1470-490

ക്ഷേമ പെൻഷൻ തട്ടിപ്പ്: പ്രതികാര നടപടി അവസാനിപ്പിക്കണം

ക്ഷേമ പെൻഷൻ തട്ടിപ്പ്: വയോധികയോടുള്ള പഞ്ചായത്ത് അധികൃതരുടെ പ്രതികാര നടപടി അവസാനിപ്പിക്കണം : യുവമോർച്ച

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി : ക്ഷേമപെൻഷൻ തട്ടിയെടുത്ത സി.പി.എം നേതാവിനെതിരെ പരാതി നൽകിയ വയോധികയോടുള്ള ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഒറവങ്കര സെലീന എന്ന വയോധികയുടെ സിസംബറിൽ വിതരണം ചെയ്ത ആഗസ്റ്റ്, സെപ്തംബർ മാസത്തെ പെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത സി.പി.എം നേതാവും സഹകരണ ബാങ്ക് താൽക്കാലിക ജീവനക്കാരനുമായ സതീഷ് ചന്ദ്രനെതിരെ പഞ്ചായത്ത് സിക്രട്ടറിയ്ക്കും കൊയിലാണ്ടി പോലീസിലും ജില്ല കളക്ടർക്കും പരാതി നൽകിയെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിക്കാതെ സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് പ്രതികാര ബുദ്ധിയോടെ പെൻഷൻ റദ്ദാക്കുകയാണുണ്ടായത്.
പെൻഷൻ റദ്ദ് ചെയ്തതിന് അധികൃതർ നൽകുന്ന വിശദീകരണം പരാതിക്കാരിയായ വയോധിക കേരളത്തിൽ സ്ഥിരതാമസക്കാരിയല്ലെന്നും അവർക്ക് പരിധിയിൽക്കൂടുതൽ വരുമാനമുണ്ടെന്നുമാണ്. എന്നാൽ ഇതേ വ്യക്തിയ്ക്ക് റേഷൻ കാർഡ് ലഭ്യമാക്കാൻ റെക്കമൻഡ് ചെയ്തത് ഭരണകക്ഷിയിൽ പെട്ട എം.എൽ.എ തന്നെയാണ്. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി പെൻഷൻ റദ്ദ് ചെയ്യണമെന്ന പരാതി തള്ളിയിരുന്നു. എന്നാൽ പ്രതികാര മനോഭാവത്തോടെ പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് മീറ്റിംഗിൽ പ്രതിപക്ഷത്തിൻ്റെ എതിർപ്പ് വകവെക്കാതെ പെൻഷൻ റദ്ദ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
സെലീന എന്ന വ്യക്തിയുടെ പെൻഷൻ്റെ അർഹത പെൻഷൻ അനുവദിച്ച സമയത്ത് പഞ്ചായത്ത് എന്ത് കൊണ്ട് പരിശോധിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും ഒപ്പം അനർഹരായിട്ടുള്ള നിരവധി പാർട്ടിക്കാർക്ക് അനധികൃതമായി പെൻഷൻ നൽകുന്നതിനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും യുവമോർച്ച മണ്ഡലം പ്രസിഡൻറ് അഭിൻ അശോകൻ ആവശ്യപ്പെട്ടു.
വയോധികയുടെ ക്ഷേമപെൻഷൻ തട്ടിയെടുത്തയാൾക്ക് എതിരെ നിരന്തരം പരാതി ഉന്നയിച്ചിട്ടും യാതൊരു വിധ നടപടിയും എടുക്കാതെ പരാതിക്കാരിയോട് പക പോക്കുന്ന സമീപനം പഞ്ചായത്ത് ഭരണസമിതി ഉപേക്ഷിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139