1470-490

ഉത്തര്‍പ്രദേശിലേക്കുള്ള അതിഥി തൊഴിലാളികളുടെ ആദ്യ സംഘം യാത്രയാവുന്നു

തിരൂർ.ലോക് ഡൗണ്‍ കാരണം ജില്ലയില്‍ കഴിയുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള അതിഥി തൊഴിലാളികളുടെ ആദ്യ സംഘം മെയ് 11ന് സ്വന്തം നാട്ടിലേയ്ക്ക് മടങ്ങും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1,150 തൊഴിലാളികളാണ് മടങ്ങുന്നതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. തിരൂരില്‍ നിന്ന് വൈകീട്ടോടെയാണ് ഇവര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക തീവണ്ടി പുറപ്പെടുക. ജില്ലയില്‍ നിന്ന് നേരത്തെ ബിഹാറിലേയ്ക്കും മധ്യപ്രദേശിലേയ്ക്കും പ്രത്യേക തീവണ്ടികളില്‍ അതിഥി തൊഴിലാളികള്‍ മടങ്ങിയിരുന്നു.
സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ താൽപര്യമുള്ള തൊഴിലാളികളുടെ പട്ടിക പൊലീസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിരുന്നു. തിരൂര്‍ താലൂക്കില്‍ നിന്ന് 300, പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്ന് 150, കൊണ്ടോട്ടി താലൂക്കില്‍ നിന്ന് 300, തിരൂരങ്ങാടി താലൂക്കില്‍ നിന്ന് 400 പേരുമാണ് തിരിച്ചു പോകുന്നത്. വിവിധ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികളെ രാവിലെ ഏഴ് മണിയ്ക്ക് മുമ്പായി പ്രത്യേകം ഏര്‍പ്പെടുത്തിയ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ അതത് താലൂക്കുകളിലെ ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളില്‍ എത്തിക്കും.
തിരൂര്‍ താലൂക്കില്‍ പുത്തനത്താണി ബസ് സ്റ്റാന്റ്, തിരൂര്‍ ബസ് സ്റ്റാന്റ് എന്നിവയാണ് ആരോഗ്യ പരിശോധനാ കേന്ദ്രങ്ങള്‍. പെരിന്തല്‍മണ്ണ താലൂക്കിലുള്ളവര്‍ക്ക് മൗലാനാ ആശുപത്രിയ്ക്കു സമീപമുള്ള സെന്‍ട്രല്‍ ജി.എം.എല്‍.പി സ്‌കൂളിലും കൊണ്ടോട്ടി താലൂക്കില്‍ മേലങ്ങാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് ആരോഗ്യ പരിശോധന. തിരൂരങ്ങാടി താലൂക്കില്‍ തിരൂരങ്ങാടി ഗവ. ഹൈസ്‌കൂള്‍, വേങ്ങര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ രണ്ട് കേന്ദ്രങ്ങളിലും അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിശോധന നടക്കും.
പരിശോധന പൂര്‍ത്തിയാക്കിയ ശേഷം വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ ആരോഗ്യ ജാഗ്രത ഉറപ്പാക്കി കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ തിരൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയ്ക്കും. ഇതിനായി 30 കെ.എസ്.ആര്‍.ടി.സി ബസുകളാണ് സജ്ജമാക്കിയിരിക്കുന്നത്. അതിഥി തൊഴിലാളികളെ കൊണ്ടുപോകാന്‍ വേണ്ട മുന്നൊരുക്കങ്ങളെല്ലാം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ ഒരു കാരണവശാലും നേരിട്ട് റെയില്‍വെ സ്റ്റേഷനുകളില്‍ എത്തരുത്. ജില്ലാ ഭരണകൂടം യാത്രാ അനുമതി നല്‍കിയവരെ മാത്രമായിരിക്കും ഓരോ ഘട്ടങ്ങളിലും കൊണ്ടുപോവുക. നാട്ടിലേയ്ക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Comments are closed.