1470-490

സയൻസിനെ തോൽപ്പിക്കും ഈ വിരുതൻ

⭕ആദ്യത്തെ കാഴ്ചയിൽ ഒരു വള്ളിച്ചെടി. ചിലിയിലെ മഴക്കാടുകളിലെ തന്റെ വിദ്യാർഥികളിലൊരാൾക്കൊപ്പം നടക്കുമ്പോൾ ഏണസ്റ്റോ ജനോലിയെന്ന സസ്യ ശാസ്ത്രജ്ഞനും അങ്ങനെത്തന്നെയാണു തോന്നിയത്. പക്ഷേ ചെറിയൊരു അസ്വാഭാവികത മണത്തു. അദ്ദേഹം ആ ചെടിയൊന്നു സൂക്ഷിച്ചു നോക്കി. ലോകത്തിലെ ഏറ്റവും അമ്പരപ്പിക്കുന്ന സ്വഭാവമുള്ള ചെടിയെന്ന് ‘നാഷനൽ ജ്യോഗ്രഫിക്’ മാഗസിൻ വിശേഷിപ്പിച്ച ബോക്വില ട്രൈഫോളിയോലേറ്റയായിരുന്നു അത്. മരങ്ങളിൽ പടർന്നു വളരുന്ന ആ വള്ളിച്ചെടിയുടെ ഇലയാണ് ഇവയുടെ നിഗൂഢ സ്വഭാവത്തിനു പിന്നിൽ. ഇവയ്ക്കു കൃത്യമായ ഒരു ആകൃതിയില്ലെന്നതാണു സത്യം. ഏതു മരത്തിലാണോ ഇവ പടർന്നു കയറുന്നത് അതിന്റെ ഇലയുടെ ആകൃതി സ്വീകരിക്കുകയെന്നതാണ് ഈ ചെടിയുടെ രീതി. മാവിൽ പടർന്നാൽ മാവില, പ്ലാവിൽ പടർന്നാൽ പ്ലാവില എന്ന രീതി!

⭕കാട്ടിലെ മരങ്ങളും അവയിൽ പടർന്ന ബോക്വിലച്ചെടികളും ഏണസ്റ്റോ പരിശോധിച്ചു. എല്ലാറ്റിലും അവ ആ മരത്തിന്റെ ഇലകളുടെ ആകൃതി സ്വീകരിച്ചിരിക്കുന്നു! ചിലെയിലെയും അർജന്റീനയിലെയും മഴക്കാടുകളിലാണ് ഈ വള്ളിച്ചെടി കാണപ്പെടുന്നത്. നിലത്തും മരങ്ങളിലുമെല്ലാം പടർന്നുകയറുന്നതാണു സ്വഭാവം. മരത്തിന്റെ ഇലയുടെ ആകൃതി, നിറം, വലുപ്പം എന്തിനേറെപ്പറയണം ഇല ഞരമ്പുകൾ എന്നറിയപ്പെടുന്ന പാറ്റേണുകൾ പോലും ഒരു പോലെയാക്കുകയെന്നതാണ് ബോക്വിലയുടെ രീതി. ഈ സ്വഭാവം കൊണ്ടുതന്നെ സസ്യങ്ങൾക്കിടയിലെ ‘ഓന്ത്’ എന്ന വിളിപ്പേരും ഇവയ്ക്കു സ്വന്തം. ശത്രുക്കളിൽനിന്നു രക്ഷപ്പെടാനുള്ള വേഷപ്പകർച്ചയിൽ അത്രയേറെ മിടുക്കുണ്ട് ഈ ചെടിക്ക്.

⭕ഈ വള്ളിച്ചെടിക്ക് എന്തു ശത്രുവുണ്ടാകാനാണ് എന്ന സംശയം സ്വാഭാവികം. ഇലകൾ തിന്നുതീർക്കുന്ന പുഴുക്കളിൽനിന്നു രക്ഷപ്പെടാനാണ് ഇവ ഈ വേഷപ്പകർച്ച സ്വീകരിക്കുന്നതെന്നാണു ഗവേഷകരുടെ നിഗമനം. മിക്ക പുഴുക്കൾക്കും മരങ്ങളേക്കാൾ വള്ളിച്ചെടികളുടെ ഇലകളോടാണു പ്രിയം. ഇവ എല്ലായിടത്തും ലഭ്യമാണെന്നതുതന്നെ കാരണം. പക്ഷേ മരങ്ങളുടെ ഇലകൾക്കിടയിൽ അവയുടെ അതേ ആകൃതി സ്വീകരിച്ച് ‘ഒളിച്ചിരുന്നാൽ’ എങ്ങനെ തിരിച്ചറിയാനാണ്? അതോടെ പുഴുക്കളുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടുകയും ചെയ്യാം. ചില മരങ്ങളുടെ ഇലകൾ പുഴുക്കൾ തിരിഞ്ഞുപോലും നോക്കില്ല, അത്രയേറെ വിഷമയമായിരിക്കും അവ. അത്തരം ഇലകളുടെ ആകൃതി സ്വീകരിച്ചാലും ബോക്വിലയുടെ ഇലകൾ സുരക്ഷിതമായിരിക്കും.

