1470-490

കോവിഡ് പ്രതിരോധം: മാതൃകയായി ടെലി കൗൺസിലിംഗ്

കോവിഡ് പ്രതിരോധം: മാതൃകയായി
കൊടുങ്ങല്ലൂർ നഗരസഭയുടെ ടെലി കൗൺസിലിംഗ്
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്തിന് മാതൃകയായി കൊടുങ്ങല്ലൂർ നഗരസഭയുടെ ടെലി കൗൺസിലിംഗ്. പിഎംഎവൈ പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് നൽകിയ ടെലി കൗൺസിലിങ്ങിനെയാണ് കേന്ദ്രഗവണ്മെന്റ് മികച്ച മാതൃകയായി വിലയിരുത്തി.
പിഎംഎവൈ പദ്ധതി പ്രകാരം വീടുകൾ നിർമ്മിച്ചുകൊണ്ടിരിക്കുന്ന നഗരസഭാ പരിധിയിലെ 1149 ഗുണഭോക്താക്കൾക്കാണ് ആദ്യ ഘട്ടത്തിൽ ടെലി കൗൺസിലിംഗ് നൽകിയത്. പിന്നീട് നഗരസഭയിലെ മുഴുവൻ വീടുകളിലേക്കും കരുതലിന്റെ ഫോൺ കോളുകൾ എത്തി.ഓരോരുത്തരെയും ഫോണിൽ വിളിച്ച് കോവിഡ് കാലത്തെ പ്രശ്നങ്ങൾ അന്വേഷിക്കുകയും പരിഹാരം നിർദേശിക്കുകയും അവർക്ക് ആവശ്യമായ മാനസിക പിന്തുണ നൽകുകയും ചെയ്യുക എന്നതായിരുന്നു ഇതുവഴി ലക്ഷ്യമിട്ടത്.
ഗുണഭോക്താക്കളെ നേരിട്ട് ഫോണിലൂടെ ബന്ധപ്പെട്ട് അവർ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസിക പ്രശ്‌നങ്ങൾ എന്താണെന്നു കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ പറഞ്ഞു. കേന്ദ്ര ഗവൺമെന്റ് ഈ പ്രവർത്തി അംഗീകരിച്ചു എന്നറിയുമ്പോൾ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയിലെ പിഎംഎവൈ സോഷ്യൽ ഡെവലപ്മെൻറ് അസിസ്റ്റൻറ് അരുണിന്റെ നേതൃത്വത്തിൽ അഞ്ചു പേരടങ്ങുന്ന ഒരു ടീമിനായിരുന്നു ടെലി കൗൺസിലിംഗ് ചുമതല.
ഓരോരുത്തരിൽ നിന്നും നല്ല രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നതെന്നു ടെലി കൗൺസിലർമാർ പറയുന്നു. ഒറ്റപ്പെട്ട് താമസിക്കുന്നവർക് ടെലി കൗൺസിലിംഗ് നൽകുമ്പോൾ അത് വളരെയേറെ സന്തോഷം നൽകുന്നു. ആരെങ്കിലും തങ്ങളെ വിളിക്കാനുണ്ടല്ലോ എന്ന നിലയിൽ അവരുടെ സന്തോഷം പങ്കുവെക്കാറുണ്ടെന്നും കൊടുങ്ങല്ലൂരുള്ള ടെലി കൗൺസിലർ ലിഷ പറഞ്ഞു. സ്‌നേഹത്തിന്റെ ഒരു കൈത്താങ്ങായാണ് ഈ പ്രവർത്തി ചെയ്യണുന്നതെന്നും അവർക്കു വേണ്ട ഒരു കരുതൽ നൽകാനാണ് ശ്രമിക്കുന്നതെന്നും ടെലി കൗൺസിലറായ ഇന്ദു പറഞ്ഞു. പ്രായമായവരെ വിളിക്കുമ്പോളാണ് കൂടുതൽ സന്തോഷമെന്നും അവർ കൂട്ടിച്ചേർത്തു. പലരും വീട്ടിൽ ഒറ്റക്കാണ്. പലവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്നവരും. അത് കൊണ്ട് തന്നെ മരുന്ന് തീർന്നു തുടങ്ങിയ ആശങ്കകളാണ് കൂടുതലായി പങ്കുവെക്കാറ് എന്നും ഇന്ദു പറയുന്നു. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ആശ വർക്കർമാരുമായി ബന്ധപ്പെട്ട് അവർക്കു മരുന്ന് സംഘടിപ്പിച്ചു കൊടുക്കുമെന്നും ഇന്ദു പറയുന്നു.
ടെലി കൗൺസിലിംഗ് നടത്തുന്നതിനായി പ്രത്യേക കോൾ സെന്റർ നഗരസഭയിൽ തയ്യാറാക്കിയിരുന്നു. ഇതിന്റെ ചിത്രവും വാർത്തയും തങ്ങളുടെ ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്തു കൊണ്ടാണ് കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന അർബൻ വിഭാഗം കൊടുങ്ങല്ലൂരിനെ അഭിനന്ദിച്ചത്. കേരളത്തിലെ പിഎംഎവൈയുടെ നോഡൽ ഏജൻസിയായ കുടുംബശ്രീ മിഷന്റെ നിർദ്ദേശപ്രകാരമാണ് ഗുണഭോക്താക്കൾക്ക് സഹായമെത്തിക്കാൻ നഗരസഭ തീരുമാനിച്ചത്.

Comments are closed.