1470-490

പൊട്ടക്കിണറ്റിൽ വീണ ആടിനെ രക്ഷിച്ച് എസ് ടി പ്രമോട്ടറായ യുവതി.

എസ്ടി പ്രമോട്ടർ ശ്രീന പൊട്ട കിണറിലിറങ്ങി ആടിനെ രക്ഷിക്കുന്നു.

ബാലുശ്ശേരി: പൊട്ടക്കിണറ്റില്‍ ഇറങ്ങി ആടിനെ രക്ഷിച്ച് ട്രൈബല്‍ പ്രൊമോട്ടറായ യുവതി നാടിന് അഭിമാനമായി. പനങ്ങാട് പഞ്ചായത്തിലെ കൂരിക്കുന്ന് കോളനിയിലെ പ്രൊമോട്ടറായ ശ്രീനയാണ് പുരഷന്‍മാര്‍ പോലും ഇറങ്ങാന്‍ ഭയക്കുന്ന പൊട്ടക്കിണറ്റില്‍ ഇറങ്ങി ആടിനെ കരക്കെത്തിച്ചത്.

പനങ്ങാട് പഞ്ചായത്തിലെ കൂരിക്കുന്ന് എസ് ടി കോളനിയിലെ പ്രൊമോട്ടറായ വി ശ്രീനയും പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയായ വാര്‍ഡ് മെമ്പര്‍ എന്‍ വി വിലാസിനിയും ശനിയാഴ്ച ഉച്ചയോടെയാണ് കോളനി സന്ദര്‍ശനത്തിന് എത്തിയിരുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലേക് ഡൗൺ കാരണം പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളെ തേടിയിറങ്ങിയതായിരുന്നു ഇരുവരും. സന്ദർശനം പൂർത്തിയാക്കി മടങ്ങാനിരിക്കേ വൈകിട്ടോടെയാണ് കോളനിലെ താമസക്കാരനായ രാമന്റെ പേരക്കുട്ടിയായ അഞ്ചു വയസ്സുകാരി ഓടിയെത്തിയത്. ആട് കിണറ്റില്‍ വീണുവെന്നും ആരെങ്കിലും വന്ന് രക്ഷിക്കണമെന്നുമായിരുന്നു കുട്ടി പറഞ്ഞത്. ശ്രീനയും വാര്‍ഡ് മെമ്പറും ഓടിയെത്തിയപ്പോള്‍ രാമന്‍ നിസ്സഹായനായി കിണറ്റിന്‍ കരയില്‍ നില്‍ക്കുകയായിരുന്നു. കിണറ്റില്‍ വെള്ളമില്ലാത്തതിനാല്‍ എല്ലാവിധ മാലിന്യങ്ങളും നിക്ഷേപിക്കുന്നതും മണ്ണിടിച്ചിൽ ഭീഷണിയുള്ളതുമായ കിണറായിരുന്നു അത്. എന്നാൽ എല്ലാം അവഗണിച്ചു കയറും ഏണിയും ഇറക്കി ശ്രീന കിണറ്റില്‍ ഇറങ്ങി ആടിനെ കരക്കെത്തിക്കുകയായിരുന്നു. സ്വന്തം ജീവന്റെ കാര്യത്തില്‍ ആ സമയം ചിന്തിച്ചില്ലെന്നാണ് ശ്രീന പറയുന്നത്. ശ്രീനയുടെ അവസരോചിത ഇടപെടലില്‍ കോളനി നിവാസികളും സന്തോഷത്തിലാണ്. സംസ്ഥാന യുവജന കായിക മത്സരത്തിൽ ഓട്ട മത്സരങ്ങളിലെ സ്ഥിരം പ്രതിഭയായ ശ്രീന പഞ്ചായത്തിലെ പ്രധാന ആദിവാസി കേന്ദ്രമായ വയലട കോട്ടക്കുന്നിലടക്കം തലച്ചുമടായി ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകി മാതൃകാ പ്രവർത്തനം കാഴ്ച്ച വെച്ചു വരികയാണ്. ശ്രീനയുടെ നിസ്വാർത്ഥമായ സേവനത്തിന് അർഹമായ അംഗീകാരവും ആദരവും നൽകുമെന്ന് പനങ്ങാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഉസ്മാൻ സിറാജിനോട് പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139