1470-490

സുഭിക്ഷ കേരളം : 4.5 ലക്ഷം പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു.

തൃശൂർ: കോവിഡ് 19 പശ്ചാത്തലത്തിൽ നടപ്പിലാക്കിവരുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 4.5 ലക്ഷം പച്ചക്കറി വിത്തുകളുടെ പാക്കറ്റുകൾ വിതരണം ചെയ്തു. കൃഷിഭവനുകൾ വഴിയാണ് വിതരണം. ഇതോടൊപ്പം ഒന്നരലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്തു. പൊട്ടുവെള്ളരി സംഭരണവും വിപണനവും സ്തംഭിച്ച വേളയിൽ ഹോർട്ടികോർപ് കർഷകരുടെ മാർക്കറ്റ്, ഇക്കോ ഷോപ്പുകൾ എന്നിവ വഴി 25 ടൺ പൊട്ടുവെള്ളരിയാണ് കൃഷിവകുപ്പ് സംഭരിച്ച് വിറ്റത്.
ഇതോടൊപ്പം 15 ടൺ പൈനാപ്പിളും സംഭരിച്ച് വിപണനം നടത്തി. ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും കർഷകരുടെ വിപണന കേന്ദ്രങ്ങൾ ആരംഭിച്ചു. ഇതുവഴി കർഷകർക്ക് അവരുടെ ഉൽപ്പാദന വസ്തുക്കൾ വിപണനം ചെയ്യാനും ആവശ്യക്കാർക്ക് വാങ്ങാനും വഴി ഒരുങ്ങി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുനിലങ്ങളിൽ കൃഷി ചെയ്യാനുള്ള നടപടികളും തുടങ്ങി. 250 ഹെക്ടർ നിലത്ത് നെല്ല്, പച്ചക്കറി, വാഴ, എന്നിവയും 150 ഹെക്ടറിൽ കിഴങ്ങുവർഗങ്ങൾ, 20 ഹെക്ടറിൽ പയർ വർഗങ്ങൾ, 10 ഹെക്ടറിൽ ചെറു ധാന്യങ്ങൾ എന്നിവയും ഈ കാലഘട്ടത്തിൽ കൃഷി ചെയ്യാനുള്ള നടപടി ഇതിനകം കൃഷി വകുപ്പ് ആരംഭിച്ചു കഴിഞ്ഞു.
തളിക്കുളത്ത് മഴക്കാല പൂർവ്വ
ശുചീകരണത്തിന് തുടക്കമായി
മഴക്കാല പൂർവ്വ ശുചീകരണ പരിപാടികൾക്ക് തളിക്കുളം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഇതിന്റെ ഭാഗമായി ഏഴാം വാർഡിൽ നടത്തിയ ഈഡീസ് കൊതുക് സർവ്വേയുടെയും ഉറവിട നശീകരണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഐ. സജിത നിർവഹിച്ചു. ആശാവർക്കർമാർ, വാർഡുതല വളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിൽ വാർഡിലെ എല്ലാ വീടുകളും സന്ദർശിച്ച് ഉറവിടനശീകരണം നടത്തി. വാർഡ് മെമ്പർ പി ആർ രമേശ് അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ ബാബു, ഹെൽത്ത് ഇൻസ്പെക്ടർ ടി. പി ഹനീഷ് കുമാർ, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എ. ആർ. ഉന്മേഷ് എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139