1470-490

കണ്ടപ്പൻ ചീപ്പ് ചോർച്ച അടച്ചു. കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി.

ചിറ്റാട്ടുകര: എളവള്ളി ഗ്രാമപഞ്ചായത്തിലെ കൊച്ചിൻഫ്രെണ്ടിയോർ തോടിന് കുറുകെയുള്ള കണ്ടപ്പൻ ചീപ്പിൻ്റെ ചോർച്ച പൂർണ്ണമായും അടച്ചു. രണ്ടുവർഷക്കാലം പ്രളയത്തോടനുബന്ധിച്ച് നിരവധി കുടുംബങ്ങൾ വീടുകൾ മാറി താമസിക്കുകയും കച്ചവടസ്ഥാപനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും വമ്പിച്ച നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി രൂപീകൃതമായ ജനകീയസമിതി തോട് ശുചീകരണ പ്രവർത്തനങ്ങൾക്ക് നല്ല നിലയിൽ നേതൃത്വം നൽകിയിരുന്നു.
കണ്ടപ്പൻ ചീപ്പ് മുതൽ പണ്ടറക്കാട് പാലം വരെ വീണുകിടന്നിരുന്ന മുളക്കൂട്ടങ്ങളും മരങ്ങളും നീരൊഴുക്കിന് തടസ്സമായിരുന്ന മൺതിട്ടകളും കളക്ടറുടെ അനുമതിയോടെ ജനകീയ സമിതി നീക്കം ചെയ്തിരുന്നു. ജനകീയ സമിതിയുടെ പ്രവർത്തനം മറ്റു പഞ്ചായത്ത് അധികാരികളുടെയും കണ്ണുതുറപ്പിച്ചു.
എളവള്ളി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കണ്ടാണശ്ശേരി അതിർത്തി മുതൽ മുല്ലശ്ശേരി അതിർത്തി വരെയുള്ള പ്രദേശത്ത് തോട്ടിൽ വീണു കിടന്നിരുന്ന മരങ്ങൾ ഇതിനകം മുറിച്ചു മാറ്റിയത് മാതൃകാപരമായിരുന്നു.
വർഷങ്ങൾ പഴക്കമുള്ള കണ്ടപ്പൻ ചീപ്പ് ചോർച്ച മൂലം ചിറ്റാട്ടുകര – കാക്കശ്ശേരി പ്രദേശത്ത് വേനൽക്കാലത്ത് രൂക്ഷമായ ജലക്ഷാമം ഉണ്ടാകുമായിരുന്നു.
ചിറ്റാട്ടുകര സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ താൽക്കാലികമായി ചീപ്പ് കെട്ടി സംരക്ഷിച്ചിരുന്നത് സമീപവാസികൾക്ക് രണ്ടുവർഷമായി ആശ്വാസമായിരുന്നു.
തകർന്ന കണ്ടപ്പൻ ചീപ്പിലൂടെ വെള്ളം നഷ്ടപ്പെടുന്നതുമൂലം മാർച്ച് മാസം വരെ മാത്രമേ തോട്ടിൽ വെള്ളം സംരക്ഷിച്ചു നിർത്താൻ കഴിയുമായിരുന്നുള്ളൂ. ഈ സാഹചര്യത്തിൽ തകർന്ന ഭാഗങ്ങൾ ബലപ്പെടുത്തുവാൻ ഗ്രാമപഞ്ചായത്ത് അനുമതിയോടെ ചിറ്റാട്ടുകര സർവ്വീസ് സഹകരണ ബാങ്ക് തീരുമാനിക്കുകയായിരുന്നു.
ചോർച്ച അടച്ച് ചീപ്പ് സംരക്ഷിക്കുന്നതിന് ബാങ്ക് പ്രസിഡണ്ട് ജിയോ ഫോക്സ്, ജനകീയ സമിതി കൺവീനർ പി.ജി.സുബിദാസ്, വൈസ് പ്രസിഡണ്ട് ഷാജി കാക്കശ്ശേരി, സെക്രട്ടറി പോളി ഡേവിഡ്.സി.എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139