1470-490

കോവിഡ് വിസ്‌കുകള്‍ സ്ഥാപിച്ചു

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രണ്ട് കോവിഡ് വിസ്‌കുകള്‍  സ്ഥാപിച്ചു

കോവിഡ് പരിശോധനയ്ക്ക് സാമ്പിള്‍ എടുക്കാന്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രണ്ട് കോവിഡ് വിസ്‌കുകള്‍ സ്ഥാപിച്ചു. നൂതന സംവിധാനങ്ങളുപയോഗിച്ച് കോവിഡ് പരിശോധനയ്ക്കായി ആളുകളുടെ ശരീരസ്രവം ശേഖരിക്കുന്ന സംവിധാനമാണ് കോവിഡ് വിസ്‌കുകള്‍. പൊതുമരാമത്ത് മെഡിക്കല്‍ കോളേജ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 75,000 രൂപ ചെലവഴിച്ചാണ് വിസ്‌ക് കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്. ഇതിലൂടെ പി.പി.ഇ കിറ്റ് ധരിക്കാതെ തന്നെ സ്രവ സാമ്പിള്‍ ശേഖരിക്കാന്‍ സാധിക്കും.

വിസ്‌കുകളില്‍ അണുനശീകരണത്തിനായി ലേസര്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നെഗറ്റീവ് പ്രഷര്‍ നല്‍കാനുള്ള സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ തവണ സ്രവം സ്വീകരിച്ച ശേഷം ഇരിപ്പിടവും ഗ്ലൗസും അണുവിമുക്തമാക്കും. ഏത് സ്ഥലത്തേക്കും മാറ്റാവുന്ന രീതിയിലാണ് വിസ്‌ക് സ്ഥാപിച്ചിരിക്കുന്നത്. 

കോവിഡ് ഒ പിക്ക് മുന്നില്‍ സ്ഥാപിച്ച വിസ്‌ക് കേന്ദ്രം ഇന്നലെ (മെയ് 15) മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി ശശി ഉദ്ഘാടനം ചെയ്തു. കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ.പി. ഷിനാസ് ബാബു, മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. അനിത, ഇ.എന്‍.ടി വിഭാഗം മേധാവി ഡോ. സുമ, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Comments are closed.