1470-490

തൊണ്ണൂറിന്റെ നോമ്പോർമ്മകളുമായ് “പെട ജാതി “‘ മമ്മദ്കുട്ടി

മുണ്ടോത്ത് കല്ലിങ്കൽ മമ്മദ് കുട്ടി

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: ലോക് ഡൗൺ നിയന്ത്രണണങ്ങൾ പാലിച്ച് വീട്ടിലിരിക്കുമ്പോഴും തൊണ്ണൂറിന്റെ നിറവിൽ നോമ്പോർമ്മകൾ പെയ്തിറങ്ങുകയാണ് മമ്മദ് കുട്ടിയുടെ മനസ്സിൽ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ മീൻ കൊട്ടയുമായി പകലന്തിയോളം ദുരിതക്കടൽ താണ്ടി ഭാര്യയും ഏഴുമക്കളുമടങ്ങിയ കുടുംബത്തെ കരക്കടുപ്പിച്ച കാലം. ഉള്ള്യേരി മുണ്ടോത്ത് കല്ലിങ്കൽ മമ്മദ് കുട്ടിക്ക് അതൊക്കെ ഇന്നും നര തീണ്ടാത്ത ഓർമ്മകളാണ്. താമരശ്ശേരി – കൊയിലാണ്ടി റൂട്ടിൽ “പെട ജാതി “മമ്മദ് കുട്ടി എന്ന മത്സ്യ വില്പനക്കാരനെ അറിയാത്തവർ അന്നും ഒന്നും ചുരുക്കം. നാട്ടുകാരാണ് ആ പേര് കല്പിച്ച് നൽകിയത്. ദിവസവും കാലത്ത് തന്നെ കൊയിലാണ്ടി കടപ്പുറത്ത് നിന്നും മായമില്ലാത്ത “പിടക്കുന്ന ” മീനുമായി ഗുഡ്സ് ഓട്ടോയിൽ മമ്മദ് കുട്ടി ഓരോ കവലയിലും എത്തും. അതോടെ “പെട ജാതി പെട ജാതി ” എന്ന മമ്മദ്ക്കായുടെ പരിചിത ശബ്ദം കേട്ട് സ്ഥിരം ‘കസ്റ്റമേഴ്സും’ വട്ടം കൂടും. പതിനാലാം വയസ്സിൽ തുടങ്ങിയതാണ് മീൻ കച്ചവടം. നവതിയുടെ നിറവിലും ആ തൊഴിൽ തുടരുകയാണ് മമ്മദ് കുട്ടി. നിറഞ്ഞ കാവു കൊട്ടയുമായി മുപ്പതിലേറെ കാലോമീറ്ററുകൾ താണ്ടിയ ആ പഴയ കാലം ഇന്നും ഓർമ്മയിലുണ്ട്. പ്രത്യേകിച്ച് നോമ്പ് കാലം. കൊയിലാണ്ടി നിന്നും താമരശ്ശേരിക്കാണ് ഓരോ ദിവസവുമുള്ള കാൽനടയാത്ര. മീൻ കൊട്ടകൾ തൂക്കിയ കാവണ്ടം ചുമലിലേറ്റി നടത്തം തുടങ്ങും. കൂട്ടിന് മറ്റ് കച്ചവടക്കാരായ അബ്ദുല്ല, മൂസ്സ, കുഞ്ഞൂസ്സ തുടങ്ങി ആറ് പേർ കൂടിയുണ്ടാവും. പൂനൂർ, താമരശ്ശേരി ചന്തകളിൽ എത്തുമ്പോഴേക്കും മിക്കവാറും മഗ് രിബ് ബാങ്ക് കൊടുത്തിരിക്കും. പിന്നെ നോമ്പുതുറക്കുള്ള സമയമാകും.അന്നാട്ടിലെ പരിചിതരായ വീടുകളിൽ വെച്ചാണ് മിക്കവാറും ദിവസങ്ങളിൽ ഈ ഏഴംഗ സംഘത്തിന്റെ നോമ്പുതുറ. പൂനൂരിലെ മരക്കാർ ഹാജിയുടേയും ഇമ്പിച്ചോതി ഹാജിയുടേയും വീടുകളിൽ വെച്ചുള്ള നോമ്പു തുറ ഇപ്പോഴും മനസ്സിലുണ്ട്. ഇരുട്ടുമ്പോഴാണ് നാട്ടിലേക്കുള്ള മടക്കയാത്ര. മുക്കാൽ അണയുടെ ചൂട്ടു വെളിച്ചത്തിൽ വിജനമായ ചെമ്മൺ പാതയിലൂടെ ഏഴംഗസംഘത്തിന്റെ വിയർത്തൊലിച്ചുള്ള യാത്ര ഇന്നും മറന്നിട്ടില്ല. വീടണയുമ്പോൾ സമയം രാത്രി ഏറെ കഴിഞ്ഞിരിക്കും. നോമ്പ് കാലത്തെ പുലർച്ചെയുള്ള അത്താഴമുണ്ട് വീണ്ടും കൊയിലാണ്ടി കടപ്പുറത്തേക്ക്. പിന്നിട്ട വഴികൾ കഷ്ടപ്പാടുകൾ നിറഞ്ഞതാണെങ്കിലും തെരെഞ്ഞെടുത്ത തൊഴിലാണ് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ധൈര്യം പകർന്നതെന്ന് മമ്മദ് കുട്ടി ഉറച്ച് വിശ്വസിക്കുന്നു. പ്രായാധിക്യം മൂലമുള്ള ശാരീരിക അവശതകൾക്കിടയിലും കൂടുൽ പ്രസരിപ്പോടെ ആത്മധൈര്യത്തോടെ മമ്മദ്ക്ക ആ പഴയ തൊഴിൽ തുടരുകയാണിന്നും.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139