1470-490

ജീവനക്കാരെത്തുന്നത് സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെ

പൊന്നാനി: നഗരസഭയുടെ നിരീക്ഷണ കേന്ദ്രങ്ങളിൽ താല്ക്കാലിക ജീവനക്കാരെത്തുന്നത് യാതൊരു സുരക്ഷമുൻകരുതലുകളുമില്ലാതെ
നഗരസഭ കോവിഡ് കെയർ സെന്ററുകളിലെ മാലിന്യം കത്തിക്കുന്നത് പൊതുശ്മശാനത്തിന് സമീപം
അന്തർ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ നിരീക്ഷത്തിൽ പാർപ്പിക്കാനായി പൊന്നാനി നഗരസഭ രണ്ടിടങ്ങിൽ ആരംഭിച്ച നിരീക്ഷണ കേന്ദ്രങ്ങളിൽ താല്ക്കാലിക ജീവനക്കാരെത്തുന്നത് യാതൊരു സുരക്ഷമുൻകരുതലുകളുമില്ലാതെയെന്ന് ആരോപണം.നഗരസഭ താല്ക്കാലിക ശുചീകരണ വിഭാഗത്തിലെ രണ്ട് പേരാണ് എല്ലാം ദിവസവും ശുചീകരണത്തിന് എത്തുന്നത്. പൊന്നാനി കെ.എം.കെ.ടൂറിസ്റ്റ് ഹോം, പ്ലാസ ട്രൂത്ത് എന്നീ രണ്ട് കേന്ദ്രങ്ങളിൽ 36 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.ഇരു സ്ഥലങ്ങളിലെയും ശുചീകരണവും, മാലിന്യങ്ങൾ ശേഖരിക്കലുമാണ് ഇരുവരും ചെയ്യുന്നത്. റെഡ് സോണിൽ നിന്നും,ഹോട്ട് സ്പോട്ടുകളിൽ നിന്നും എത്തിയവരുൾപ്പെടെ താമസിക്കുന്നയിടത്തേക്കാണ് യാതൊരു സുരക്ഷ മുൻകരുതലും സ്വീകരിക്കാതെ ശുചീകരണ തൊഴിലാളികൾ എത്തുന്നത്.
കഴിഞ്ഞ ദിവസം മാറഞ്ചേരിയിൽ കോവിഡ് സ്ഥിരീകരിച്ചയാൾക്കൊപ്പം യാത്ര ചെയ്തയാൾ വരെ നഗരസഭയുടെ നിരീക്ഷണ കേന്ദ്രത്തിലാണ് കഴിയുന്നത്. ഇയാളെ ഞായറാഴ്ച മഞ്ചേരിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. മറ്റു സ്ഥലങ്ങളിൽ പുറമെ നിന്നെത്തുന്നവരെ പാർപ്പിക്കുന്നയിടങ്ങളിൽ ശുചീകരണത്തിനും, മറ്റുമെത്തുന്നവർക്ക് പ്രത്യേകകോട്ടുൾപ്പെടെയുള്ള മെഡിക്കൽ കിറ്റ് നൽകാറുണ്ടെങ്കിലും, പൊന്നാനിയിൽ സാധാരണ സമയങ്ങളിൽ ഉപയോഗിക്കാറുള്ള കൈയ്യുറ മാത്രമാണ് ഉപയോഗിക്കുന്നത്. ഇവിടെ നിന്നും ശേഖരിച്ച മാലിന്യങ്ങൾ ഭാരതപ്പുഴയോരത്തെ ശ്മശാനത്തിന് സമീപത്ത് വെച്ച് കത്തിച്ച് കുഴിച്ചുമൂടുകയാണ്. ഇതിനു ശേഷം നിരവധി പേരെത്തുന്ന നഗരസഭ കാര്യാലയത്തിലേക്ക് ഇവർ തിരിച്ചെത്തുന്നതും അപകട ഭീഷണിയാവുകയാണ്.
റെഡ് സോണിൽ നിന്ന് എത്തിയവർ പോലും താമസിക്കുന്നിടത്ത് ദിനംപ്രതി എത്തുന്ന ജീവനക്കാർക്ക് സുരക്ഷാ മുൻകരുതൽ നൽകാത്തതിനെതിരെ പ്രതിഷേധം ഉയരുകയാണ്.

Comments are closed.