1470-490

‘മാസ്‌ക് മാസാണ്’ ടാസ്‌ക്കുമായി കുടുംബശ്രീ

മാസ്‌ക് നിർമ്മാണ മത്സരവുമായി കുടുംബശ്രീ


തൃശൂർ: കുടുംബശ്രീ സംരംഭകർക്കും അയൽക്കൂട്ട അംഗങ്ങൾക്കും പൊതുജനങ്ങൾക്കുമായി വ്യത്യസ്തമായ ഒരു മത്സരവുമായി കുടുംബശ്രീ ജില്ലാ മിഷൻ. ലോക് ഡൗൺ കാലത്ത് ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയ മാസ്‌ക്കാണ് മത്സരവിഷയം.
കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ന് പുറത്തേക്കിറങ്ങുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവായി മാറിയിരിക്കുന്നു മാസ്‌കുകൾ. ഈ മാസ്‌കുകൾ മനോഹരവും വൈവിധ്യ പൂർണ്ണവും ആക്കിയാലോ? അങ്ങനെ ഒരു ടാസ്‌ക്കുമായാണ് കുടുംബശ്രീ എത്തുന്നത്. മത്സരത്തിൽ മികച്ചതും വൈവിധ്യമാർന്നതുമായ മാസ്‌കുകൾ നിർമ്മിച്ച് അവയുടെ ഫോട്ടോ അയയ്ക്കണം. 2020 മെയ് 17 ന് വൈകീട്ട് 5 മണിക്ക് മുൻപായി മാസ്‌ക്കിന്റെ ഫോട്ടോ kshreemask20@gmail.com എന്ന മെയിലിൽ അയയ്ക്കണം.
കുടുംബശ്രീ സംരംഭക യൂണിറ്റുകൾക്കും അയൽക്കൂട്ട അംഗങ്ങൾക്കും 18 വയസ്സിന് മുകളിലുള്ള തൃശൂർ ജില്ലയിൽ സ്ഥിരതാമസക്കാരായ വനിതകൾക്കും മത്സരത്തിൽ പങ്കെടുക്കാം. മാസ്‌ക്കിനെ മനോഹരവും വൈവിധ്യ പൂർണ്ണവുമാക്കുന്നതിനായി ഫാബ്രിക് പെയിന്റിംഗ്, എംബ്രോയിഡറി, സ്‌ക്രീൻ പ്രിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, ഡിജിറ്റൽ പ്രിന്റിംഗ് തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്.
19 സെന്റീമീറ്റർ നീളവും 12 സെന്റീമീറ്റർ വീതിയുമുള്ള തുണി കൊണ്ട് തന്നെയായിരിക്കണം മാസ്‌ക് നിർമിക്കേണ്ടത്. വള്ളിയോ ഇലാസ്റ്റിക്കോ കെട്ടാൻ ഉപയോഗിക്കാം. മാസ്‌ക് നിർമ്മാണത്തിന്റെ വിവിധ ഘട്ടത്തിലുള്ള ഫോട്ടോകൾ മെറ്റീരിയൽ ഫോട്ടോകൾ – കട്ടിങ് ഫോട്ടോ, നിർമ്മാണം, മാസ്‌ക് ധരിച്ചിട്ടുള്ള ഫോട്ടോ എങ്ങനെ 5 ഫോട്ടോകൾ അയയ്ക്കണം.
ഫോട്ടോ അയയ്ക്കുമ്പോൾ കുടുംബാംഗങ്ങളോടൊപ്പം മാസ്‌ക് ധരിച്ച് നിൽക്കുന്ന സെൽഫി അയയ്ക്കണം. കൂടെ ഒരു അടിക്കുറിപ്പ് കൂടെ നൽക്കേണ്ടതാണ്. അടി കുറിപ്പിലൂടെ ‘കൊറോണ പ്രതിരോധം ഐക്യത്തിലൂടെ’ എന്ന അർത്ഥം പ്രതിപാദിക്കാൻ ശ്രദ്ധിക്കണം.
മത്സരത്തിൽ നിന്നും മൂന്ന് വിജയികളെ തിരഞ്ഞെടുക്കും. കൂടാതെ അഞ്ച് പേർക്ക് പ്രോത്സാഹന സമ്മാനവും നൽകും. വിജയികൾക്കുള്ള സമ്മാനവിതരണം ലോക് ഡൗൺ തീരുന്ന മുറയ്ക്ക് നടത്തും. മികച്ച മാസ്‌ക്കുകളുടെ ഫോട്ടോ കുടുംബശ്രീ ജില്ലാ മിഷൻ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്യും. ഓൺലൈനിൽ നിന്നോ, മറ്റു കടകമ്പോളങ്ങളിൽ നിന്നോ മാസ്‌ക് വാങ്ങി അയച്ചു തരുന്നവരെ മത്സരത്തിൽ അയോഗ്യരാക്കുമെന്നും ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,518,564Deaths: 525,223