വടക്കാഞ്ചേരി – കുന്നംകുളം 220 കെ.വി. ലൈൻ : നിർമ്മാണം പുനരാരംഭിച്ചു

വടക്കാഞ്ചേരി – കുന്നംകുളം 220 കെ.വി. ലൈൻ :
ലോക്ഡൗണിൽ നിലച്ച നിർമ്മാണം പുനരാരംഭിച്ചു
കുന്നംകുളം കെ.എസ്.ഇ.ബി. സബ് സ്റ്റേഷന്റെ ശേഷി കൂട്ടുന്നതിനുള്ള 220 കെ.വി. വൈദ്യുതി ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ഇതിന്റെ രണ്ട് ടവറുകൾ കാഞ്ഞിരക്കോട്, കരിയന്നൂർ എന്നിവിടങ്ങളിലായാണ് ലോക്ഡൗൺ സമയത്ത് ഉയർന്നത്. ഏറ്റവും കൂടുതൽ ടവറുകൾ ഉയരേണ്ട 40 പ്രവൃത്തിദിവസങ്ങളിൽ തടസ്സങ്ങൾ നേരിട്ടത് പദ്ധതിയെ മന്ദഗതിയിലാക്കിയെങ്കിലും കെഎസ്ഇബി അധികൃതർ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
42-45 മീറ്റർ ഉയരത്തിലുള്ള ടവറുകളിൽ മുകളിൽ 220 കെ.വി. ലൈനും താഴെ 110 കെ.വി. ലൈനുമാണ് ഉണ്ടാവുക. ചിലയിടങ്ങളിൽ 58 മീറ്റർ വരെ ടവറുകൾക്ക് ഉയരമുണ്ടാകും. രണ്ട് ലൈനിലും കൂടി ആകെ 12 കമ്പികളാണ് ഓരോ ടവറുകളിലൂടെയും കടന്നുപോകുക. കേരള ട്രാൻസ്ഗ്രിഡ് ഷൊർണ്ണൂർ സെക്ഷന്റെ മേൽനോട്ടത്തിലാണ് പണികൾ നടക്കുന്നത്.
പത്ത് ടീമുകളായാണ് 82 ടവറുകളുടെ പണി നടന്നിരുന്നത്. എന്നാൽ ലോക്ഡൗണായതോടെ ഭൂരിഭാഗം തൊഴിലാളികളും മടങ്ങി. ഏപ്രിൽ 22-ന് പണി പുനഃരാരംഭിച്ചെങ്കിലും നാല് ടീമുകൾ മാത്രമാണ് പണിയെടുക്കുന്നത്.
ഏറ്റവും കൂടുതൽ ടവറുകൾ പാടശേഖരങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ കൊയ്ത്തിനും വിരിപ്പുകൃഷിയ്ക്കും തടസ്സമില്ലാതെയാണ് പണികൾ ആസൂത്രണം ചെയ്തത്. വരും നാളുകളിൽ കാലവർഷം എത്തുന്നതോടെ സുരക്ഷ കണക്കിലെടുത്ത് ടവർ നിർമ്മാണം നടക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ഈ സമയം അടിത്തറയുടെ പണികൾ പൂർത്തിയാക്കും.
എൽ ആൻഡ് ടി കൺസ്ട്രക്ഷനാണ് നിർമ്മാണച്ചുമതല നൽകിയിരിക്കുന്നത്. കുന്നംകുളം സബ്ബ് സ്റ്റേഷന്റെ ശേഷി വർധിക്കുന്നതോടെ ഗുരുവായൂർ, കണ്ടശ്ശാംകടവ്, പുന്നയൂർക്കുളം, അത്താണി എന്നിവിടങ്ങളിലെ വോൾട്ടേജ് വർധിപ്പിക്കാനും തകരാർ കുറക്കാനും സാധിക്കും.
Comments are closed.