1470-490

കോവിഡ്: മുതലമട പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചിടാൻ നിർദേശം

രോഗം സ്ഥിരീകരിച്ച മുതലമട സ്വദേശി ചികിത്സ തേടിയ മുതലമട പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചിടാൻ നിർദേശം

സമ്പർക്കമുള്ളവർക്ക് ക്വാറന്റെയിൻ നിർദ്ദേശം

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മുതലമട സ്വദേശി ( തൊഴിൽ. സ്വദേശം, കുടുംബം സംബന്ധിച്ച് അദ്ദേഹം പറയുന്നതിൽ അവ്യക്തത ഉള്ളതായി ഡി.എം.ഒ അറിയിച്ചിട്ടുണ്ട്.) ചികിത്സതേടിയ മുതലമട ചുള്ളിയാർ മേട് പ്രാഥമിക ആരോഗ്യ കേന്ദ്രം രണ്ട് ദിവസത്തേക്ക് അടച്ചിടാനും കേന്ദ്രം അണുമുക്തമാക്കാനും നിർദ്ദേശിച്ചതായി ഡി.എം.ഒ കെ.പി റീത്ത അറിയിച്ചു. കേന്ദ്രത്തിലെ ജീവനക്കാരോട് ക്വാറന്റെയിൻ നിർദേശവും നൽകിയിട്ടുണ്ട്. ഡോക്ടറുടെയും സ്റ്റാഫ് നഴ്സുമാരുടെയും സാമ്പിൾ ഇന്ന് പരിശോധനയ്ക്കായി ശേഖരിക്കും. കഴിഞ്ഞ ദിവസം(മെയ് 14) കോവിഡ് സ്ഥിരീകരിച്ച വ്യക്തി ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് മെയ് ഏഴ്,ഒൻപത്,11 ദിവസങ്ങളിൽ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഡോക്ടർക്ക് കൃത്യമായ വിവരങ്ങൾ നൽകിയിരുന്നില്ല.അദ്ദേഹത്തിന് ഐവി ട്രിപ്പും ഇഞ്ചക്ഷനും നൽകിയിരുന്നു.11ന് നേരിയ ശ്വാസം മുട്ടൽ വന്നപ്പോൾ ആണ് ജില്ലാ ആശുപത്രിയിലേക്ക് വിട്ടത്. കുറച്ച് ദിവസങ്ങൾ മുതലമട ആശുപത്രിയിൽ ചികിത്സ തേടുകയും അടുത്തുള്ള കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ഭക്ഷണം വാങ്ങി വന്ന് ആശുപത്രിയിൽ തന്നെ സമയം ചിലവഴിച്ചതായി പറയുന്നുണ്ട്. മെയ് 9ന് മുതലമടയിലെ വെള്ളാരംകടവ് ബാബുപതി കോളനിയിലെ വൃദ്ധദമ്പതികളെ മാറ്റി പാർപ്പിക്കുന്നതിന് മുന്നോടിയായി ആശുപത്രിയിൽ കൊണ്ടു വന്നിരുന്നു. ഇതേ സമയത്ത് ഇദ്ദേഹം ഒ. പി യിൽ ഉണ്ടായിരുന്നതായാണ് ആശുപത്രി അധികൃതർ പറയുന്നത്. മുതലമട പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെ വിവിധ ജനപ്രതിനിധികൾ സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ ദമ്പതികളെ മാറ്റി പാർപ്പിക്കുന്നതിനുള്ള സഹായത്തിനായി കൂടെ ഉണ്ടായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്ന് ആശുപത്രിയിൽ ഉണ്ടായിരുന്ന ഇവർക്കുൾപ്പെടെ ക്വാറന്റെയിൻ നിർദ്ദേശിച്ചിട്ടുണ്ട്. തുടർന്ന് മെയ് 11 ന് ആശുപത്രിയിൽ നേഴ്സുമാരെ ആദരിക്കുന്നതിനായി സന്നദ്ധ പ്രവർത്തകനായ ഒരു സന്യാസി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പരിപാടിയിൽ ഇയാളുടെ സാമിപ്യം ഉണ്ടായതായി പറയുന്നുണ്ട്.

ഇടക്കിടെ മാനസികാസ്വസ്ഥ്യം പ്രകടപ്പിക്കുന്ന ഇയാൾ നാല് വർഷം മുന്നേ ഇവിടം വിട്ടു പൊള്ളാച്ചിക്കു പോയതാണ് എന്നാണ് ബന്ധുക്കൾ പറയുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് നാട്ടിൽ എത്തിയിരുന്നു. കാമ്പ്രത്ത് ചള്ളയിലുള്ള മാംഗോ ഗോ ഡൗണിൽ രാത്രി കിടക്കാറുള്ളതായും കൂടെ എപ്പോഴും ഒരു ഊമയായ യുവാവ് ഉണ്ടാവാറുള്ളതായും പറയുന്നുണ്ട്. കൂടാതെ ഇയാൾ വീടുകൾ കയറി സഹായം അഭ്യർത്ഥിച്ചിരുന്നതായും പറയുന്നുണ്ട്. കൂടെയുണ്ടായിരുന്ന വ്യക്തിയുടെ സാമ്പിളും ഇന്ന് പരിശോധനയ്ക്ക് എടുക്കും. വിവരങ്ങൾ അന്വേഷിച്ച് റൂട്ട് മാപ്പ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. വിവരങ്ങൾ വ്യക്തമായി കിട്ടാത്തതും സങ്കീർണവുമായതിനാൽ റൂട്ട് മാപ്പ് തയ്യാറാക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നും ഡി.എം.ഒ അറിയിച്ചിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139