1470-490

വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം സ്‌കൂളുകൾ ഒരുക്കണം

പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ : വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഒരുക്കാൻ സ്‌കൂളുകൾക്ക് നിർദ്ദേശം
ലോക്ക് ഡൗൺ മൂലം നിർത്തി വെച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മെയ് 21 ന് പുനരാരംഭിക്കുമ്പോൾ, പരീക്ഷ എഴുതുന്നതിനായി വിദ്യാർത്ഥികൾക്ക് സൗകര്യങ്ങളൊരുക്കും. ഇതനുസരിച്ച് മെയ് 17 ന് ശേഷം പൊതുഗതാഗതം ഇല്ലെങ്കിൽ സ്വന്തം വാഹനത്തിലോ സ്‌കൂൾ ബസ്സിലോ സമീപത്തെ എൽ പി, യു പി സ്‌കൂളുകളുടെ ബസിലോ വിദ്യാർത്ഥികളെ പരീക്ഷയെഴുതിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അതത് സ്‌കൂളുകൾക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസ് നിർദേശം നൽകി. എല്ലാ ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ഇത് സംബന്ധിച്ച മാർഗനിർദേശം നൽകിക്കഴിഞ്ഞു. പരീക്ഷയ്ക്ക് മുന്നോടിയായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലേയും ഓഫീസ് റൂം, ക്ലാസ് റൂം, സ്റ്റാഫ് റൂം എന്നിവ അണുവിമുക്തമാക്കാൻ നടപടി സ്വീകരിക്കും. ചീഫ് സൂപ്രണ്ടിനായിരിക്കും ഇതിനുള്ള ചുമതല. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിരമിച്ച ചീഫ്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവ ഉണ്ടെങ്കിൽ അവർക്ക് പകരം അധ്യാപകരെ നിയമിച്ച് പരീക്ഷാ സെക്രട്ടറിയുടെ അംഗീകാരം വാങ്ങണം. പരീക്ഷാ ചുമതലയുള്ള അധ്യാപകരുടെ വീടുകളിൽ സംസ്ഥാനത്തിനു പുറത്തു നിന്നോ വിദേശത്ത് നിന്നോ എത്തിച്ചേർന്നു നിരീക്ഷണത്തിൽ ഇരിക്കുന്നവരുണ്ടെങ്കിൽ അവർക്ക് പകരം അധ്യാപകരെ നിയമിക്കണം. രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർഥികളും പരീക്ഷയെഴുതുന്നുണ്ടെന്ന് അതത് സ്‌കൂളിലെ ചീഫ് സൂപ്രണ്ടുമാർ ഉറപ്പാക്കണം.
തൃശൂർ ഗവ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പരീക്ഷയെഴുതുന്ന വിദ്യാർഥികൾ മറ്റു ജില്ലകളിൽ നിന്നും പരീക്ഷാ സെൻററിൽ എത്തിച്ചേരാൻ സാധിക്കാതെ വരികയാണെങ്കിൽ, പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന സ്‌കൂളിന്റെ വിവരങ്ങൾ പ്രത്യേക ഫോർമാറ്റിൽ അധികൃതരെ അറിയിക്കണം. സ്‌കൂളിന്റെ പേര്, സ്‌കൂൾ കോഡ്, കുട്ടിയുടെ പേര്, രജിസ്റ്റർ നമ്പർ, പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന സമീപത്തെ സ്‌കൂൾ, ജില്ല, സ്‌കൂളിന്റെ പേര്, സ്‌കൂൾ കോഡ് എന്നിവയാണ് എഴുതി അറിയിക്കേണ്ടത്. പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ മാസ്‌കുകളുടെ നിർമ്മാണം എച്ച്എസ്ഇ, വിഎച്ച്എസ്ഇ, എസ്എസ്‌കെ എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നതായി വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139