1470-490

ചൂണ്ടൽ തോട് വൃത്തിയാക്കൽ പ്രവർത്തിക്ക് തുടക്കമായി

ചൂണ്ടൽ തോട് വൃത്തിയാക്കുന്ന പ്രവർത്തിക്ക് തുടക്കമായി. ചൂണ്ടൽ പഞ്ചായത്തും ചൂണ്ടൽ പാടശേഖര സമിതിയും ചേർന്നാണ് ചൂണ്ടൽ തോടിൻ്റെ മേലേക്കാവ് -പുഞ്ചാക്ക് – തായങ്കാവ് മേഖല വൃത്തിയാക്കുന്ന പ്രവർത്തിക്ക് തുടക്കം കുറിച്ചത്. മേഖലയിൽഏകദേശം ഒരു കിലോമീറ്ററോളം ദൂരമാണ് വ്യത്തിയാക്കുന്നത്. വെള്ളത്തിൻ്റെ സുഗമമായ ഒഴുക്കിന് വഴിയൊരുക്കുന്നതിനായുള്ള ജോലികളാണ് പുരോഗമിക്കുന്നത്.തോടിന്റെ ഇരുവശവും ഇടിഞ്ഞത് മൂലം,മണ്ണ് നിറഞ്ഞതിനാൽ ആഴം കറയുകയും, തോടിലൂടെ ഒഴുകി പോകേണ്ട വെള്ളം കൃഷിയിടത്തിലൂടെ ഒഴുകി പോകുന്ന സാഹചര്യമാണുണ്ടായിരുന്നത്. ഇത് മൂലം കൃഷി നശിക്കുന്നത് പതിവായിരുന്നു. കൂടാതെ വെള്ളപ്പൊക്കത്തിനും ഇത് കാരണമാകുന്ന സ്ഥിതിയായിരുന്നു. കഴിഞ്ഞ രണ്ട് പ്രളയത്തിലും മേഖലയിൽ വെള്ളം കയറിയതിന് പ്രധാന കാരണം തോടിൽ മണ്ണ് നിറഞ്ഞതായിരുന്നു. ഇതിന് പരിഹാരമെന്ന നിലയിലാണ് മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി തോട് വൃത്തിയാക്കുന്നതിന് തുടക്കം കുറിച്ചിട്ടുള്ളത്. തോട് വൃത്തിയാക്കുന്ന പ്രവൃത്തി നേരിട്ട് വിലയിരുത്തുന്നതിനും, തോട്ടിൽ നിന്നുള്ള മണ്ണ് മാറ്റി, വെള്ളത്തിന്റെ  സുഗമമായ ഒഴുക്ക് പൂർവ്വസ്ഥിതിയിലാക്കുന്നതിനെ കുറിച്ച് പരിശോധിക്കുന്നതിനുമായി പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീം, വാർഡ് മെമ്പർ ഷൈലജ പുഷ്പാകരൻ, ആസൂത്രണ സമിതി അംഗം വത്സൻ പാറന്നൂർ എന്നിവർ പാടശേഖരത്തിലെത്തി. കർഷകരുടെ സാന്നിധ്യത്തിൽ സംഘം തോടിന്റെ പ്രദേശങ്ങളിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.   പാടശേഖര കമ്മറ്റി ഭാരവാഹികളായ സി.എഫ്.ജോസ്, ജയകൃഷ്ണൻ നമ്പി, രമേഷ് ഇടവന എന്നിവരുടെ നേതൃത്വത്തിലാണ് തോട് വൃത്തിയാക്കുന്ന പ്രവർത്തി നടക്കുന്നത്.

Comments are closed.