1470-490

അടച്ചുപൂട്ടലിൽ ചിരട്ടയിൽ വിസ്മയവുമായി അനീഷ്

അനീഷ് ചിരട്ട കൊണ്ട് തീര്‍ത്ത വിവിധ രൂപങ്ങള്‍.

രഘുനാഥ്.സി.പി.

കുറ്റ്യാടി : ലോക് ഡൗണ്‍ അടച്ചു പൂട്ടലില്‍ അനീഷ് കരവിരുതില്‍ വിസ്മയം തീര്‍ക്കുകയാണ്. പുറത്തൊന്നുമിറങ്ങാനാകാതെ മുഷിഞ്ഞിരിക്കുന്നതിനിടയില്‍ തന്റെ കലാവാസന പുറത്തെടുത്ത് ചിരട്ടയില്‍ വിസ്മയം തീര്‍ക്കുകയായിരുന്നു അരൂരിലെ നടേമ്മല്‍ എറകുന്നുമ്മല്‍ നാണു-നാരായണി ദമ്പതികളുടെ മകനായ അനീഷ് (32) വെല്‍ഡിങ്ങ് തൊഴിലാളിയാണ്. കോവിഡ് 19 വ്യാപനത്തിനെതിരം ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടില്‍ തന്നെ ഇരിക്കുന്നതിനിടയിലാണ് തന്റെ കരവിരുത് പുറത്തെടുക്കാന്‍ തീരുമാനിച്ചത്. ചിരട്ട കൊണ്ട് നിരവധി കരവിരുതുകള്‍ മെനയുകയാണിപ്പോള്‍ അനീഷ്. മനുഷ്യ രൂപവും,മത്സ്യവും,പക്ഷിയും മാത്രമല്ല പൂവും പൂമ്പാറ്റയും തന്റെ കരവിരുതിലൂടെ നിര്‍മ്മിച്ചിരിക്കുകയാണ് ഈ യുവാവ്. അരൂര്‍ യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ നാദാപുരം ഉപജില്ലാ ശാസ്ത്രമേളയില്‍ ശില്‍പ്പ നിര്‍മ്മാണത്തില്‍ വിജയിയായിരുന്നു. പിന്നീട് ജീവിക്കാനൊരു തൊഴില്‍ എന്ന ചിന്തയില്‍ കരവിരുതിന് സമയമില്ലാതായി. ചിരട്ടയും ആക്‌സോ ബ്ലേഡും പശയും പോളിഷും കൊണ്ട് കണ്ണഞ്ചിപ്പിക്കുന്നരൂപങ്ങളാണ് അനീഷിന്റെ വീട്ടില്‍ നിറയുന്നത്. മനസില്‍ തെളിയുന്ന രൂപമെന്തായാലും അനീഷ് ചിരട്ട കൊണ്ട് അത് നിര്‍മ്മിച്ചിരിക്കും. അനീഷിന്‍രെ കരവിരുത് കണ്ട് വിസ്മയിച്ചിരിക്കുകയാണ് അയല്‍വാസികള്‍ പോലും. കാരണം അനീഷില്‍ ഇങ്ങിനെയൊരു കലാവാസന അവരാരും കണ്ടിരുന്നില്ല. ലോക് ഡൗണ്‍ കഴിഞ്ഞാലും കരവിരുത് അവസാനിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഭാര്യ ഷില്‍നയും മകന്‍ ആശ്മികും അനീഷിന് കൂട്ടായുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689