1470-490

തരിശിടങ്ങളിൽ തളിരിടും

ഉപഭോക്‌തൃ സംസ്ഥാനമായ കേരളം മറ്റ്‌ സംസ്ഥാനങ്ങളിൽ ഉണ്ടാവാനിടയുള്ള ഭക്ഷ്യക്ഷാമംകൂടി കണക്കിലെടുത്ത്‌  തയ്യാറാക്കിയതാണ്‌ സുഭിക്ഷ കേരളം പദ്ധതി. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ  കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യക്കൃഷി മേഖലയിൽ  3860 കോടി രൂപയുടെ സമഗ്രപദ്ധതിയാണ്‌ നടപ്പാക്കുന്നത്‌. ഇതിൽ 1449 കോടി രൂപ കൃഷിക്കായാണ്‌ നീക്കിവെച്ചിരിക്കുന്നത്‌. തരിശുനിലങ്ങളിൽ പൂർണമായി കൃഷിയിറക്കുക, കൂടുതൽ തൊഴിൽ അവസരം സൃഷ്‌ടിച്ച്‌ യുവാക്കളെയും പ്രവാസികളെയും കൃഷിയിലേക്ക്‌ മടക്കിക്കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

തോട്ടഭൂമിയും പാടങ്ങളുമുൾപ്പെടെ 1,09,000 ഹെക്ടർ തരിശുഭൂമിയുണ്ടെന്നാണ്   കണക്ക്. ഉടമസ്ഥരുടെ സമ്മതത്തോടെയും അവരുടെ പങ്കാളിത്തത്തോടെയും തരിശുനിലങ്ങളിൽ ശാസ്‌ത്രീയമായി കൃഷിയിറക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ആദ്യഘട്ടത്തിൽ 25,000 ഹെക്ടർ തരിശുനിലത്തിലാണ്‌ കൃഷിയിറക്കുക. അതിൽ നെല്ല് 5000 ഹെക്ടർ, പച്ചക്കറി 7000 ഹെക്ടർ, വാഴ 7000 ഹെക്ടർ, കിഴങ്ങ് 5000 ഹെക്ടർ, പയർവർഗ്ഗങ്ങൾ 500 ഹെക്ടർ, ചെറുധാന്യങ്ങൾ 500 ഹെക്ടർ എന്നിങ്ങനെ കൃഷി ചെയ്യാനാണ്‌ ലക്ഷ്യമിടുന്നത്‌.  ഇതിനായുള്ള പ്രവർത്തനങ്ങൾ ഇതിനകം തുടങ്ങി. തരിശുഭൂമി അല്ലാതെയുള്ള 1,40,000 ഹെക്ടർ സ്ഥലത്ത് ഇടവിള കൃഷിയും നടത്തും. കൃഷിയിറക്കാൻ മുന്നോട്ടുവരുന്ന വ്യക്തികൾക്കും കൂട്ടായ്‌മകൾക്കും എല്ലാ പിന്തുണയും കൃഷി വകുപ്പ്‌ നൽകും. റാഗി, തിന, ചാമ തുടങ്ങിയ ചെറുധാന്യങ്ങളും ചെറുകിഴങ്ങ്‌, നനകിഴങ്ങ്‌ തുടങ്ങിയ കിഴങ്ങുവർഗങ്ങളും പ്രാധാന്യത്തോടെ കൃഷി ചെയ്യും. ജങ്ക്‌ ഫുഡ്‌ സംസ്‌കാരത്തിന്‌ ബദലായി മലയാളിയുടെ പരമ്പരാഗത ഭക്ഷണശീലം മുന്നോട്ടുവയ്‌ക്കാനാണിത്‌.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139