് ഗ്രൂപ്പ് ഉടമ ഹരിദാസ് പറഞ്ഞു. 38 സീറ്റുകളുള്ള ബസിൽ 19 പേരെ മാത്രമാണ് കയറ്റിയത്. ഒരു സീറ്റിൽ ഒരാൾ എന്ന കണക്കിലാണ് യാത്രക്കാരെ ഇരുത്തുന്നത്. കൂടാതെ മാസ്‌ക്കും നിർബന്ധമാക്കിയിട്ടുണ്ട്.
ആര്യ ഗ്രൂപ്പിന്റെ ബസുകൾ തൃശ്ശൂർ കുന്നംകുളം, ചാവക്കാട് റൂട്ടിലും, പുഷ്പക് പഴഞ്ഞി, ചിറക്കൽ മങ്ങാട് എന്നിവിടങ്ങളിലുമാണ് സർവ്വീസ് നടത്തിയത്. യാത്രക്കാർ അധികം കയറിയില്ലെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ യാത്രക്കാർ ഉണ്ടാകുമെന്നാണ് ബസുടമകളുടെ പ്രതീക്ഷ.
കെ എസ് ആർ ടി സി ഗുരുവായൂർ- കുന്നംകുളം – തൃശൂർ ബസും മെഡിക്കൽ കോളേജ് ബസും ഇന്നലെ സർവ്വീസ് നടത്തി.
കോവിഡ് 19 വ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പും മോട്ടോർ വാഹന വകുപ്പും നിർദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സർവ്വീസ് നടത്തിയത്. ബസിൽ യാത്ര ചെയ്യുന്നവരും ബസ് ജീവനക്കാരും മാസ്‌ക്കുകൾ ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, ഒരു സീറ്റിൽ ഒരാൾ എന്ന രീതിയിലും ക്രമീകരിക്കുക എന്നിങ്ങനെയായിരുന്നു മാർഗ നിർദ്ദേശങ്ങൾ. യാത്രക്കാർ കൈകൾ ശുചിയാണെന്ന് ഉറപ്പു വരുത്തണമെന്നും ഹാന്റ് സാനിറ്റൈസർ കൈവശം സൂക്ഷിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. വാഹനത്തിന്റെ ഷട്ടറുകൾ തുറന്ന് ഇടണമെന്നും, എ.സിയും കർട്ടനുകളും ഉപയോഗിക്കാൻ പാടില്ലെന്നും നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്. പനി, ചുമ, ഛർദ്ദി, തുമ്മൽ തുടങ്ങി മറ്റേതെങ്കിലും രോഗലക്ഷണമുള്ളവർ യാതൊരുകാരണവശാലും ബസുകളിൽ യാത്ര ചെയ്യരുതെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. സ്വകാര്യ ബസുകൾക്ക് പുറമെ ഓട്ടോ/ടാക്സി വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും ഡ്രൈവർമാരും സാമൂഹ്യ അകലം പാലിക്കുന്നതുൾപ്പെടെയുള്ള സുരക്ഷാദണ്ഡങ്ങൾ പാലിക്കണമെന്നും അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253