1470-490

പൊളിറ്റിക്കൽ ക്വാറന്റയിനെ സ്വാഗതം ചെയ്യുന്നു; രമ്യ ഹരിദാസ് എം പി

പൊളിറ്റിക്കൽ ക്വാറന്റയിനെ സ്വാഗതം ചെയ്യുന്നു,
കോവിഡ് പ്രതിരോധ പ്രവർത്തനം തുടരുക തന്നെ ചെയ്യുമെന്ന്
രമ്യ ഹരിദാസ് എം പി.
വാളയാറിൽ കുടുങ്ങിയ ആലത്തൂർ നിയോജകമണ്ഡലം നിവാസികൾ ഉൾപ്പെടെയുള്ളവരുടെ വേദനാജനകമായ സാഹചര്യം പരിശോധിക്കുവാനും അവരെ തെരുവിലുപേക്ഷിക്കാതെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുവാനുമായി സ്ഥലം സന്ദർശിച്ചതിന്റെ പേരിൽ മനപ്പൂർവ്വം സർക്കാർ ഒരുക്കിയ പൊളിറ്റിക്കൽ ക്വാറ ന്റയിനെ സ്വാഗതം ചെയ്യുന്നു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കും. ക്വാറന്റയിൻ കാലാവധിക്കുശേഷവും കൂടുതൽ ഊർജ്‌ജ സ്വലയായി നീതി നിഷേധിക്കപ്പെടുന്ന ജനങ്ങൾക്കുവേണ്ടി അവരുടെ അവകാശസംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കും. പൊളിറ്റിക്കൽ ക്വാറ ന്റയിൻ നൽകി തളർത്താമെന്ന വ്യാമോഹം ആരും പുലർത്തണ്ട.
വാളയാർ ചെക്ക് പോസ്റ്റ് വഴി ഒൻപതാം തിയ്യതി വന്ന യാത്രക്കാരിൽ കോവിഡ് സ്ഥരീകരിച്ച മലപ്പുറം സ്വദേശിയെ ദൂരെ നിന്ന് കൊണ്ട് കാണുവാനോ, മുഖ്യമന്ത്രിയുടെ ഭാഷയിൽ ടാറ്റ കൊടുക്കുവാൻ പോലും സാഹചര്യമുണ്ടായിട്ടില്ല. അവിടെയുണ്ടായിരുന്ന മാധ്യമ പ്രവർത്തകരുടെ കൈവശമുള്ള ചിത്രങ്ങളും വീഡിയോകളും പരിശോധിച്ചാൽ വസ്തുത ബോധ്യമാവും.
മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിലും പാലക്കാട് ജില്ലാ കളക്ടർ പന്ത്രണ്ടാം തിയ്യതി അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിലും സൂചിപ്പിച്ചത് മെയ് ഒമ്പതാം തിയ്യതിയാണ് മലപ്പുറം സ്വദേശി വാളയാർ ചെക്ക് പോസ്റ്റിൽ എത്തിയത് എന്നാണ്. കളക്ടർ കൃത്യമായും സമയം പറഞ്ഞിരുന്നു രാത്രി 10.30ന് എന്ന്.
ജന പ്രതിനിധികളായ ഞങ്ങളാരും പ്രസ്തുത ദിവസം രാത്രി 10.30 ന് വാളയാർ ചെക്ക് പോസ്റ്റ് പരിസരത്ത് ഉണ്ടായിരുന്നില്ല.ഞങ്ങൾ വാളയാറിലെത്തുന്നത് വൈകീട്ട് 4.30 ന് ശേഷം തിരിച്ചുപോരുന്നത് രാത്രി 9.53ന് ആണ്. സർക്കാർ ഞങ്ങളുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിക്കണം വസ്തുത ബോധ്യമാവും. മുഖ്യമന്ത്രിയും കളക്ടറും പറഞ്ഞതിന് വിപരീതമായി പാലക്കാട് ഡി എം ഒ പറയുന്ന രാവിലെ 10 മണിക്കും ഞങ്ങൾ വാളയാറിലില്ല. ഇതാണ് വസ്തുത എന്നിരുന്നിട്ടും ഞങ്ങളെ ക്വാറന്റീന് വിധേയമാക്കിയത് മനപ്പൂർവ്വം രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണ്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തുടക്കം മുതൽ ഭരണകൂടം ബോധപ്പൂർവ്വം രാഷ്ട്രീയം കളിച്ചിട്ടും ഞങ്ങൾ ജനങ്ങളാണ് വലുതെന്ന ജനാധിപത്യ മൂല്യം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുകയായിരുന്നു.
തൊണ്ണൂറുലക്ഷത്തിൽ പരം രൂപ എം പി പ്രദേശിക വികസന ഫണ്ടിൽ നിന്നും ഞാൻ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ജില്ലാ ഭരണകൂടം മൂഖാന്തിരം ഭരണാനുമതി നൽകിയിട്ടുണ്ട്. അനുവദിച്ച പണം ഇപ്പോഴും ചെലവഴിക്കാത്ത ഭരണ കൂട വീഴ്ച അവിടെ നിൽക്കട്ടെ. ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർ ആവശ്യപ്പെട്ട പ്രകാരമാണ് ഫണ്ട് അനുവദിച്ചത്.
