1470-490

അടൽ ടിങ്ക റിംഗ് ലാബ്- മികച്ച പ്രവർത്തനം കാഴ്ചവെച്ച് ജി വി എച്ച് എസ് എസ് കതിരൂർ

അത്യാധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ പ്രായോഗികതലത്തിൽ സാധാരണ വിദ്യാർഥികൾക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നീതി ആയോഗിന്റെ സഹായത്തോടെ ആവിഷ്ക്കരിച്ച സ്വപ്നപദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്.
ശാസ്ത്ര മേഖലയിൽ പുതുനാമ്പുകളെ വളർത്തിയെടുക്കാൻ അടൽ ഇന്നവേഷൻ മിഷൻ നടത്തുന്ന  കേരളത്തിലെ അടൽ ടിങ്കറിംഗ് ലാബിനായിതിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ കതിരൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളും ഉൾപ്പെട്ടിരിക്കുന്നു.
സ്കൂളിൽനടത്തിയ ചിട്ടയായ പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരമാണിത്.
വിദ്യാലയത്തിലെ 6 മുതൽ 12 വരെയുള്ള ക്ലാസ്സിലെ തിരഞ്ഞെടുത്ത കുട്ടികൾക്കായി നടത്തുന്ന ഈ പദ്ധതി, 2019 ഡിസംബറിലാണ് സ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. ഓലപീപ്പിയിലും ഓല പന്തിലും കളിവഞ്ചിയിലും കൗതുകം നിറച്ചിരുന്ന ബാല്യം റോബോട്ടിക്സ് ,3D പ്രിൻറിംഗ് എന്നിവയിൽ പരിശീലനം നേടി ശാസ്ത്ര വിപ്ലവം സൃഷ്ടിക്കുകയാണ്.
നവയുഗ ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ ഗ്രാമത്തിലെ കുട്ടികൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന  ഈ പദ്ധതി വിദ്യാർഥികളിൽ ജിജ്ഞാസയും കമ്പ്യൂട്ടേഷണൽ ചിന്തയും ശാസ്ത്രീയമനോഭാവവും അഭിരുചിയും വളർത്തുന്ന തരത്തിൽ റോബോട്ടിംക്സ് , ആർട്ടിഫിഷൽ ഇൻറലിജസ്, I0T  (ഇൻറർനെറ്റ് ഓഫ് തിങ്സ്)  മുതലായ ആധുനിക ശാസ്ത്ര മേഖലയിൽ പരിശീലനം നടത്തി വരുന്നു. നിശ്ചിത സിലബസ്സനുസരിച്ച് കൃത്യമായ ആസൂത്രണത്തോടെ വിദഗ്ദ്ധർ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു. വിദ്യാർഥികൾ അനായാസമായി അവ പിന്തുടരുന്നു. എല്ലാ ആഴ്ചയിലും നടന്നു വരുന്ന പ്രാക്ടിക്കൽ – തിയറി ക്ലാസ്സുകൾക്കു പുറമേ ശില്പശാലകളും പ്രദർശനങ്ങളും പ്രൊജക്ടുകളും നടത്തുന്നു. ഈ പ്രവർത്തന മികവിന്റെ അംഗീകാരം തന്നെയാണ് നീതി ആയോഗ് സംസ്ഥാന തലത്തിൽ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ കതിരൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനത്തെത്തിയതും.
3D പ്രിന്റർ, ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ലാപ്ടോപ്പുകൾ എന്നിവയ്ക്കു പുറമെ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കുന്ന റോബോട്ടും ഈ ലാബിന്റെ പ്രത്യേകതയാണ്. ശാസ്ത്രകൗതുകത്തോടെ കുട്ടികൾ ചെയ്യുന്ന പ്രവർത്തനങ്ങളും പരിശീലനങ്ങളും ഓരോ മാസവും നീതി ആയോഗിന്റെ പോർട്ടലിൽ അപ് ലോഡ്  ചെയ്യുകയും മോണിറ്ററിംഗ് യഥാസമയം നടത്തുകയും ചെയ്യുന്നു. അതു കൊണ്ട് തന്നെയാണ് കഴിഞ്ഞ മാർച്ച് മാസത്തിൽ നടത്തി പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുത്ത അഞ്ച് വിദ്യാലയങ്ങളിൽ ഈ സ്കൂൾ ഉൾപ്പെട്ടതും.
സമീപത്തെ ഇതര വിദ്യാലയങ്ങൾക്ക് കൂടി ഉപയോഗപ്പെടുത്താവുന്ന രീതിയിൽ ശാസ്ത്ര ഗവേഷണ കേന്ദ്രമായി മാറുകയാണ് കതിരൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ. ഈ അടച്ചിടൽ കാലത്തും കുട്ടികൾക്കായി ഓൺലൈൻ ക്ലാസ്സുകൾ നടത്തുന്നു ബന്ധപ്പെട്ടവർ.
അത്യാധുനിക പരിശീലനത്തിലൂടെ നമ്മുടെ കുട്ടികളെ യുവ ശാസ്ത്ര പ്രതിഭകളാക്കി മാറ്റാനും സ്വയം നിർമ്മിത റോബോട്ടിക് കണ്ടുപിടുത്തങ്ങളിലേക്ക് അവരെ നയിക്കാനും സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിക്കാനും ഇരുപത്തൊന്നാംനൂറ്റാണ്ടിന്റെ അത്യാധുനിക സാങ്കേതിക മുന്നേറ്റമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തി വിദ്യാർഥികളെ പുതിയ പഠനമേഖലകളിലേക്കും തൊഴിൽ മേഖലകളിലേക്കും നയിച്ച് ലോകോത്തര നിലവാരത്തിലേക്ക് സാധാരണക്കാരായ കുട്ടികളെ എത്തിക്കുക എന്ന ലക്ഷ്യമാണ് ഈ സംരഭത്തിലൂടെ ഉദ്ദേശിക്കുന്നത്. അഖിലേന്ത്യ തലത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആവിഷ്ക്കാർ എന്ന സ്ഥാപനത്തിൻ്റെ സഹകരണത്തോടെയാണ് സ്ക്കൂളിൽ പദ്ധതി നടപ്പിലാക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223