1470-490

അനന്തരം.

അജയ് മേനോന്‍.

 
 “ഹലോ, ഹലോ കേക്കണുണ്ടൊ ? “
“ഉം, പറഞ്ഞോളൂ”
“ നിന്റെ കയ്യില്‍ ഞാന്‍ തന്ന ഈ വീട്ടിന്റെ താക്കോല്‍ ഉണ്ടല്ലോ?”
“എന്താ ചോദിച്ചത് “
“നീ കാലത്ത് ഞാന് വിളിച്ചില്ലെങ്കില്‍ ഇങ്ങോട്ട് വിളിക്കാറില്ലേ?”
“ഉം,, എന്താ വേണ്ടെ?”
“തര്‍ക്കുത്തരം പറയരുത്, ഇത് വളരെ അത്യാവശ്യ കാര്യമാണ്”
“പറയൂ”
“കാലത്ത് ഞാന്‍ നിന്നെ വിളിച്ചില്ലെങ്കില്‍ നീ ഇങ്ങോട്ട് വിളിക്കുമ്പോഴും എന്നെ കിട്ടിയില്ലെങ്കില്‍ അര മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും വിളിക്കണം.എന്നിട്ടും എടുത്തില്ലെങ്കില്‍ നീ വീണ്ടും പത്ത് മിനിട്ട് കഴിഞ്ഞ് വിളിക്കണം. “
“എന്തിനാ”
“പറയുന്നത് മുഴുവന്‍ കേള്‍ക്ക്  , എന്നിട്ടും ഞാന്‍ എടുത്തില്ലെങ്കില്‍ നീ ഒരു മണിക്കൂറു കൂടി കഴിഞ്ഞ് ശ്രമിക്കണം. “
“ഉം, എന്നിട്ട്”
“പിന്നെയും കിട്ടിയില്ലെങ്കില്‍ ഫോണ്‍ വെറുതെ റിംഗ് ആവുന്നുവെങ്കില്‍ നീ ഇങ്ങോട്ട് വരണം. അത് എങ്ങിനെയാണെങ്കിലും.”
“എന്നിട്ട്?”
“നിന്റെ കയ്യിലുള്ള താക്കോലുകൊണ്ട് വീടിന്റെ മുന്‍വശത്തെ വാതല്‍ തുറക്കണം. ഞാന്‍ രാത്രി കിടക്കുമ്പോള്‍ ടവറ് ബോള്‍ട്ട് ഇടാറില്ല.”
“ഉം”
“നേരെ അകത്തേക്ക് ചെന്ന് എന്‍റെ ബെഡ് റൂമില്‍ നോക്കുക. അവിടെ എന്റെ ജഡം കാണും. അത് നീ കാണുമ്പോള്‍ നിന്റെ മനസ്സില്‍ എന്തായിരിക്കുമെന്ന് എനിക്കറിയില്ല. പിന്നെ ഒച്ചയും ബഹളവും ഉണ്ടാക്കാതെ എന്റെ മോളടെ നമ്പറില്‍ വിളിക്കുക. അവളെ സാവകാശം കാര്യം പറഞ്ഞ് മനസ്സിലാക്കുക. പിന്നെ എന്റെ വലിയച്ഛന്‍റെ മകന്. ഫോണ്‍ ചെയ്യുക.എന്റെ കസിന്‍ സിസ്റ്റര്‍ ദീപയെയും വിളിക്കുക. എന്റെ ഫോണില്‍ അവളുടെ നമ്പര്‍ ഉണ്ട്. നിനക്ക് എന്റെ പാറ്റേണ്‍ അറിയാമല്ലോ? ഇത്രയും ചെയ്താല്‍ പിന്നെ നിനക്ക് എന്‍റെ സ്റ്റഡി റൂമിലേക്ക് പോകാം. പോകുന്നതിനു മുന്പ് കിച്ചണില്‍ നിന്ന് പെര്‍ഫ്യൂം സ്പ്റേ എടുത്ത് ബെഡ് റൂമില്‍ നന്നായി അടിക്കുക. ഇനി ആരെങ്കിലും വരുമ്പോള്‍ ശവം നാറരുതല്ലോ.
പിന്നെ സ്റ്റഡി റൂമില്‍ ചെന്ന് എന്റെ മേശ തുറക്കുക. അതിനകത്ത് ഒരു ഗിഫ്റ്റ് റാപ്പറില്‍ പൊതിഞ്ഞ ഒരു പാക്കറ്റ് ഉണ്ട്. അത് നിനക്കുള്ളതാണ്. അവിടെ കമ്പ്യൂട്ടര്‍ മൌസിന്‍റെ താഴെ പാഡില്‍ എന്റെ എല്ലാ പാസ്സ് വേര്‍ഡ്സും ഞാന്‍ എഴുതി വച്ചിട്ടുണ്ട്. എന്റെ ഏ റ്റി എം നമ്പര്‍ വരെ. ആവശ്യമുള്ളവര്‍ അത് ഉപയോഗിച്ചോട്ടെ. നീ അവരോട് അത് പറഞ്ഞ് കൊടുക്കുക.
നമ്മള്‍ തമ്മില്‍ ഉള്ള സ്നേഹസമ്മാനമായി അവസാനമായി അത് നിന്‍റെ നെഞ്ചോട് ചേര്‍ക്കുക. നിനക്ക് വേണമെങ്കില്‍ എന്‍റെ മരവിച്ച നെറ്റിയില്‍ ഒരു അന്ത്യചുംബനം നല്‍കാം.എന്‍റെ ആത്മാവ് അത് സ്വീകരിച്ചിരിക്കും. എവിടെ ആയാലും.
 
അവള്‍ ഉറക്കത്തില്‍ നിന്ന് അപ്പോഴാണ്‍ ഞെട്ടി ഉണര്‍ന്നത്. ഉടനെ എഴുനേറ്റിരുന്നു. ഒരു വല്ലാത്ത സ്വപ്നം.

അവള്‍ ഫോണ്‍ എടുത്ത് അവനെ വിളിച്ചു. കാലത്ത് വിളിക്കുന്ന സമയമായിരുന്നു അന്നേരം.
“നിങ്ങള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ പ്രതികരിക്കുന്നില്ല”
‍‍‍‍‍‍‍***
അജയ് മേനോന്‍. 14/5/20 തൃശ്ശൂര്‍ ഉച്ചകഴിഞ്ഞ് ഒരുമണി.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139