1470-490

155 പ്രവാസികള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി

കോവിഡ് 19: ജിദ്ദയില്‍ നിന്ന് 155 പ്രവാസികള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി

കോവിഡ് ആശങ്കകള്‍ക്കിടെ ജിദ്ദയില്‍ നിന്ന് 155 പ്രവാസികള്‍ നാട്ടില്‍ തിരിച്ചെത്തി. ഇന്ന് (മെയ് 14) പുലര്‍ച്ചെ 01.15 നാണ് പ്രത്യേകം ഏര്‍പ്പെടുത്തിയ എ.ഐ – 960 എയര്‍ ഇന്ത്യ വിമാനം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. മലപ്പുറം ജില്ലയില്‍ നിന്ന് 102 പേരാണ് സംഘത്തിലുണ്ടായിരുന്നത്. എറണാകുളം – രണ്ട്, കണ്ണൂര്‍ – 11, കാസര്‍കോഡ് – മൂന്ന്, ഇടുക്കി – മൂന്ന്, കോട്ടയം – ഒന്ന്, കോഴിക്കോട് – 23, പാലക്കാട് – ആറ്, തൃശൂര്‍ – രണ്ട്, തിരുവനന്തപുരം – ഒന്ന് എന്നിങ്ങനെയാണ് തിരിച്ചെത്തിയ പ്രവാസികളുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇവര്‍ക്കൊപ്പം ഗുജറാത്ത് സ്വദേശിയായ ഒരാളും സംഘത്തിലുണ്ടായിരുന്നു.

കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് 01.25 ന്്ആദ്യ സംഘം വിമാനത്തില്‍ നിന്ന് പുറത്തിറങ്ങി. മുഴുവന്‍ യാത്രക്കാരേയും എയ്റോ ബ്രിഡ്ജില്‍വച്ചുതന്നെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശോധനകള്‍ക്ക് വിധേയരാക്കി. മുഴുവന്‍ യാത്രക്കാര്‍ക്കും കോവിഡ് – കോറന്റൈന്‍ ബോധവത്ക്കരണ ക്ലാസ് നല്‍കിയ ശേഷം അഞ്ച് കൗണ്ടറുകളിലായി ജില്ല തിരിച്ചുള്ള വിവര ശേഖരണം നടത്തി. തുടര്‍ന്ന് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധന എന്നിവയ്ക്കു ശേഷമാണ് യാത്രക്കാര്‍ വിമാനത്താവളത്തിനു പുറത്തിറങ്ങിയത്.

ആറ് പേരെ ആശുപത്രികളിലേക്ക് മാറ്റി

ജിദ്ദയില്‍ നിന്നെത്തിയ പ്രവാസികളില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയത് ഒരു വനിതയ്ക്ക്. മലപ്പുറം സ്വദേശിയായ ഇവര്‍ക്ക് ആദ്യ ഘട്ട പരിശോധനയില്‍ത്തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ ആംബുലന്‍സെത്തിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ള നാല്് മലപ്പുറം സ്വദേശികളേയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. അലര്‍ജിയ്ക്ക് ചികിത്സയിലിരിക്കുന്ന ഒരാളും പൊള്ളലേറ്റ് ചികിത്സയിലുള്ള മറ്റൊരാളും വിവിധ ആരോഗ്യ പ്രശ്‌നങ്ങളുള്ള ഒരാളുമാണ് മഞ്ചേരിയില്‍ പ്രവേശിപ്പിച്ച മറ്റുള്ളവര്‍. വൃക്ക രോഗത്തിന് ചികിത്സയിലുള്ള ഒരു കോഴിക്കോട് സ്വദേശിയെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ 108 ആംബുലന്‍സുകളിലാണ് വിമാനത്താവളത്തില്‍ നിന്ന് ഇവരെ കൊണ്ടുപോയത്.

കോവിഡ് കെയര്‍ സെന്ററുകളില്‍ 40 പേര്‍

ജിദ്ദയില്‍ നിന്നെത്തിയ വിമാനത്തിലെ 40 പേരാണ് വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ ഇന്ന് എത്തിയത്. 33 പേരെ വിവിധ ജില്ലകളിലായി സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകളിലേക്കും ഏഴ് പേരെ അവര്‍ ആവശ്യപ്പെട്ട പ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കും മാറ്റി. മലപ്പുറം ജില്ലയിലെ 17 പേരാണ് സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ കഴിയുന്നത്.

കൂടാതെ കണ്ണൂര്‍ ജില്ലയിലെ അഞ്ച് പേര്‍, കാസര്‍കോഡ് ജില്ലയിലെ രണ്ട് പേര്‍, കോഴിക്കോട് – അഞ്ച്, പാലക്കാട് – ഒന്ന്, തൃശൂര്‍ – രണ്ട്, തിരുവനന്തപുരം – ഒന്ന് എന്നിങ്ങനെയാണ് അതത് ജില്ലാ കേന്ദ്രങ്ങള്‍ ഒരുക്കിയ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോയ യാത്രക്കാര്‍. ഇടുക്കി ജില്ലയിലെ മൂന്ന് പേര്‍, മലപ്പുറം ജില്ലയിലെ മൂന്ന് പേര്‍, ഒരു ഗുജറാത്ത് സ്വദേശി എന്നിവരെ അവരുടെ താത്പര്യപ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക കോവിഡ് കെയര്‍ സെന്ററിലേയ്ക്കും മാറ്റി.

109 പേര്‍ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തില്‍

മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 109 പേരെ സ്വന്തം വീടുകളിലേയ്ക്ക് പ്രത്യേക നിരീക്ഷണത്തിന് അയച്ചു. 65 വയസിന് മുകളില്‍ പ്രായമുള്ള ആറ് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 40 കുട്ടികള്‍, 45 ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പടെയുള്ളവരാണിവര്‍. ഇവര്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ പൊതു സമ്പര്‍ക്കമില്ലാതെ സ്വന്തം വീടുകളില്‍ പ്രത്യേക മുറികളില്‍ കഴിയും.  

മലപ്പുറം ജില്ലയിലെ 77 പേര്‍, എറണാകുളം ജില്ലയിലെ രണ്ട് പേര്‍, കണ്ണൂര്‍ ജില്ലയിലെ ആറ് പേര്‍, കാസര്‍കോഡ് ജില്ലയിലെ ഒരാള്‍, കോട്ടയം ജില്ലയിലെ ഒരാള്‍,  കോഴിക്കോട് ജില്ലയിലെ 17 പേര്‍, പാലക്കാട് ജില്ലയിലെ അഞ്ച് പേരുമാണ് സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയത്.  

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139