1470-490

ആയിരം പൂർണ്ണ ചന്ദ്രൻമാരെ ദർശിച്ച സുകൃതവുമായി പ്രൊഫസർ പി.നാരായണൻ മേനോൻ.

ആയിരം പൂർണ്ണ ചന്ദ്രൻമാരെ ദർശിച്ച സുകൃതവുമായി പാഠഭേദങ്ങളുടെ പ്രൊഫസർ പി.നാരായണൻ മേനോൻ. മാതൃക അധ്യാപകൻ, ചരിത്രകാരൻ, എഴുത്തുക്കാരൻ, പൊതുപ്രവർത്തകൻ തുടങ്ങി സമസ്ത മേഖലകളിലും തന്റെ സാന്നിധ്യമറിയിച്ച പ്രൊഫസർ നാരായണ മേനോൻ മെയ് 12 ന് ശതാഭിഷിക്തനാകുകയാണ്.പ്രൈമറി സ്കൂൾ ഹെഡ്മാഷായിരുന്ന കാടുകുറ്റി കുതിരവട്ടത്ത് ഗോപാലമേനോൻ്റെയും, കൊരട്ടി ചിറ്റാരിക്കൽ പുത്തൻപുര കാർത്യായനി അമ്മയുടേയും മകനായി  1936ലായിരുന്നു പ്രൊഫസർ നാരായണ മേനോന്റെ ജനനം. വൈന്തല സ്കൂളിൽ നിന്നും പത്താം തരം പാസ്സായെങ്കിലും തുടർന്ന് പഠിക്കാൻ  പറ്റാത്ത സാഹചര്യത്തിൽ  ഗുരുനാഥനായ കോയിക്കൽ ജേക്കബ് മാസ്റ്ററുടെ നിർദ്ദേശാനുസരണം  മലയാളം സാഹിത്യവിശാരദ് കോഴ്സിന് ചേരുകയും നല്ല നിലയിൽ വിജയിക്കുകയും ചെയ്തു.  ഇതിനെ തുടർന്ന് 1954 ൽ തന്റെ 18ാം വയസ്സിൽ ആമ്പല്ലൂർ വെണ്ടൂർ പ്രൈമറി  സ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടു. ജോലിക്കൊപ്പം തന്നെപ്രൈവറ്റായി ഡിഗ്രിയും ബിഎഡും എടുത്ത ശേഷം മാഷ് കോഴിക്കോട് പെരാമ്പ്ര ഹൈസ്‌ക്കൂളിലേക്ക് മാറി. 1959 മുതൽ 1962 വരെ പേരാമ്പ്രയിലും 62 മുതൽ 68 വരെ ഫാക്ട് ഉദ്യോഗമണ്ഡൽ ഫാക്ട് സ്കൂളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. ഇതിനിടയിൽ 1967ൽ പ്രൈവറ്റായി പഠിച്ച് മലയാളം എം.എ.ഫസ്റ്റ് റാങ്കോടെ പാസ്സാകുകയും ചെയ്തു. തുടർന്ന് 1968ൽ കോളേജ് അധ്യാപകനായ മാഷ്, കുറച്ച് കാലം വടക്കാഞ്ചേരി വ്യാസ കോളേജിലും,തുടർന്ന് 1991ൽ വിരമിക്കുന്നതു വരെ  തൃശ്ശൂർ കേരളവർമ്മ കോളേജിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. അധ്യാപനത്തിനൊപ്പം തന്നെ നാരായണ മേനോൻ, പരിസ്ഥിതി സംരക്ഷണ, പൗരാവകാശ, ജനകീയ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.കേരളത്തിലുടനീളമുള്ള  ആക്ടിവിസ്റ്റുകളെ സംഘടിപ്പിക്കുന്നതിലും അവരുടെ മുഖപത്രമായി പാഠഭേദം മാസിക ആരംഭിക്കുന്നതിലും മാഷ്, മുഖ്യ പങ്കുവഹിച്ചു. കോവിലനുമായി ഉണ്ടായിരുന്ന സൗഹൃദം നാരായണ മോനോന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നതായിരുന്നു.1986 ൽ അരിയന്നൂരിൽ വെച്ച് നടത്തിയ ജനകീയ പ്രതിരോധ പ്രവർത്തകരുടെ സംസ്ഥാനാന്തര കൂടിച്ചേരൽ, സംസ്ഥാന തലത്തിൽ ആക്ടിവിസ്റ്റുകളുടേയും, പരിസ്ഥിതി, ജനകീയ പ്രതിരോധ പ്രവർത്തകരുടേയും ആദ്യസമാഗമമായിരുന്നു. കാൽ നൂറ്റാണ്ട് കാലം പാഠപുസ്തകമ്മിറ്റിയിൽ അംഗമായിരുന്ന നാരായണൻ മാഷ്കേരളത്തിലേയും, ലക്ഷദ്വീപിലേയും സ്കൂളുകളിലെ മലയാള  പാoപുസ്തകങ്ങൾ പരിഷ്ക്കരിക്കുന്നതിൽ സ്വന്തം കൈയൊപ്പ് ചാർത്തി. അധ്യാപനത്തിനോടുണ്ടായിരുന്ന അഭിനിവേശം മൂലം  വിരമിച്ച ശേഷം മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജ്, ഗുരുവായൂർ ആര്യഭട്ട, ശ്രീഹരി, കോപ്പറേറ്റീവ് കോളേജുകളിലും,തൃശൂർ പി.ജി സെൻ്റർ, മലയാള പഠന ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിലും അധ്യാപകനായി തുടർന്നു. നാല് പതിറ്റാണ്ടോളം നീണ്ട അധ്യാപന ജീവിതത്തിൽ നിരവധി ശിഷ്യസമ്പത്ത് നേടിയെടുക്കാനായാ താണ് മാഷിന് സന്തോഷമേക്കുന്നത്. രാഷ്ട്രീയ രംഗത്തും, സാംസ്കാരിക രംഗത്തും തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിച്ചവർ മാഷുടെ ശിഷ്യ ഗണത്തിലുണ്ട്. വാക്കുകൾ കൊണ്ട് വരച്ചിടനാകാത്ത അപൂർവ്വ വ്യക്തിത്വമായ പ്രൊഫസർ പി.നാരായണ മേനോൻ, ശതാഭിഷേകത്തിന്റെ നിറവിലെത്തി നിൽക്കുമ്പോൾ, ആഘോഷ ങൾ സംഘടിപ്പിക്കാനാകാത്തതിന്റെ സങ്കടത്തിലാണ് അദ്ദേഹത്തിന്റെ സൗഹൃദ വലയത്തിലുള്ളവരും, ശിഷ്യസമ്പത്തും. കൊറോണയുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾക്ക് ശേഷം ശിഷ്യരും സുഹൃത്തുക്കളും  ചേർന്ന്  പാഠഭേദങ്ങളുടെ പ്രഫസർ പി.നാരായണന് ആദരമർപ്പിക്കാനായി ഒത്തു ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്.  അറിവിന്റെ ഗിരിശൃംഖങ്ങൾ കിഴടക്കിയ ഗുരുനാഥൻ ശതാഭഷിക്തനാകുമ്പോൾ ഹൃദയപൂർവ്വമായ ആശംസകൾ നേരുകയാണ് പ്രിയപ്പെട്ട ശിഷ്യരും സുഹൃത്തുക്കളുമെല്ലാം

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0