1470-490

മംഗലാപുരത്ത് നിന്ന് കാൽനടയായി കൊല്ലത്തേക്ക് യാത്ര..

മംഗലാപുരത്ത് നിന്ന് കാൽനടയായി കൊല്ലത്തേക്ക് യാത്ര ചെയ്ത രാമചന്ദ്രനും, കുഞ്ഞു മോനും സന്ത്വാനമായി കുന്നംകുളം നഗരസഭ.  മംഗലാപുരത്തക്ക് കിണർ നിർമ്മാണ ജോലിക്കായി  പോയി, ലോക്ക് ഡൗണിനെ തുടർന്ന് അവിടെ കുടുങ്ങിയതായിരുന്നു രാമചന്ദ്രനും, കുഞ്ഞു മോനും. കഴിഞ്ഞ മാർച്ച് 21 നാണ് ഇരുവരും മംഗലാപുരത്തേക്ക് തിരിച്ചത്. 22 ന് മംഗലാപുരത്ത് എത്തി ട്രെയിൻ ഇറങ്ങുന്നതിന് മുൻപ് കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗൺ പ്രഖ്യാപ്പിച്ചു. ഇതോടെ ജോലി സ്ഥലത്തേക്ക് പോകാനുള്ള സാഹചര്യം ഇല്ലാതാകുകയായിരുന്നു. ഇതിനെ തുടർന്ന് നാല് ദിവസം റെയിൽവേ സ്റ്റേഷന് പുറത്ത് തങ്ങിയ ഇരുവരെയും പിന്നീട് ക്യാമ്പിലേക്ക് മാറ്റി. 40 ദിവസത്തിലേറെ ക്യാമ്പിൽ തങ്ങിയ ഇരുവരും മെയ് 4 ന് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. കൈയിൽ രേഖകൾ ഒന്നുമില്ലാതെ അതിർത്തിയായ തലപ്പാടിയിലെത്തിയ ഇരുവരെയും കേരള പോലീസ് തടഞ്ഞു. തുടർന്ന് രണ്ട് ദിവസം അവിടെ തങ്ങിയ രാമചന്ദ്രനും,കുഞ്ഞു മോനും സന്നദ്ധ സംഘടനകൾ ഇടപ്പെട്ടതിനെ തുടർന്ന് കളക്ടറുടെ പാസ് ലഭിക്കുകയും നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി നൽകുകയുമായിരുന്നു. കൈയിൽ ആവശ്യത്തിന് പണമില്ലാത്തതിനാലും വാഹന സൗകര്യമില്ലാത്തതിനാലും ഇരുവരും നടക്കാൻ തീരുമാനിക്കുകയായിരുന്നു. നടത്തത്തിനിടെ പലപ്പോഴും പട്ടിണിയിലായിരുന്ന ഇവർക്ക് നാട്ടുക്കാരാണ് ഭക്ഷണം വാങ്ങി നൽകിയിരുന്നത്. മെയ് 7 ന് നാട്ടിലേക്കുള്ള നടത്തം ആരംഭിച്ച രാമചന്ദ്രനും, കുഞ്ഞു മോനും 310 ലേറെ കിലോമീറ്റർ താണ്ടി ബുധനാഴ്ച്ച പുലർച്ചെ തൃശൂർ ജില്ല അതിർത്തിയിലെത്തി ചേർന്നു. വർഷങ്ങൾക്ക് മുൻപ് വാഹനാപകടത്തെ തുടർന്ന് ശസ്ത്രക്രിയകൾ നടത്തിയ കാലുമായാണ് രാമചന്ദ്രൻ ഇത്രയും ദൂരം കാൽനടയായി സഞ്ചരിച്ചത്. കടവല്ലൂരിലെ പോലീസ് പരിശോധനക്കിടെ ഇവരുടെ ദുരിതാവസ്ഥ മനസ്സിലാക്കിയ ഉദ്ദ്യോഗസ്ഥർ, കുന്നംകുളം നഗരസഭ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യ പരിശോധനകൾക്ക് ശേഷം കുന്നംകുളം ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ സജ്ജമാക്കിയ അഗതി ക്യാമ്പിലേക്ക് നഗരസഭാധികൃതർ ഇരുവരെയും എത്തിക്കുകയായിരുന്നു. രണ്ട് ദിവസം ഇവിടെ താമസിപ്പിക്കുന്ന ഇവർക്ക് ജൻമനാട്ടിലെത്തുന്നതിനുള്ള വാഹന സൗകര്യമൊരുക്കി നൽകാനുള്ള ശ്രമം നഗരസഭ അധികാരികൾ ആരംഭിച്ചു. ഉറ്റവരെയും ഉടയവരെയും കാണാതെ കഴിഞ്ഞ അമ്പത് ദിവസത്തിലേറെ നരകയാതന അനുഭവിച്ച രാമചന്ദ്രനും, കുഞ്ഞു മോനും രണ്ട് ദിവസത്തിനപ്പുറം വീടണയാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണിപ്പോൾ.

Comments are closed.