രാജ്യത്ത് തീവണ്ടി സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യൻ റെയിൽവേ.

ന്യൂഡൽഹി: മേയ് 12 മുതൽ രാജ്യത്ത് തീവണ്ടി സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യൻ റെയിൽവേ. ആദ്യഘട്ടമെന്ന നിലയിൽ 15 സർവീസുകളാണ് ഉണ്ടാവുകയെന്ന് റെയിൽവേ പ്രസ്താവനയിൽ വ്യക്തമാക്കി. തിങ്കളാഴ്ച വൈകിട്ട് നാല് മണിമുതൽ ബുക്കിങ് ആരംഭിക്കും.
ന്യൂഡൽഹിയിൽനിന്ന് വിവിധ നഗരങ്ങളിലേയ്ക്കുള്ള സർവീസുകളാണ് ആരംഭിക്കുക. തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ, ദിബ്രുഗഢ്, അഗർത്തല, ഹൗറ, പറ്റ്ന, ബിലാസ്പുർ, റാഞ്ചി, ഭുവനേശ്വർ, സെക്കന്തരാബാദ്, മഡ്ഗാവ്, മുംബൈ സെൻട്രൽ, അഹമ്മദാബാദ്, ജമ്മുതാവി എന്നിവിടങ്ങളിലേയ്ക്കായിരിക്കും സർവീസ്.
പ്രത്യേക തീവണ്ടികൾ എന്ന നിലയിലായിരിക്കും തീവണ്ടികൾ സർവീസ് നടത്തുക. ഐആർസിടിസി വെബ്സൈറ്റിലൂടെ മാത്രമായിരിക്കും ടിക്കറ്റ് ബുക്കിങ്. സ്റ്റേഷനിൽനിന്ന് ടിക്കറ്റ് വിൽപന ഉണ്ടാവില്ല. കൺഫേം ആയ ടിക്കറ്റുകൾ ഉള്ളവർക്ക് മാത്രമാണ് റെയിൽവേ സ്റ്റേഷനിൽ പ്രവേശനം അനുവദിക്കുക.
കർശനമായ ആരോഗ്യപരിശോധന നടത്തിയ ശേഷമായിരിക്കും തീവണ്ടിയിൽ യാത്രക്കാരെ പ്രവേശിപ്പിക്കുക. യാത്രക്കാർ മാസ്ക് ധരിച്ചിരിക്കണം. കൈയിലുള്ള ബാഗുകൾ ഉൾപ്പെടെ പരിശോധിക്കും. കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും യാത്ര അനുവദിക്കുക.
Comments are closed.