1470-490

മൊബൈല്‍ സ്‌ക്വാഡ് ഓഫീസ് ലേബര്‍ റൂമായി

ലോക്ക് ഡൗണ്‍ കാലം ചാലക്കുടി വനം റേഞ്ച് ഓഫീസിന്റെ കീഴിലുള്ള മൊബൈല്‍ സ്‌ക്വാഡ് ഓഫീസ് ലേബര്‍ റൂമായി. വനം വകുപ്പിന്റെ ഓഫീസ് അത്യപൂര്‍വ്വ കാഴ്ചക്കാണ് വേദിയായത്. കാഴ്ച ബംഗ്ലാവുകളില്‍ പോലും കാണുവാന്‍ സാധിക്കാത്തതും, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി നടക്കുന്നതുമായ കാര്യത്തിനാണ് വനം വകുപ്പിന്റെ ഓഫീസും, ഉദ്യോഗസ്ഥരും സാക്ഷിയായത്. വനം വകുപ്പ് വാച്ചറായ ഫിലിപ്പ് കൊറ്റനല്ലൂര്‍ കഴിഞ്ഞ മാര്‍ച്ച് പതിനേഴാം തീയതി ഇരിഞ്ഞാലക്കുട കരുവന്നൂരില്‍ നിന്ന് പിടികൂടിയ മലംപാമ്പിനെ ചാലക്കുടി വനം വകുപ്പിന്റെ മൊബൈല്‍ സ്‌ക്വാഡ് ഓഫീസില്‍ കൊണ്ടു വന്നു സൂക്ഷിച്ചിരുന്നു. പിറ്റേ ദിവസം വനത്തില്‍ കൊണ്ടു പോയി കളയുവാന്‍ നോക്കിയപ്പോഴാണ് മുട്ടയിട്ടിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഉടനെ തന്നെ സുരക്ഷിതമായ ഒരു വലിയ കൂട്ടിലാക്കുകയായിരുന്നു. അന്ന് തന്നെ ഏകദേശം മൂപ്പതോളം മുട്ടകള്‍ പാമ്പ് ഇടുകയായിരുന്നു. മുട്ടയിട്ട് സാധാരണയായി അറുപത് മുതല്‍ എണ്‍പത് ദിവസത്തിനുള്ളിലാണ് മുട്ട വിരിയാറുള്ളത്. മുട്ടയിട്ട് അറുപത്തിയേഴാം ദിവസമാണ് ഇവിടെ മുട്ട വിരിഞ്ഞത്.ഇവിടുത്തെ വനിത ഉദ്യോഗസ്ഥരടക്കം ആറ് പേരുടെ പരിചരണയിലാണ് ഇവര്‍ പേരു നല്‍കിയ അമ്മിണിയെന്ന മലമ്പാമ്പ് ഇരുപത്തിയഞ്ചോളം വരുന്ന കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.മൂന്ന് നാല് മുട്ടകള്‍ കൂടി വിരിഞ്ഞ് വരുന്നുണ്ട്. അവ കൂടിയായാല്‍ മുപ്പതോളം കുഞ്ഞുങ്ങളും അമ്മയും ഇവിടെ സുഖമായിരിക്കുന്നു.കൂട്ടിലാക്കിയ മലമ്പാമ്പിന് കോഴിയടക്കമുള്ള തീറ്റകള്‍ നല്‍കിയെങ്കിലും മുട്ടയിട്ട് മുട്ടവിരിയാറായ ശേഷമാത്രമാണ് പാമ്പ് ഇരയെടുത്തുള്ളു. അത് വരെ കോഴിയെ കൂട്ടിലിടിരിന്നെങ്കിലും ഭക്ഷണം കഴിക്കുവാന്‍ പാമ്പ് തയ്യാറായിരുന്നില്ല.ലോക്ക് ഡൗണിലും യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അമ്മിണിയെന്ന പാമ്പിനെ സുഖമായി ശുശ്രൂഷിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി. രവീന്ദ്രന്‍, ബീറ്റ് ഓഫീസര്‍മാരായ ജിനി, പ്രസീദ.ഫോറസ്റ്റ് വാച്ചര്‍ ഫിലിപ്പ് കൊറ്റനല്ലൂര്‍ എന്നിവരുടെ പരിചരണത്തിലായിരുന്നു പാമ്പ് കഴിഞ്ഞിരുന്നത്. കുഞ്ഞുങ്ങള്‍ ഇരയിടുക്കാറായാല്‍ അമ്മയേയും കുഞ്ഞുങ്ങളേയും വനത്തില്‍ കൊണ്ടു വിടുമെന്ന പി. രവീന്ദ്രന്‍ പറഞ്ഞു.

Comments are closed.