1470-490

ദേശീയ ഡെങ്കിപ്പനി ദിനം ആചരിക്കാനൊരുങ്ങി തൃശൂർ

ദേശീയ ഡെങ്കിപ്പനി ദിനം ആചരിക്കാനൊരുങ്ങി തൃശൂർ
ഡെങ്കിപ്പനിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക പ്രതിരോധിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി മെയ് 16 ദേശീയ ഡെങ്കിപ്പനി ദിനം ജില്ലയിൽ ആചരിക്കും. ഈ വർഷത്തെ ഡെങ്കിപ്പനി ദിന സന്ദേശം ‘ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം’ എന്നതാണ്.
ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഭൂരിഭാഗം കേസുകളും മഴക്കാലം തുടങ്ങി ജൂൺ മാസത്തിന് ശേഷമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ ഈവർഷം മെയ് മാസം ആദ്യം തന്നെ 27 കേസുകൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. 2019ൽ 113 കേസുകളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നത്. പ്രധാനമായും കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങൾ, പ്ലാന്റേഷൻ പ്രദേശങ്ങൾ, അടക്ക തോട്ട മേഖല, ആക്രി സാധനങ്ങളുടെ സംഭരണ പ്രദേശങ്ങൾ, ടയർ റീ ത്രെഡിങ് സ്ഥാപനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഈ വർഷം ഇതുവരെ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത് (ഹോട്ട്സ്പോട്ട്) തൃശ്ശൂർ കോർപ്പറേഷൻ, വരന്തരപ്പിള്ളി, മറ്റത്തൂർ, മുണ്ടത്തിക്കോട്, കൂർക്കഞ്ചേരി, പൂക്കോട്, വരവൂർ, വേലൂർ, മുള്ളൂർക്കര, ഒല്ലൂർ, വെള്ളാനിക്കര തുടങ്ങിയ പ്രദേശങ്ങളിലാണ്. ഈ സാഹചര്യത്തിൽ ഹൈ റിസ്‌ക് പ്രദശങ്ങളിൽ കൊതുക് സാന്ദ്രത പഠനം നടത്തി സാന്ദ്രത കുറക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ആഴ്ചതോറും ഡ്രൈ ഡേ ആചരിച്ച് വീടും പരിസരവും വെള്ളം കെട്ടി കിടക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചു. ഡെങ്കിപ്പനിക്ക് കാരണമാകുന്ന പറമ്പുകളിൽ അലക്ഷ്യമായി കിടക്കുന്ന ചിരട്ടകൾ, മഴവെള്ള സംഭരണികൾ, വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള കുട്ടികളുടെ കളിപ്പാട്ടങ്ങൾ, ടയർ, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബക്കറ്റുകൾ, മുട്ടത്തോട്, ടാങ്ക്, പ്ലാസ്റ്റിക് ഷീറ്റുകൾ, പൊട്ടിയ പാത്രങ്ങൾ, ടെറസുകൾ, റഫ്രിജറേറ്ററിന്റെ അടിഭാഗത്തെ ട്രേ, എന്നിവ വീടുകളിലെ ഓരോ അംഗങ്ങളും സൂക്ഷിക്കണം. കൊതുക് ജന്യ രോഗങ്ങളെ നേരിടുന്നതിന് സ്വയം വീടിന്റെ ചുറ്റുപാടുകൾ സംരക്ഷിക്കണം. ആശുപത്രികളിൽ ഡെങ്കിപ്പനി ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സയ്ക്ക് വേണ്ട പരിശീലനവും നിർദ്ദേശങ്ങളും ഡോക്ടർമാർക്ക് നൽകിയിട്ടുണ്ട്.
കോവിഡ് 19 പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷങ്ങളിലെപ്പോലെ ജില്ലാതല ഉദ്ഘാടനവും സെമിനാറുകളും എക്സിബിഷനുകളും കോളേജ്തല സെമിനാറുകളും സംഘടിപ്പിക്കുന്നതിന് സാധ്യമല്ലാത്തതിനാൽ ഫേസ്ബുക്ക്, വാട്സാപ് തുടങ്ങിയവ ഓൺലൈൻ മാധ്യമങ്ങൾ വഴിയും ടെലിവിഷൻ, എഫ്എം റേഡിയോ, പത്രറിപ്പോർട്ടുകൾ തുടങ്ങിയവയിലൂടെയും അറിവുകൾ പങ്കു വെച്ച് മാത്രമേ ഡെങ്കി പനിയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനാകൂ. ഇതിനുള്ള മുൻകൈകൾ ആരോഗ്യവകുപ്പ് സ്വീകരിച്ചുകഴിഞ്ഞു. കോവിഡിനെ നേരിടാൻ കാണിക്കുന്ന ശ്രദ്ധ ഡെങ്കിപ്പനി പോലുള്ള കൊതുക് ജന്യ രോഗങ്ങളെ തടയാനും സ്വീകരിക്കണമെന്നും ജില്ലാ മലേറിയ ഓഫീസർ അബ്ദുൽ ജബ്ബാർ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069