1470-490

കേച്ചേരി പുഴയുടെ നവീകരണ പ്രവർത്തികൾക്ക് തുടക്കമായി.

ചൂണ്ടൽ പഞ്ചായത്തിലൂടെ ഒഴുകുന്ന കേച്ചേരി പുഴയിൽ നിന്ന് മാലിന്യങ്ങൾ മാറ്റി പുഴ നവീകരിക്കുന്ന പ്രവർത്തിക്ക് ശനിയാഴ്ച്ച തുടക്കമായി. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും പുഴയിൽ അടിഞ്ഞ് കൂടിയ മാലിന്യങ്ങളും, കടപുഴകി വീണ വൻ മരങ്ങളുമുൾപ്പെടെയുള്ള പ്രളയാവശിഷ്ടങ്ങളാണ് നീക്കം ചെയ്യുന്നത്. ചൂണ്ടൽ പഞ്ചായത്ത് പരിധിയിൽ വരുന്ന പുഴയുടെ ആറര കിലോമീറ്റർ ദൂരത്തിൽ അവശിഷ്ടങ്ങൾ  അടിഞ്ഞ് കൂടിയ മേഖലകളിലെല്ലാം യന്ത്രത്തിന്റെ സഹായത്തോടെയാണ് നീക്കം ചെയ്യുക. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പുഴ സംരക്ഷണത്തിനായി നടപ്പിലാക്കി വരുന്ന പുനർജ്ജനി പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ നവീകരണ പ്രവർത്തികൾ നടത്തുന്നത്. പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ കേച്ചേരി പുഴയുടെ നവീകരണത്തിന്റെ  ഭാഗമായി ഒട്ടേറെ പ്രവർത്തനങ്ങളാണ് ഭരണസമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയിട്ടുള്ളത്. ഇതിൽ ഏറെ പ്രധാനപ്പെട്ട പദ്ധതികളായിരുന്നു പുഴ നടത്തവും, കൈയേറ്റങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ സർവ്വേ നടപടികളും. ഈ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഉണ്ടായ പ്രളയത്തിൽ പുഴയിലേക്ക് വൻമരങ്ങൾ കടപുഴകി വീണതും അവശിഷ്ടങ്ങൾ അടിഞ്ഞ് കൂടിയതും. മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇപ്പോൾ പുഴയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുന്ന നിലയിലുള്ള അവശിഷ്ടങ്ങളാണ് നീക്കം ചെയ്യുന്നതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീം പറഞ്ഞു. ഇതിനൊപ്പം അടിഞ്ഞ് കൂടിയ മണ്ണും നീക്കം ചെയ്യും. ഇങ്ങനെ നീക്കം ചെയ്യുന്ന മണ്ണ് ലേലം ചെയ്ത് ആ തുക പഞ്ചായത്തിലേക്ക് മുതൽ കൂട്ടുന്നതിനാണ് പഞ്ചായത്തിന്റെ തീരുമാനം. മഴ ശക്തമാക്കുന്നതിന് മുൻപായി തന്നെ പുഴ നവീകരണ പ്രവർത്തികൾ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് അധികാരികളും കാരറുകാരനും. നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം പുഴ കൈയേറ്റങ്ങൾ ഒഴിപ്പിച്ചെടുക്കുന്നതിന് തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത് അധികൃതർ.

Comments are closed.