1470-490

എളവള്ളിയിൽ ഹരിത വിപ്ലവത്തിന് തുടക്കം

ചിറ്റാട്ടുകര സഹകരണ ബാങ്കിൻ്റെ മേൽനോട്ടത്തിൽ എളവള്ളിയിൽ ഹരിത വിപ്ലവത്തിന് തുടക്കം
ചിറ്റാട്ടുകര: കാർഷിക മേഖലയായ എളവള്ളി ഗ്രാമ പഞ്ചായത്തിൽ പച്ചക്കറി വ്യാപനത്തിനായി ചിറ്റാട്ടുകര സഹകരണ ബാങ്ക് തുടക്കം കുറിച്ചു. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പച്ചക്കറി ഉൽപ്പന്നങ്ങൾക്ക് ക്ഷാമം നേരിടുമെന്ന സർക്കാർ മുന്നറിയിപ്പാണ് സഹകരണ ബാങ്കിനെ പച്ചക്കറി വിപ്ലവത്തിലേക്ക് നയിച്ചത്.
സ്വന്തമായി പച്ചക്കറിതൈകൾ മുളപ്പിച്ച് മിതമായ നിരക്കിൽ വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിട്ടുള്ളത്. ആവശ്യമായ വിത്തും നടീൽ വസ്തുക്കളും ഇതോടൊപ്പം വിതരണം ചെയ്യും.
നല്ലയിനം മരച്ചീനിയുടെ തണ്ടും പ്രതിഭ ഇനത്തിൽപ്പെട്ട മഞ്ഞൾ വിത്തും വിപണിയിൽ എത്തിയിട്ടുണ്ട്. മണ്ണുത്തി കാർഷിക സർവ്വകലാശാലയിൽ ഉൽപ്പാദിപ്പിച്ച നാടൻ വിത്തുകളും ഹൈബ്രിഡ് വിത്തുകളും കർഷക സേവന കേന്ദ്രം മുഖേന വിതരണം ചെയ്യും.
എളവള്ളി കൃഷിഭവൻ,കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവ മുഖേന
പച്ചക്കറി രംഗത്ത് വൻ കുതിച്ചു ചാട്ടത്തിന് തയ്യാറായ എളവള്ളി ഗ്രാമപഞ്ചായത്തിന് സഹകരണ ബാങ്കിൻ്റെ ഈ മുന്നേറ്റം കൂടുതൽ കരുത്തു പകരും.
നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ എന്നിവയിൽ അധിഷ്ഠിതമായ കൃഷി രീതിയിൽ നിന്നും പുതുതലമുറയെ പച്ചക്കറി കൃഷിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ബാങ്ക് നടത്തുന്നത്.
മുളക്, വെണ്ട, പയർ, പാവൽ, പടവലം, എന്നിവയുടെ തൈകൾ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
തൈകൾ മുളപ്പിക്കുന്നതിനുള്ള പരിശീലനം തെരഞ്ഞെടുക്കപ്പെട്ട 10 പേർക്ക് നൽകി. പച്ചക്കറി തൈകൾ ഗ്രാഫ്റ്റിങ് ചെയ്യാനുള്ള പരിശീലനവും ഉണ്ടായിരുന്നു.
ജൈവ കമ്പോസ്റ്റും വെർമിക്കുലേറ്റും പെർലൈറ്റും നിശ്ചിത ആനുപാതത്തിൽ കുഴച്ച മിശ്രിതമാണ് വിത്തുകൾ നടുന്നതിനുള്ള മാധ്യമമായി തയ്യാറാക്കുന്നത്.പോട്രേയിൽ നടുന്ന വിത്തുകൾ 5 മുതൽ 8 ദിവസത്തിനുള്ളിൽ മുള വന്നു തുടങ്ങും.
കൃത്യമായി വളപ്രയോഗം നടത്തി തൈകൾ കരുത്തുള്ളതാക്കിയ ശേഷം 15 മുതൽ 20 ദിവസത്തിനകം വിതരണം ചെയ്തു തുടങ്ങും.
ഹരിത വിപ്ലവത്തിൻ്റെ ഉദ്ഘാടനം മുരളി പെരുനെല്ലി എം എൽ .എ. നിർവ്വഹിച്ചു.ബാങ്ക് പ്രസിഡണ്ട് ജിയോ ഫോക്സ് അധ്യക്ഷനായി. താനൂർ കൃഷി അസി.ഡയറക്ടർ കെ.ജെ. ഒനിൽ,മണ്ണുത്തി യൂണിവേഴ്സിറ്റി ടെക്നിക്കൽ സ്ക്വിൽ അസിസ്റ്റൻറ് കെ. എസ്. ധന്യ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ജനപ്രതിനിധികളായ ആലീസ് പോൾ, ടി.സി.മോഹനൻ, കൃഷി ഓഫീസർ പ്രശാന്ത് അരവിന്ദ് കുമാർ, അശോകൻ മൂക്കോല, ഗീതാ മോഹനൻ, ബാങ്ക് സെക്രട്ടറി പോളി ഡേവിഡ് സി,പി.കെ. രമേഷ്,സരസ്വതി അജയൻ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു.

Comments are closed.