1470-490

ലോക് ഡൗൺ; കക്ക വാരല്‍ ഹരമാക്കി യുവാക്കൾ

കെ.പത്മകുമാർ കൊയിലാണ്ടി

ലോക് ഡൗൺ വിരസത മാറ്റാൻ
ഉള്‍നാടന്‍ പുഴകളില്‍ കക്ക വാരല്‍ ഹരമാക്കി യുവാക്കൾ

കൊയിലാണ്ടി: ലോക് ഡൗൺ കാലത്തെ വിരസതയകറ്റാൻ ഉൾനാടൻ പുഴകളില്‍ കക്ക(ഇരുന്ത്)വാരല്‍ യുവാക്കള്‍ക്ക് ഹരമാകുന്നു.അണേല,ഒളളൂര്‍ക്കടവ്,കണയങ്കോട്,അകലാപ്പുഴ,നടേരി കടവ് ഭാഗങ്ങളില്‍ ധാരളം പേരാണ് പുഴകളില്‍ അതിരാവിലെ തന്നെ കക്കവാരാനെത്തുന്നത്.പുഴയോരങ്ങളില്‍ താമസിക്കുന്ന സ്ത്രീകളും പുഴയിലിറങ്ങി ഇരുന്ത് വാരുന്നുണ്ട്. ലോക് ഡൗണ്‍ സമയത്ത് മല്‍സ്യത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നതിനെ തുടര്‍ന്നാണ് ഭക്ഷ്യയോഗ്യമായ കക്ക,എളമ്പക്ക എന്നിവയ്ക്ക്,ആവശ്യക്കാര്‍ ഏറിയത്.
പുഴകളില്‍ വേലിയിറക്ക സമയത്താണ് കക്ക വാരാന്‍ അനുയോജ്യം. കഴുത്തറ്റം വെളളത്തില്‍ ഇറങ്ങി മുങ്ങിത്തപ്പിയാണ് കക്ക വാരുക. ചെളിയില്‍ നിന്ന് കൈകൊണ്ട് വാരിയെടുക്കുകയാണ് ചെയ്യുക. വാരിയെടുക്കുന്ന കക്കകള്‍ അരയില്‍ കെട്ടുന്ന സഞ്ചിയിലാണ് നിക്ഷേപിക്കുക. ഒന്നോ രണ്ടോ മണിക്കൂറു കൊണ്ട് ഒരു കുടുംബത്തിന് ആവശ്യമായ കക്ക വാരിയെടുക്കാന്‍ കഴിയും. സ്ഥിരമായി കക്ക വാരുന്നവര്‍ക്ക് കൂടുതല്‍ സമയം വെളളത്തില്‍ മുങ്ങി കൂടുതല്‍ വാരാന്‍ കഴിയും. കക്ക വാരിയെടുത്ത് ആവശ്യക്കാര്‍ക്ക് വിറ്റും ചിലര്‍ വരുമാനമുണ്ടാക്കുന്നുണ്ട്. പുഴവെളളത്തില്‍ ഇപ്പോള്‍ ഉപ്പു കൂടുതലായതിനാല്‍ കക്കയിറച്ചിയ്ക്ക് നല്ല രുചിയായിരിക്കുമെന്ന് ആളുകള്‍ പറയുന്നു. ലോക്ഡൗണ്‍ സമയമായതിനാല്‍ കക്ക വാരുന്നത് പോലീസ് തടയുന്നുണ്ട്. എന്നാല്‍ പോലീസ് എത്തിപ്പെടാന്‍ സാധ്യതയില്ലാത്ത സ്ഥലങ്ങളില്‍ നിന്നാണ് അധികമാളുകളും കക്ക വാരുന്നത്. കക്കയുടെ കട്ടിയുളള തോട് കുമ്മായം നിര്‍മ്മിക്കാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ കുമ്മായച്ചൂളകള്‍ പുഴയോരങ്ങളില്‍ നിന്ന് അപ്രത്യക്ഷമായതോടെ തോട് ഉപേക്ഷിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. മുന്‍ കാലങ്ങളില്‍ തോണിയിലായിരുന്നു കക്ക വാരിയിട്ടിരുന്നത്.
കലത്തില്‍ അടുപ്പത്ത് വെച്ച് പുഴുങ്ങിയ ശേഷമാണ് കക്കയുെ തോട് ഇറക്കുക. എന്നിട്ട് ഇറച്ചിയെടുത്ത ശേഷം നന്നായി കഴുകി പാകം ചെയ്യണം. നാട്ടിന്‍ പുറങ്ങളിലെ കളളുഷാപ്പുകളിലെ പ്രധാന ഭക്ഷ്യ വിഭവമാണ് കക്കയിറച്ചി കറിയും റോസ്റ്റും. മാര്‍ച്ച് മെയ് മാസങ്ങളിലാണ് കക്ക വാരലിന്റെ സീസണ്‍. പുഴവെളളത്തിന് ഉപ്പുകൂടുന്ന സമയമാണിത്. നീന്തല്‍ വശമില്ലാത്തവര്‍ പുഴകളില്‍ ഇറങ്ങി കക്ക വാരുന്നത് ജീവന്‍തന്നെ അപകടത്തില്‍പ്പെടുത്തിയേക്കും

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139