1470-490

കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗം നടന്നു

കുന്നംകുളം: കൊവിഡ് പശ്ചാത്തലത്തില്‍ വിദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരുടെ നിരീക്ഷണ കാര്യത്തില്‍ നഗരസഭയുടെ ഇടപെടല്‍ കര്‍ശനമാക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ യുഡിഎഫ് അംഗങ്ങള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ യോഗം പിരിച്ചുവിട്ടു. വീടുകളില്‍ നിരീക്ഷണ സൗകര്യമില്ലാത്തവരെ ഏറ്റെടുക്കുന്ന സ്ഥലങ്ങളില്‍ താമസിപ്പിക്കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. ലോഡ്ജ് പോലെയുള്ള സ്ഥലങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്തുവരുന്നത് ശരിയല്ല. പുറത്ത് നിന്ന് എത്തുന്നവര്‍ രോഗികളെല്ലെന്നും ഇവരെ സംരക്ഷിക്കേണ്ട ചുമതലയുണ്ടെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. ചൊവ്വന്നൂര്‍ ബ്ലോക്കിന് നഗരസഭയില്‍ സാമ്പത്തിക സാക്ഷരത കേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്നതിന് വാടക സൗജന്യമായി സ്ഥലം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ പടിക്കത്താഴത്ത് 1.05 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കുളം കുഴിക്കും. നഗരസഭക്ക് കീഴിലുള്ള സ്‌കൂള്‍ മുറ്റത്തെ പാഴ്ചെടികള്‍ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി വെട്ടിമാറ്റുന്നതിനും തീരുമാനിച്ചു. നിരീക്ഷണത്തില്‍ കഴിയുന്ന അര്‍ഹരായവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കണമെന്ന് ബി.ജെ.പി. അംഗങ്ങളായ കെ.കെ. മുരളി, ഗീത ശശി എന്നിവര്‍ ആവശ്യപ്പെട്ടു. വികസന സ്ഥിരം സമിതി അധ്യക്ഷയുടെ മുറിയില്‍ യു.ഡി.എഫ്. അംഗങ്ങള്‍ കയറിയതായുള്ള പരാതി ആരുടെയെങ്കിലും പ്രേരണയില്‍ ഉണ്ടായതാണോയെന്നും ഈ പരാതി പിന്‍വലിച്ചിട്ടുണ്ടോയെന്നും കോണ്‍ഗ്രസിലെ ഷാജി ആലിക്കല്‍ ചോദിച്ചു. കൗണ്‍സിലര്‍മാര്‍ കയറിയത് തെറ്റല്ലെന്നും അതേസമയം വാതില്‍ അടച്ചിട്ട് സംസാരിച്ചത് ശരിയായില്ലെന്നും സി.പി.എമ്മിലെ പി.എം. സുരേഷ് യോഗത്തില്‍ പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷ ഇല്ലാത്ത സമയത്ത് അനുവാദമില്ലാതെ മുറിയില്‍ കയറിയത് തെറ്റാണെന്ന് ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രനും കൗണ്‍സിലില്‍ വ്യക്തമാക്കി. ഈ സമയം യു.ഡി.എഫ്. അംഗങ്ങള്‍ വൈസ്ചെയര്‍മാനെതിരേ മുദ്രാവാക്യവുമായി ചെയര്‍പേഴ്സണിന്റെ ചേംബറിന് മുന്നില്‍ നിന്ന് യോഗം തടസ്സപ്പെടുത്തി. ബഹളമായതോടെ ചെയര്‍പേഴ്സണ്‍ യോഗം പിരിച്ചുവിടുകയായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689