⭕ഒരു ജീവിയുടേയോ ചെടിയുടേയോ രൂപത്തിനു സമാനമായ രൂപം മറ്റൊന്നു കൈക്കൊള്ളുന്നതിനെ ജീവശാസ്ത്രലോകത്ത് ബേസിയൻ മിമിക്രി എന്നാണു വിശേഷിപ്പിക്കുക. ഇതിന്റെ പ്രധാന ലക്ഷ്യമാകട്ടെ ഇര തേടിയുള്ള മറ്റു ജീവികളുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടുകയെന്നതും. ബോക്വിലയെക്കുറിച്ചുള്ള ഏണസ്റ്റോയുടെ പഠനത്തിലും ഇക്കാര്യം വ്യക്തം. നിലത്തു പടരുന്ന ഈ വള്ളിച്ചെടി വൻതോതിൽ പുഴുക്കൾ തിന്നുതീർക്കുകയാണു പതിവ്. പക്ഷേ മരത്തിൽ കയറിയാൽ യാതൊരു കുഴപ്പവുമില്ലതാനും! റഡാറുകളുടെ കണ്ണിൽപ്പോലും പെടാനാകാത്ത വിധം വേഷപ്രച്ഛന്നനാകുന്ന സ്റ്റെൽത്ത് വിമാനങ്ങളുടെ അതേ സ്വഭാവമാണിവയ്ക്ക്. അതിനാൽത്തന്നെ സ്റ്റെൽത്ത് വൈൻ അഥവാ ചാരനെപ്പോലെ ഒളിച്ചിരിക്കാൻ ശേഷിയുള്ള വള്ളിച്ചെടിയെന്ന വിശേഷണവും ബോക്വിലയ്ക്കുണ്ട്.

⭕ചിലയിനം ഓർക്കിഡുകളും മറ്റു ചെടികളുടെ പൂക്കളുടെ അതേ ആകൃതി ‘കോപ്പി’യടിച്ചു വളരാറുണ്ട്. അവയ്ക്കു പക്ഷേ ഒന്നോ രണ്ടോ പൂക്കളെ മാത്രമേ അനുകരിക്കാനാകൂ. ബോക്വില അവിടെയാണ് വ്യത്യസ്തമാകുന്നത്. ഏകദേശം എട്ടിനം ഇലകളുടെ ആകൃതി സ്വീകരിക്കാൻ ബോക്വിലയ്ക്കു കഴിയും. ചാരന്മാരെപ്പോലെത്തന്നെ ഇത്തരം ചെടികളുടെ ഈ കഴിവിനുപിന്നിലെ കാരണവും ഗവേഷകർക്ക് ഇന്നും പിടികിട്ടാത്ത രഹസ്യമാണ്. ആദ്യമായി പടർന്നുകയറുന്ന വള്ളിച്ചെടിയുടെ ആകൃതിപോലും പിടിച്ചെടുക്കാൻ കഴിയുമെന്നറിയുമ്പോഴാണ് ഇവയുടെ രഹസ്യസ്വഭാവം പിന്നെയും കൂടുക. ഇവയ്ക്ക് മരങ്ങളിലേക്കു പടർന്നു കയറാതെ സമീപത്തുകൂടി പോയാലും ആ മരത്തിന്റെ ഇലയുടെ ആകൃതി പകർത്താനാകുമെന്ന പ്രത്യേകതയുമുണ്ട്. മനുഷ്യർക്കു കണ്ടെത്താനാകാത്ത രാസവസ്തുക്കൾ പരസ്പരം കൈമാറിയാകാം ഈ ചെടികൾ ഇത്തരത്തിൽ വേഷപ്പകർച്ച സ്വീകരിക്കുന്നതെന്നാണു നിലവിലെ നിഗമനം. അതിലും പക്ഷേ ആർക്കും തീർച്ചയില്ല. ഇന്നേവരെ ഗവേഷകര്‍ക്കു കണ്ടെത്താനാകാത്ത രഹസ്യമായി ബോക്വിലയുടെ ഈ ‘കോപ്പിയടി’ സ്വഭാവം തുടരുകയാണെന്നു ചുരുക്കം.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253