കുന്നംകുളം റേഞ്ചിൽ പകുതിയിലേറെ കള്ളുഷാപ്പുകളും തുറന്ന് പ്രവര്‍ത്തിച്ചില്ല.

ബുധനാഴ്ച്ച സംസ്ഥാനത്തെ കള്ള്ഷാപ്പുകള്‍ തുറക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും കുന്നംകുളം റേഞ്ചിലെ പകുതിയിലേറെ ഷാപ്പുകളും പ്രവർത്തിച്ചില്ല.ചെത്ത് കള്ള്, പരിമിതമായ അളവിൽ മാത്രം ഷാപ്പുകളില്‍ എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഷാപ്പുകള്‍ തുറക്കേണ്ടതില്ലെന്ന് ലൈസൻസികൾ തിരുമാനിച്ചതെന്നാണ് വിവരം. മാർച്ച് മാസത്തിന് ശേഷം ലൈസൻസ് പുതുക്കേണ്ടിയിരുന്നതാണ്. എന്നാൽ മൂന്ന് ഗ്രൂപ്പുകളിലെ ഷാപ്പുകൾ ഇനിയും ലൈസൻസ് പുതുക്കിയിട്ടില്ല. അതു കൊണ്ട് തന്നെ ഈ ഷാപ്പുകൾ തുറക്കുന്നതിന് കഴിയാത്ത സാഹചര്യമാണുള്ളത്. ഇതിനൊപ്പം ഷാപ്പുകളിൽ വിൽപ്പനയ്ക്കുള്ള കള്ള് ലഭ്യമാക്കാത്ത സ്ഥിതിയുമുണ്ട്. ഈ രണ്ട് കാരണങ്ങളാണ് കുന്നംകുളം റേഞ്ചിലെ അമ്പത് ശതമാനത്തിലേറെ വരുന്ന ഷാപ്പുകൾ തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയതെന്ന് ചെത്ത് തൊഴിലാളി യൂണിയൻ സി.ഐ.ടി.യു റേഞ്ച് കമ്മിറ്റി ഭാരവാഹികളായ കെ.എം. നാരായണനും, പി.എം. സോമനും പറഞ്ഞു. കൂടാതെ എക്സൈസ് ഉദ്ദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് ചെത്ത് തൊഴിലാളികൾക്ക് തൊഴിലിൽ നിന്ന് മാറിനിൽക്കേണ്ട സാഹചര്യവുമുണ്ടായതായും പറയുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കള്ള് ഉത്പാദിപ്പിക്കുന്ന പാലക്കാട് നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് കള്ള് എത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇത് ഫല പ്രദമാകാൻ നാല് ദിവസം കൂടി വേണ്ടി വരുമെന്നാണ് കരുതുന്നത്. അതു കൊണ്ട് തന്നെ ഷാപ്പുകൾ തുറക്കാമെന്ന സർക്കാർ നിർദ്ദേശം നടപ്പിലാക്കാൻ ഒരാഴ്ച്ച കൂടി എടുക്കുമെന്നാണ് കരുതുന്നത്. ലോക്ക് ഡൗൺ നിർദ്ദേശങ്ങളിൽ ഇളവ് പ്രഖ്യപിച്ചതിനെ തുടർന്നാണ് കള്ള് ഷാപ്പുകൾ തുറക്കുന്നതിന് അനുമതി നൽകിയത്. ഇങ്ങിനൊപ്പം ചെത്ത് തൊഴിലാളികളുടെ ജീവിതാവസ്ഥയും ഷാപ്പ് തുറക്കുന്നതിന് കാരണമായിരുന്നു. സർക്കാർ നിർദ്ദേശാനുസരണം ഷാപ്പുകൾ തുറുക്കുന്നതിന് അനുമതി നൽകിയ ആദ്യ ദിനം കുടിയൻമാരെ സംബന്ധിച്ച് നിരാശജനകമായിരുന്നു.
Comments are closed.