പാർലിമെന്റ് മണ്ഡലത്തിൽ നിന്നും ഉപജീവനത്തിന്നായി അന്യനാടുകളിൽ പോയി ജോലി ചെയ്യുന്ന പ്രവാസികളെയും അന്യ സംസ്‌ഥാനങ്ങളിൽ ജോലി ചെയ്യുന്ന മറുനാടൻ മലയാളികളെയും തിരികെ കൊണ്ടുവരുന്നതിനായി കേന്ദ്ര സർക്കാരുമായും വിവിധ രാജ്യങ്ങളിലെ എംബസ്സികളുമായും ബന്ധപ്പെട്ട് അഹോരാത്രം ബുദ്ധിമുട്ടുകയും അവർക്ക് വേണ്ടി നിലകൊള്ളുകയും അതോടൊപ്പം കോവിഡ്‌ മഹാമാരി ഫലപ്രദമായി പ്രതിരോധിക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കുകയും കോവിഡ്‌ മൂലം പട്ടിണിയിലായ ആയിരങ്ങൾക്ക് സന്നദ്ധപ്രവർത്തകരുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ സാമൂഹിക പ്രവർത്തക എന്ന നിലയിൽ സഹായമെത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നതിലും ഏറെ അഭിമാനമുണ്ട്.
തൃശൂർ, പാലക്കാട് ജില്ലകളിലായി അഞ്ചു മന്ത്രിമാരും ഗവ.ചീഫ് വിപ്പും ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനും ഉൾപ്പെടെയുള്ള ഭരണകക്ഷി എം എൽ എ മാർ അവരവരുടെ നിയോജകമണ്ഡലങ്ങളിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പ്രവർത്തികൾ അല്ലാതെ സ്വന്തം നിലയിൽ ഈ കൊറോണ കാലത്ത് എന്ത് ചെയ്തുവെന്ന് പൊതു സമൂഹം വിലയിരുത്തണം. പല ഇടതുമുന്നണി ജന പ്രതിനിധികളേയും ഈ കാലഘട്ടത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പോലും പലപ്പോഴും കാണുവാനില്ല എന്നുള്ളത് ഞാൻ പറയാതെ തന്നെ ജനങ്ങൾക്ക് അറിവുള്ളതാണ്.
ഈ സാഹചര്യത്തിൽ പ്രവർത്തിക്കുന്നവരോട് വിരോധമുണ്ടാകും. അല്ലാതെ മറ്റൊന്നും ചെയ്യുവാനില്ലല്ലോ. ഒരു നല്ല പ്രവർത്തിയും ചെയ്യാത്തവർക്ക് ഇത് സ്വാഭാവികമാണ്. സമ്മതിക്കുന്നു. അത് ഇടത് രാഷ്ട്രീയം. ഞങ്ങളുടെ രാഷ്ട്രീയം വേറെയാണ്. ഞങ്ങൾ സഹായിച്ചതും സാന്ത്വനം നൽകിയതും രാഷ്ട്രീയം നോക്കിയല്ല. ഇനിയും രാഷ്ട്രീയം നോക്കാതെ സാമൂഹ്യ-ക്ഷേമ-വികസന പ്രവർത്തനങ്ങൾ ചെയ്യുക തന്നെ ചെയ്യും. എല്ലാവരേയും ഒരുപോലെ കാണുന്നു. അർഹതയുള്ളവരെ സഹായിക്കും. അവരുടെ കൂടെ നിൽക്കും പ്രയാസപ്പെടുന്നവന്റെ അടുത്ത് നേരിട്ടെത്തും. അത് ഇനിയും തുടരുക തന്നെ ചെയ്യും. അതിനാരുടേയും അനുവാദം ആവശ്യമില്ല. അതിന്റെ പേരിൽ ഏത് തരത്തിലുള്ള പീഡാനുഭവങ്ങളും സഹിക്കുവാൻ തയ്യാറുമാണ്.
മൂന്ന് എംപി മാരേയും രണ്ട് എംഎൽഎ മാരേയും, വാളയാറിലുണ്ടായ ഏതാനും ഉദ്യോഗസ്ഥരേയും, മാധ്യമ പ്രവർത്തകരേയും മാത്രം ക്വാറന്റൈന് വിധേയമാക്കിയതിനും ഞങ്ങളുമായി പ്രവർത്തനങ്ങൾക്കിടയിൽ സമ്പർക്കം പുലർത്തിയവരേയും ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് നന്ദി.
ഗുരുവായൂരിലെ പ്രവാസികൾക്കായുള്ള ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് വിധേയമാക്കിയടത്ത് രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഇവർ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുമാണെന്നിരിക്കെ ഈ സ്ഥലത്ത് കളക്ടറുടെ നിർദ്ദേശം ലംഘിച്ച് സന്ദർശനം നടത്തി പ്രവാസികളുമായി നേരിട്ട് സംസാരിച്ച മന്ത്രി ഉൾപ്പെടെയുള്ളവരെ ക്വാറന്റൈനിന് വിധേയമാക്കാത്ത “കോവിഡ് പ്രോട്ടോക്കോൾ” ലംഘനത്തെ ന്യായീകരിക്കുന്ന ജില്ലയിലെ കളക്ടറും മെഡിക്കൽ ബോർഡും LDF രാഷ്ട്രീയം കളിക്കുന്നത് ഗുണകരമല്ല. ഭാവിയിൽ ഇതിന് മറുപടി പറയേണ്ടിവരും.
വീട്ടു ക്വാറന്റൈനിലിരുന്ന് കൊണ്ട് തന്നെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലും സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമാകും.
ഏത് തരത്തിലുള്ള വിമർശനങ്ങൾക്കും ക്വാറന്റീനുകൾക്കും വിധേയമാക്കിയാലും ജനപക്ഷ രാഷ്ട്രീയം തുടരുക തന്നെ ചെയ്യും. അതിനാരുടേയും സർട്ടിഫിക്കറ്റ് വേണ്ട. സ്നേഹിക്കുന്ന ജനങ്ങളുടെ വിശ്വാസം മാത്രം മതിയെന്നും
രമ്യ ഹരിദാസ് എം പി പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879