1470-490

കൗൺസിലറുടെ പശു ഫാമിൽ നിന്നുള്ള മാലിന്യം ചാലക്കുടിപ്പുഴയിലേക്ക്…

പടിഞ്ഞാറെ ചാലക്കുടിയിൽ നഗരസഭാ കൗൺസിലറുടെ പശു ഫാമിൽ നിന്നുള്ള മാലിന്യം വ്യാപകമായി ചാലക്കുടിപ്പുഴയിലേക്ക് തള്ളുന്നതായി പരാതി.
ചാലക്കുടി സി എം ഐ പബ്ലിക് സ്കൂളിന് സമീപത്തായി ഇരുപത്തിനാലാം വാർഡ് നഗരസഭാ കൗൺസിലർ എം.പി. ഭാസ്കരന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ നിന്നാണ് മാലിന്യം പുഴയിലേക്കൊഴുക്കുന്നത്. ഫാമിലേക്ക് ആവശ്യത്തിനുള്ള വെള്ളം പമ്പ് ചെയ്യുന്നതിനായി സമീപവാസിയുടെ പറമ്പിൽ നിന്ന് വിട്ടുകൊടുത്ത സ്ഥലത്ത് മോട്ടോർ ഷെഡും പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. വെള്ളമെടുക്കുന്ന പൈപ്പിൽത്തന്നെ മറ്റൊരു പൈപ്പ് ഘടിപ്പിച്ചാണ് ഫാമിൽ നിന്നുള്ള മാലിന്യം തിരിച്ചൊഴുക്കുന്നത്. ഫാമിൽ നിന്നുള്ള മലിനജലവും ബയോഗ്യാസ് നിർമ്മിച്ചതിനു ശേഷമുള്ള സ്ലറിയുമാണ് പുഴയിലേക്കൊഴുക്കുന്നത്. ഏഴു മണിയോടെയാണ് മാലിന്യം തുറന്നു വിടുന്നതെന്നും ഈ സമയത്ത് രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നതെന്നും നാട്ടുകാർ പറയുന്നു.

നേരത്തേ ഫാമിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി നാട്ടുകാരുടെ പരാതി ഉയർന്നതിനെ. തുടർന്ന് പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷൻ ഉൾപ്പെടെ ഇടപെട്ട് മാലിന്യപ്രശ്നം പരിഹരിക്കുകയായിരുന്നു. വീണ്ടും ദുർഗന്ധമുയർന്നപ്പോഴാണ് പുഴയിലേക്ക് പൈപ്പുകൾ സ്ഥാപിച്ചതും മാലിന്യം പുഴയിലേക്ക് തുറന്നു വിടുന്നതും നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. രാത്രി കാലങ്ങളിൽ മാലിന്യം വ്യാപകമായി പുഴയിലേക്ക് തള്ളിയിരിക്കാമെന്നും നാട്ടുകാർ സംശയിക്കുന്നു. കൊടുങ്ങല്ലൂർ നഗരസഭയിലേക്കുൾപ്പെടെ കുടിവെള്ളമെത്തിക്കുന്ന ചെറുതും വലുതുമായ നിരവധി കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന പുഴയിലേക്കാണ് മാലിന്യം തള്ളുന്നതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി നഗരസഭയ്ക്ക് പരാതി നൽകുമെന്നും നാട്ടുകാരനായ ഓമംഗലത്ത് സുനിൽ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253