പ്രവാസികളെ വരവേൽക്കാൻ ഒരുങ്ങി ഗാഗുൽത്ത ധ്യാന കേന്ദ്രം

വിദേശത്ത് നിന്ന് വരുന്ന പ്രവാസികളെ വരവേൽക്കാൻ ഒരുങ്ങി ക് തലക്കോട്ടുക്കരയിലെ ഗാഗുൽത്ത ധ്യാന കേന്ദ്രം. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന 70 പേർക്ക് ക്വാറന്റൈൻ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ക്വാറന്റൈൻ കേന്ദ്രം സജ്ജമായതിന്റെ പശ്ചാത്തലത്തിൽ കുന്നംകുളം തഹസിൽദാരുടെ അധ്യക്ഷതയിൽ ധ്യാന കേന്ദ്രത്തിൽ യോഗം ചേർന്നു. ചൂണ്ടൽ പഞ്ചായത്തിന്റെ പരിധിയിലുള്ള ധ്യാനകേന്ദ്രം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപ്പിച്ചതിനാൽ അടച്ച് പൂട്ടിയിരിക്കുകയാണ്. ഇവിടെ നടക്കാറുള്ള ധ്യാനങ്ങൾക്കെത്തുന്നവർക്ക് താമസിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ മുറികളിലാണ് പ്രവാസികൾക്ക് ക്വാറന്റൈൻ ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം ജീവനക്കാരുടെയും നിർദ്ദേശാനുസരണം ഡി.വൈ.എഫ്. ഐ. പ്രവർത്തകരായ സന്നദ്ധ പ്രവർത്തകരുടെയും, ആരോഗ്യ പ്രവർത്തകരുടെയും, ആശ പ്രവർത്തകരുടെയും നേതൃത്വത്തിൽ ധ്യാന കേന്ദ്രത്തിലെ മുറികൾ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തിരുന്നു. കൂടാതെ നീരിക്ഷണത്തിലിരിക്കുന്നവർക്ക് വേണ്ട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നെടുമ്പാശ്ശേരി എയർപ്പോർട്ടിലെത്തുന്ന തൃശൂർ ജില്ലക്കാരായ പ്രവാസികൾക്ക് ക്വാറന്റൈൻ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ചൊവ്വാഴ്ച്ച രാത്രിയോടെ ഈ കേന്ദ്രത്തിലേക്ക് പ്രവാസികൾ എത്തുമെന്ന അറിയിപ്പിന്റെ ഭാഗമായാണ് തഹസിൽദാർ പി.ആർ.സുധ അടിയന്തിരമായി യോഗം വിളിച്ച് ചേർത്തത്. ക്വറന്റൈൻ കേന്ദ്രത്തിൽ സേവനത്തിന് തിരഞ്ഞെടുത്ത ആരോഗ്യ പ്രവർത്തകരുടെയും, കെയർ ടേക്കർമാരുടെയും സന്നദ്ധ പ്രവർത്തകരുടെയും യോഗമാണ് ചേർന്നത്. സേവനത്തിന് തിരഞ്ഞെടുത്തവർക്ക് കഴിഞ്ഞ ദിവസം ചൂണ്ടൽ പ്രാഥമികാരോഗ്യ കേന്രത്തിലെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പരിശീലനം നൽകിയിരുന്നു. ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് പ്രവാസികൾ എത്തി തുടങ്ങുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് തഹസിൽദാർ യോഗത്തിൽ വിശദീകരിച്ചു. ചൂണ്ടൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീം, സ്ഥിരം സമിതി അധ്യക്ഷരായ ടി.എ.മുഹമ്മദ് ഷാഫി, ഷാജി കുയിലത്ത്, പഞ്ചായത്ത് അംഗം യു.വി.ജമാൽ, സെക്രട്ടറി പി.എ.ഷൈല, മെഡിക്കൽ ഓഫീസർ ഡോ. ഉല്ലാസ് മോഹൻ, എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Comments are closed.